കസ്റ്റഡിയിൽ യുവാക്കൾ മരിച്ചു; കശ്മീരിൽ പ്രതിഷേധം ശക്തം
text_fieldsപൂഞ്ച്: കഴിഞ്ഞ ദിവസം അഞ്ച് സൈനികരെ ഭീകരർ കൊലപ്പെടുത്തിയതിന് പിന്നാലെ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ ജമ്മു-കശ്മീരിൽ പ്രതിഷേധം ശക്തം. ഊഹാപോഹം പ്രചരിക്കാതിരിക്കാനും ക്രമസമാധാനം സംരക്ഷിക്കാനും പൂഞ്ചിലും രജൗരിയിലും മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തിവെച്ചു. സൈനികർ വീരമൃത്യു വരിച്ചതുമായി ബന്ധപ്പെട്ട് സൈന്യം ചോദ്യംചെയ്യാനായി വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ബഫ്ലിയാസ് ഗ്രാമത്തിലെ സഫീർ ഹുസൈൻ (43), മുഹമ്മദ് ഷൗക്കത്ത് (27), ഷബീർ അഹമ്മദ് (32) എന്നിവരാണ് വെള്ളിയാഴ്ച ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പോസ്റ്റ്മോർട്ടത്തിനും മറ്റ് നിയമനടപടികൾക്കും ശേഷം മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായി അധികൃതർ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും നൽകുമെന്ന് സർക്കാർ അറിയിച്ചു.
മൂന്നു പേരെയും ദ്രോഹിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കാതിരിക്കാനാണ് മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തിയതെന്ന് അധികൃതർ പറഞ്ഞു. പ്രശ്നസാധ്യതയുള്ള മേഖലകളിൽ കൂടുതൽ പൊലീസിനെയും സൈന്യത്തെയും വിന്യസിച്ചു. സംഭവത്തിൽ വിവിധ പാർട്ടികൾ പ്രതിഷധപരിപാടികൾ നടത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത 15 പേരിൽ മൂന്ന് പേരെയാണ് ശരീരത്തിൽ മുറിവുകളോടെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് മുൻ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്റുമായ മഹ്ബൂബ മുഫ്തി പറഞ്ഞു. മൃതദേഹത്തിൽ പീഡന അടയാളങ്ങളുണ്ട്. 12 പേർ ചികിത്സയിലാണെന്നും മഹ്ബൂബ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ‘പുതിയ’ കശ്മീരിൽ സൈന്യത്തിനും നാട്ടുകാർക്കും രക്ഷയില്ലെന്നും മഹ്ബൂബ അഭിപ്രായപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക് 50 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അഞ്ചു ലക്ഷം വീതവും നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം വേണമെന്നും സുരക്ഷാസേനക്കെതിരെ കടുത്ത നടപടി വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ജമ്മു-കശ്മീർ അപ്നി പാർട്ടി പ്രസിഡന്റ് അൽതാഫ് ബുഖാരി ആവശ്യപ്പെട്ടു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഓൾ പാർട്ടീസ് ഹുർറിയത് കോൺഫറൻസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നാഷനൽ കോൺഫറൻസും അപ്നി പാർട്ടിയും പ്രതിഷേധ സമരവും നടത്തി.
വ്യാഴാഴ്ചയാണ് പൂഞ്ചിലെ സുരൻകോട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ധത്യാർ മോറിൽ ആയുധധാരികളായ നാല് ഭീകരർ രണ്ട് സൈനിക വാഹനങ്ങൾ ആക്രമിച്ചത്. അഞ്ച് സൈനികർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണശേഷം രണ്ട് സൈനികരുടെ മൃതദേഹം വികൃതമാക്കിയ ഭീകരർ, ആയുധങ്ങളും കൊണ്ടുപോയിരുന്നു. മരണത്തിൽ നടുക്കം രേഖപ്പെടുത്തിയ സി.പി.എം നേതാവ് യുസുഫ് തരിഗാമി, മരണത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരവും ജോലിയും നൽകുമെന്ന ഭരണകൂടത്തിന്റെ നിലപാട് കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള പ്രതിബദ്ധതയാണ് തെളിയിക്കുന്നതെന്ന് ഒരു ബി.ജെ.പി നേതാവ് പ്രതികരിച്ചു.
മരിച്ചവർ നിരപരാധികളാണെന്നും സൈന്യം മർദിച്ച് കൊലപ്പെടുത്തിയതാണെന്നും ബന്ധുവായ മുഹമ്മദ് സാദിഖ് പറഞ്ഞു. നടപടിയുണ്ടാകുമെന്ന് പൊലീസ് ഉന്നതർ ഉറപ്പുതന്നതിനാലാണ് മൃതദേഹം ഖബറടക്കാൻ സമ്മതിച്ചതെന്ന് സാദിഖ് പറഞ്ഞു. അന്യായമായ അറസ്റ്റിനെക്കുറിച്ച് പൊലീസിനെയും സർക്കാർ ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടും പ്രതികരണമുണ്ടായില്ല. പരിക്കേറ്റ് കൂടുതൽ പേർ സൈന്യത്തിന്റെ കസ്റ്റഡിയിലുണ്ടെന്നും സാദിഖ് കൂട്ടിച്ചേർത്തു. ജമ്മു ഡിവിഷനൽ കമീഷണർ രമേഷ് കുമാറും ഐ.ജി ആനന്ദ് ജയിനും പൂഞ്ചിൽ ക്യാംപ് ചെയ്ത് സ്ഥിതി വിലയിരുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.