മെട്രോയിൽ വിദ്യാർഥികളോടൊപ്പമുള്ള ചിത്രവുമായി മോദി: ഞായറാഴ്ച് പ്രവർത്തിക്കുന്ന സ്കൂൾ ഏതെന്ന് യൂത്ത് കോൺഗ്രസ്
text_fieldsപൂനെ: പൂനെ മെട്രോ റെയിൽ ഉദ്ഘാടനത്തിന് പിന്നാലെ വിദ്യാർഥികളോടൊപ്പം യാത്രചെയ്യുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. യുവ സുഹൃത്തുക്കൾക്കൊപ്പം പൂനെ മെട്രോയിൽ എന്ന തലക്കെട്ടിലാണ് യൂനിഫോം ധരിച്ച ഏതാനും കുട്ടികളോടൊപ്പമുള്ള ചിത്രം മോദി ട്വിറ്ററിൽ പങ്കുവെച്ചത്.
ഞായറാഴ്ച ഏത് സ്കൂളാണ് പ്രവർത്തിക്കുന്നതെന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി ശ്രീനിവാസയുടെ മറുചോദ്യം ഉയർന്നതോടെ ഉത്തരം കിട്ടാതെ കുഴയുകയാണ് ബി.ജെ.പി പ്രവർത്തകർ.
ചിത്രങ്ങൾ ഇതിനോടകം ട്രോളുകളായി സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ച് കഴിഞ്ഞു. മാസ്ക് ധരിച്ചിരിക്കുന്ന വിദ്യാർഥികൾക്കിടയിൽ മാസ്ക് ധരിക്കാതെ ഇരിക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന് ഉത്തമ മാതൃകയാണെന്നും വിമർശനമുയർന്നു.
32.2 കിലോമീറ്റർ നീളമുള്ള പുനെ മെട്രോ റെയിൽ പദ്ധതിയുടെ 12 കിലോമീറ്ററാണ് പ്രവർത്തനസജ്ജമായത്. വനസ് മുതൽ ഗാർവെയർ കോളജ് മെട്രോ സ്റ്റേഷൻ, പി.സി.എം.സി മുതൽ ഫുഗേവാഡി മെട്രോ സ്റ്റേഷൻ എന്നിങ്ങനെ രണ്ട് റൂട്ടുകളിലാണ് ട്രെയിൻ സർവീസ്.
രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ട്രെയിനിൽ യാത്രക്ക് അനുമതിയുള്ളു.
11,400 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 2016 ഡിസംബർ 24നാണ് പ്രധാനമന്ത്രി പദ്ധതിക്ക് തറക്കല്ലിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.