യു ട്യൂബ് തുണച്ചു; ഖൊംഡ്രാം വീടണഞ്ഞു
text_fieldsഇംഫാൽ: 40 വർഷം മുൻപ് കാണാതായ വ്യക്തി യൂ ട്യൂബ് വിഡിയോയിലൂടെ തിരിച്ചറിയപ്പെട്ടതിനെ തുടർന്ന് കുടുംബത്തിൽ തിരിച്ചെത്തി. 1978ൽ 26 വയസുള്ളപ്പോൾ മണിപ്പൂരിൽ നിന്ന് അപ്രത്യക്ഷനായ ഖൊംഡ്രാം ഗംഭീർ സിങ്ങിനാണ് യു ട്യൂബ് തുണയായത്.
സിങ്ങിെൻറ ഇളയ സഹോദരനാണ് ഇപ്പോൾ 66കാരനായ ജ്യേഷ്ഠനെ തിരിച്ചറിഞ്ഞത്. മുംബൈയിൽ പാട്ടുപാടി ഭിക്ഷതേടുന്ന ഒരാളുടെ വിഡിയോ കഴിഞ്ഞ ഒക്ടോബർ മുതൽ യൂ ട്യൂബിൽ വൈറലായിരുന്നു.
ഇത് യാദൃശ്ചികമായി കാണാനിടവന്ന ഖൊംഡ്രാം കുലചന്ദ്രയാണ് വീഡിയോയിലുള്ളത് തെൻറ ജ്യേഷ്ഠനാണെന്ന് തിരിച്ചറിയുന്നത്. ഇദ്ദേഹം ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും തുടർന്ന് പൊലീസ് മുംബൈയിൽ എത്തി ഖൊംഡ്രാം ഗംഭീർ സിങ്ങിനെ കണ്ടെത്തുകയുമായിരുന്നു.
ഒരു റെയിൽവേ സ്റ്റേഷന് സമീപത്താണ് ഇയാൾ അന്തിയുറങ്ങിയിരുന്നത്. ഫിറോസ് ശക്റി എന്ന ഫോേട്ടാഗ്രാഫറാണ് സിങ്ങിെൻറ വിഡിയോ ചിത്രീകരിച്ച് യൂ ട്യൂബിൽ പോസ്റ്റ് ചെയ്തത്.പഴയ ഹിന്ദി ഗാനങ്ങൾ പാടി ഭിക്ഷ ചോദിച്ചാണ് സിങ്ങ് മുംബൈയിൽ ഉപജീവനം നടത്തിയിരുന്നതെന്ന് ശക്റി വാർത്താ ഏജൻസിയോട് പറഞ്ഞു. സൈനികനായിരുന്ന താൻ വിവാഹശേഷം ജീവിതത്തിൽ മടുപ്പ് തോന്നിയാണ് നാടുവിട്ടതെന്നും ഇത്രയും വർഷങ്ങൾക്കുശേഷം കുടുംബത്തിൽ തിരിച്ചെത്തിയത് അവിശ്വസനീയമായി തോന്നുന്നുവെന്നും ഇംഫാലിലെത്തിയ സിങ്ങ് വാർത്താ ലേഖകരോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.