മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുടെ വീടിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം, യൂട്യൂബർ അറസ്റ്റിൽ
text_fieldsമഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്‌വാദിന്റെ വീടിന് മുന്നിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂട്യൂബർ 'ഹിന്ദുസ്ഥാനി ഭൗ' എന്ന വികാസ് ഫടക്കിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർഥികൾ ധാരാവിയിലെ മന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്.
മന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധം നടത്താന്‍ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകിയത് 41 കാരനായ വികാസ് ഫടക്കാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പൊലിസ് പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളോട് നിർദ്ദേശിക്കുന്ന ഒരു വീഡിയോ വികാസ് സാമൂഹ്യമാധ്യമത്തിൽ അപ്‌ലോഡ് ചെയ്തിരുന്നു.
കോവിഡിന്‍റെ സാഹചര്യത്തിൽ നിരുത്തരവാദപരമായ നിർദേശങ്ങൾ നൽകിയതിന് യൂട്യൂബർക്കെതിരെ നടപടിയെടുത്തതായി പൊലീസ് പറഞ്ഞു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇക്രാർ ഖാൻ വഖർഖാനെ എന്ന മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായ ഒത്തുചേരൽ, കലാപാഹ്വാനം, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ, ജീവന് അപകടകരമായ പകർച്ചവ്യാധി പടർത്താനുള്ള ശ്രമം തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം രണ്ട് പ്രതികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
മഹാരാഷ്ട്ര പോലീസ് ആക്ട്, ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, മഹാരാഷ്ട്ര പ്രിവൻഷൻ ഓഫ് ഡിഫേസ്മെന്റ് ഓഫ് പബ്ലിക് പ്രോപ്പർട്ടി ആക്റ്റ് എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്നലെ വിദ്യാർഥികൾ മന്ത്രിയുടെ വീടിനുള്ളിലേക്ക് കയറുന്നത് തടയാൻ ലാത്തിചാർജ് നടത്തേണ്ടി വന്നതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.