ബി.ജെ.പി സർക്കാറിന് തൊഴിൽ നൽകാനാകില്ലെന്ന് യുവാക്കൾക്ക് മനസിലായി -പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: ബി.ജെ.പി സർക്കാറിന് തൊഴിൽ നൽകാനാകില്ലെന്ന് യുവാക്കൾക്ക് മനസിലായതായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യുവാക്കൾക്ക് ജോലി നൽകുന്നതിന് തന്‍റെ പാർട്ടിക്ക് കൃത്യമായ പദ്ധതിയുണ്ടെന്ന് തൊഴിലില്ലായ്മ വിഷയത്തിൽ കേന്ദ്രസർക്കാറിനെ വിമർശിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷനും (ഐ.എൽ.ഒ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്‌മെന്‍റും (ഐ.എച്ച്.ഡി) പുറത്തിറക്കിയ ഇന്ത്യ എംപ്ലോയ്‌മെന്‍റ് റിപ്പോർട്ട് 2024 ഉദ്ധരിച്ച്കൊണ്ട് ഇന്ത്യയിലെ മൊത്തം തൊഴിലില്ലാത്തവരിൽ 83 ശതമാനവും യുവാക്കളാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.
2000-ൽ മൊത്തം തൊഴിലില്ലാത്തവരിൽ അഭ്യസ്തവിദ്യരായ യുവാക്കളുടെ പങ്ക് 35.2% ആയിരുന്നു. 2022-ൽ ഇത് ഏതാണ്ട് ഇരട്ടിയായി 65.7% ആയി ഉയർന്നതായും പ്രിയങ്ക പറഞ്ഞു.
തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാറിന് കഴിയില്ലെന്നാണ് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറയുന്നത്. ഇതാണ് ബി.ജെ.പി സർക്കാറിന്‍റെ സത്യം -പ്രിയങ്ക പറഞ്ഞു.
പേപ്പർ ചോർച്ചക്കെതിരെ കോൺഗ്രസ് പുതിയ കർശന നിയമം കൊണ്ടുവരുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഒഴിവുള്ള 30 ലക്ഷം സർക്കാർ തസ്തികകൾ ഉടനടി നികത്തുമെന്ന ഉറപ്പിനെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. കോൺഗ്രസ് സർക്കാർ തൊഴിൽ വിപ്ലവത്തിലൂടെ രാജ്യത്തെ യുവാക്കളുടെ കരങ്ങൾ ശക്തിപ്പെടുത്തും. യുവാക്കളാണ് രാജ്യത്തിന്‍റെ ഭാവി. അവർ ശക്തരായാൽ രാജ്യം ശക്തമാകുമെന്ന ഉറപ്പും അവർ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.