യൂത്ത് ലീഗ് ആന്ധ്രാ പ്രദേശ് ഘടകം നിലവിൽ വന്നു
text_fieldsഗുണ്ടൂർ: മുസ്ലിം യൂത്ത് ലീഗ് ആന്ധ്രാ പ്രദേശ് സംസ്ഥാന ഘടകം നിലവിൽ വന്നു. ആന്ധ്രാ പ്രദേശിൻ്റെ ചരിത്രത്തിലാദ്യമായാണ് മുസ്ലിം യൂത്ത് ലീഗിന് സംസ്ഥാന കമ്മിറ്റി രൂപീകരിക്കുന്നത്. ഗുണ്ടൂരിൽ നടന്ന യൂത്ത് ലീഗ് കൺെവൻഷൻ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. ആന്ധ്രാ പ്രദേശ് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡൻറ് അഡ്വ. ബഷീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അൽത്വാഫ് മുറാദി സ്വാഗതവും സ്വാഗത സംഘം കൺവീനർ ഫിർദൗസ് നന്ദിയും പറഞ്ഞു.
പത്താൻ അമാനുള്ള ഖാനെ (ഗുണ്ടൂർ) സംസ്ഥാന യൂത്ത് ലീഗ് പ്രസിഡൻറായും മുഹമ്മദ് റഹ്മത്തുല്ല ഷരീഫിനെ (ചിറ്റൂർ) ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. മാസൂം മസ്താൻ വലി (ദക്കാസം) ആണ് ട്രഷറർ. വൈസ് പ്രസിഡൻറുമാർ: മുഹമ്മദ് ആഗ അബ്ദുറബ്ബ്, അക്ബർ. സെക്രട്ടറിമാർ: മൗലാന അക്തർ ഇനാമുൽ ഹഖ്, മുഹമ്മദ് ഇസ്ഹാറുൽ ഹഖ്.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലൂടെ ജനാധിപത്യ ഇന്ത്യയുടെ അഖണ്ഡത ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിൽ മുസ്ലിം യൂത്ത് ലീഗ് ഉറച്ചു നിൽക്കുമെന്നും, ഈ പോരാട്ടത്തിൽ ആന്ധ്രയിലെ യുവാക്കളെക്കൂടി അണി നിരത്താനുള്ള ദൗത്യമാണ് മുസ്ലിം യൂത്ത് ലീഗ് ഏറ്റെടുക്കുന്നതെന്നും വി.കെ. ഫൈസൽ ബാബു പറഞ്ഞു.
ആന്ധ്രയിലെ 13 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. കൺവെൻഷനു ശേഷം ചേർന്ന പ്രഥമ സംസ്ഥാന കമ്മിറ്റി വിശദമായ കർമ്മ പദ്ധതി തയാറാക്കി. ആറ് മാസത്തിനകം എല്ലാ നിയോജക മണ്ഡലങ്ങളിലും യൂത്ത് ലീഗ് കമ്മിറ്റികൾ രൂപീകരിക്കുക എന്നതാണ് ലക്ഷ്യം. എല്ലാ ജില്ലകളിലും അടുത്ത മാസത്തോടെ ജില്ലാ കമ്മിറ്റികൾ നിലവിൽ വരും.
സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹാജ വലി, ട്രഷറർ മുഹമ്മദ് അലി, എം.എസ്.എഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുഹമ്മദ് അർഷദ് തമിഴ്നാട്, വനിതാ ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ. മുഹ്സിന ബീഗം, ജനറൽ സെക്രട്ടറി ഷബാന, പ്രസ് ഫോറം സംസ്ഥാന പ്രസിഡൻറ് കൃഷ്ണാഞ്ജലി, ഉലമ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഹാജി അബ്ദുൽ ഗഫാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.