സൂറത്തിൽ നടന്നതുപോലുള്ള തെരഞ്ഞെടുപ്പ് പാകിസ്താനിൽ പോലും നടക്കില്ല -ബി.വി. ശ്രീനിവാസ്
text_fieldsന്യൂഡൽഹി: സൂറത്തിൽ നടന്നതുപോലെ ജനധിപത്യത്തെ ഹനിക്കുന്ന തെരഞ്ഞെടുപ്പ് പാകിസ്താനിൽ പോലും നടക്കില്ലെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്. ഗുജറാത്തിലെ സൂറത്ത് ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന് മുമ്പേ നാടകീയമായി ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയം ഉറപ്പിച്ചതിനെ കുറിച്ച് സമൂഹമാധ്യമത്തിലാണ് ശ്രീനിവാസിന്റെ പ്രതികരണം.
കോൺഗ്രസ് സ്ഥാനാർഥിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും പത്രിക റദ്ദാക്കിച്ച ശേഷം ഏഴ് സ്വതന്ത്രരുൾപ്പെടെ, എട്ട് സ്ഥാനാർഥികളുടെയും പത്രിക പിൻവലിച്ചു. എല്ലാവരും പിൻവാങ്ങിയേതോടെ മത്സരത്തിൽ അവശേഷിച്ച ബി.ജെ.പി സ്ഥാനാർഥി വിജയിയാവുകയായിരുന്നു.
‘പാകിസ്താൻ തെരഞ്ഞെടുപ്പിൽ പോലും സൂറത്തിൽ നടന്നതുപോലെ ജനാധിപത്യത്തെ ഇങ്ങനെ കൊലപ്പെടുത്തി നഗ്നനൃത്തം ചവിട്ടില്ല. ആദ്യം കോൺഗ്രസ് സ്ഥാനാർഥിയുടെ നാമനിർദ്ദേശ പത്രിക റദ്ദാക്കി, പിന്നീട് കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർഥിയുടെ പത്രിക റദ്ദാക്കി, അതിനുശേഷം എല്ലാ സ്വതന്ത്ര സ്ഥാനാർഥികളെയും ഭീഷണിപ്പെടുത്തി അവരുടെ പത്രിക പിൻവലിപ്പിച്ചു. ഇങ്ങനെ ജനാധിപത്യത്തിന്റെ കഴുത്തുഞെരിച്ചാണ് ഭരണത്തിന്റെ ഹുങ്കിൽ ബി.ജെ.പി സ്ഥാനാർഥിയെ വിജയിപ്പിച്ചത്’ -ശ്രീനിവാസ് ചൂണ്ടിക്കാട്ടി.
സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി നീലേഷ് കുമ്പാനിയുടെ പത്രിക ജില്ല വരണാധികാരി ഞായറാഴ്ച തള്ളിയിരുന്നു. സ്ഥാനാർഥിയെ പിന്തുണച്ച് പത്രികയിൽ ഒപ്പിട്ട മൂന്ന് പേരിൽ ഒരാളെ പോലും ഹാജരാക്കാൻ സാധിക്കാതായതോടെയാണ് പത്രിക തള്ളിയത്. നീലേഷ് കുമ്പാനിയുടെ സഹോദരീ ഭർത്താവ് ജഗദീഷ് സവലിയ ഉൾപ്പെടെ പിന്തുണച്ച മൂന്നുപേരും ബാഹ്യസമ്മർദത്തെ തുടർന്ന് കാലുമാറുകയായിരുന്നു.
നീലേഷ് കുമ്പാനിയെ പിന്തുണച്ചിട്ടില്ലെന്നും പത്രികയിലെ തങ്ങളുടെ ഒപ്പുകൾ വ്യാജമാണെന്നും ആരോപിച്ച് ഇവർ മൂവരും സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. എന്നാൽ, മൂന്നുപേരെയും ചിലർ തട്ടിക്കൊണ്ടു പോയതാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതുസംബന്ധിച്ച് പൊലീസിൽ പരാതിയും നൽകി. മൂന്നുപേരും ഞായറാഴ്ചയോടെ വിശദീകരണം നൽകാൻ വരണാധികാരിക്കുമുന്നിൽ ഹാജരാകാത്തതിനെ തുടർന്ന് പത്രിക തള്ളി. ഇതിന് പിന്നാലെ മണ്ഡലത്തിലെ കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർഥി സുരേഷ് പാട്ശാലയുടെ പത്രികയും സമാന കാരണങ്ങളാൽ തള്ളി.
ഇതോടെ സൂറത്ത് ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഇല്ലാതായി. പിന്നാലെ, ബി.ജെ.പി ഒഴികെ മറ്റെല്ലാ സ്ഥാനാർഥികളും നാടകീയമായി പത്രിക പിൻവലിച്ചു. ഏഴ് സ്വതന്ത്രരും ബി.എസ്.പി സ്ഥാനാർഥി പ്യാരിലാൽ ഭാരതിയുമുൾപ്പെടെ ബാക്കി എട്ട് സ്ഥാനാർഥികളും പത്രിക പിൻവലിക്കുകയായിരുന്നു.
സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ പറഞ്ഞു. വരണാധികാരിയായ ജില്ല കലക്ടർ ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാലിന് എം.പി സർട്ടിഫിക്കറ്റ് കൈമാറിയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
കോൺഗ്രസ് സ്ഥാനാർഥികളെ തെരഞ്ഞെടുപ്പ് മത്സരത്തിൽനിന്ന് ഒഴിവാക്കാൻ ബി.ജെ.പി അധികാര ദുർവിനിയോഗം നടത്തുന്നുവെന്ന് കോൺഗ്രസ് ഗുജറാത്ത് അധ്യക്ഷൻ ശക്തിസിങ് ഗോഹിൽ ആരോപിച്ചു. നിയമപരമായി നേരിടുമെന്നും ഹൈകോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.