വെറുപ്പിനെതിരായ സമരത്തിന് ആഹ്വാനം ചെയ്ത് യൂത്ത് ലീഗ് ചിന്തൻ മിലൻ; 2024ൽ ഇന്ത്യ തിരിച്ചു വരും- സാദിഖലി തങ്ങൾ
text_fieldsലോണാവാല (മഹാരാഷ്ട്ര ): വെറുപ്പിനെ പരാജയപ്പെടുത്തി യഥാർഥ ഇന്ത്യ തിരിച്ചുവരുന്നതിന് 2024 തെരഞ്ഞെടുപ്പിൽ രാജ്യം സാക്ഷിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലോണാവാലയിൽ നടക്കുന്ന യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ത്രിദിന ‘ചിന്തൻ മിലൻ’ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മതേതര ശക്തികളുടെ മടങ്ങിവരവ് ഉറപ്പാക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന സമരങ്ങളും ഇടപെടലുകളും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. യുവാക്കൾ രാഷ്ട്രീയത്തോട് അകലുന്ന കാലത്ത് ചുരുങ്ങിയ കാലം കൊണ്ട് യൂത്ത് ലീഗ് ദേശീയ തലത്തിൽ നേടിയ വളർച്ച പ്രശംസനീയമാണ്. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടാൻ സംഘടനക്ക് കഴിഞ്ഞതിന്റെ സാക്ഷ്യപത്രമാണ് ചിന്തൻ മിലൻ. 17 സംസ്ഥാനങ്ങളിലെ നേതാക്കളെ പങ്കെടുപ്പിച്ചുള്ള ചിന്തൻ മിലൻ കൂടുതൽ കരുത്തോടെ യൂത്ത് ലീഗിന് മുന്നോട്ടു പോകാൻ പ്രചോദനമാകുമെന്നും തങ്ങൾ പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.കെ. ഫൈസൽ ബാബു സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമർ, യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ, ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ. സുബൈർ, കേരള ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി, മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുറഹ്മാൻ , എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, വൈസ് പ്രസിഡന്റ് ഫർഹത് ശൈഖ് മുംബൈ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ട്രഷറർ അൻസാരി മദാർ നന്ദി പറഞ്ഞു.
‘ഇന്ത്യൻ ജനാധിപത്യത്തിലെ മുസ്ലിം പ്രാതിനിധ്യം വെല്ലുവിളികളും പരിഹാരവും’ എന്ന വിഷയത്തിൽ അബ്ദുറഹ്മാൻ ഐ.പി.എസ്, ‘വിദ്യാഭ്യാസം; ശാക്തീകരണം’ എന്ന വിഷയത്തിൽ സുബൈർ ഹുദവി, ‘ഏക സിവിൽ കോഡിലെ രാഷ്ട്രീയവും ഭരണഘടനയും’ എന്ന വിഷയത്തിൽ അഡ്വ. സയ്യിദ് മർസുഖ് ബാഫഖിയും സംസാരിച്ചു. വിവിധ സെഷനുകൾക്ക് ഷിബു മീരാൻ, അഡ്വ. അസറുദീൻ ചൗധരി, അഡ്വ. സർഫറാസ് അഹമ്മദ്, സികെ ശാക്കിർ, സജ്ജാദ് ഹുസൈൻ അക്തർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.