സ്വാമി പ്രസാദ് മൗര്യക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞ് യുവാവ്; കയ്യേറ്റം ചെയ്ത് പ്രവർത്തകർ
text_fieldsലഖ്നൗ: സമാജ് വാദി പാർട്ടിയുടെ വിവാദ നേതാവ് സ്വാമി പ്രസാദ് മൗര്യക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞ് യുവാവ്. അഭിഭാഷക വേഷത്തിലെത്തിയ ആകാശ് സൈനി എന്ന യുവാവാണ് പാർട്ടിയുടെ ഒ.ബി.സി മീറ്റിങ്ങിനിടെ മൗര്യക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞത്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. ചെരുപ്പൂരിയെറിയുന്നതിന്‍റേയും യുവാവിനെ പ്രവർത്തകർ അക്രമിക്കുന്നതിന്‍റേയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പൊലീസ് നോക്കിനിൽക്കെയായിരുന്നു യുവാവിനെ പാർട്ടി പ്രവർത്തകർ മർദിച്ചത്.
ആരാണെന്നും മൗര്യക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്നും മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നുവെങ്കിലും ഉത്തരം പറയാൻ ശ്രമിക്കുന്നതിനിടെ പൊലീസ് യുവാവിനെ ഓട്ടോയിൽകയറ്റി കൊണ്ടുപോകുകയായിരുന്നു. അതേസമയം തനിക്ക് നേരെയുള്ള ആക്രമണം പരാജയപ്പെട്ടുവെന്നായിരുന്നു വിഷയത്തിൽ മൗര്യയുടെ പ്രതികരണം. "എനിക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞ് യുവാവ് നടത്താൻ ശ്രമിച്ച ആക്രമണം സമ്പൂർണ പരാജയമായിരുന്നു. യുവാവിനെ പിന്നീട് പ്രവർത്തകർ കയ്യേറ്റം ചെയ്യുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു" - മൗര്യ മാധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദു മതഗ്രന്ഥമായ രാമചരിതമാനസിനെ കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം പിടിച്ച വ്യക്തിയായിരുന്നു സ്വാമി പ്രസാദ് മൗര്യ. രാഷ്ട്രീയക്കാരും സ്വാമിമാരും ഉൾപ്പെടെ നിരവധി പേർ മൗര്യക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു. 2022ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പിയിൽ നിന്നും മൗര്യ സമാജ് വാദി പാർട്ടിയിൽ ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.