ഭാര്യയുടെ പ്രസവവും പൊക്കിൾകൊടി മുറിക്കലും യൂട്യൂബിൽ; പ്രമുഖ യൂട്യൂബർ ഇർഫാനെതിരെ കേസെടുത്തു
text_fieldsചെന്നൈ: തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ജെൻഡർ വെളിപ്പെടുത്തി ദുബൈയിൽ 'ജെൻഡർ റിവീൽ പാർട്ടി' നടത്തി വിവാദത്തിലായ പ്രമുഖ തമിഴ് യൂട്യൂബർ ഇർഫാനെ നിയമക്കുരുക്കിലാക്കി മറ്റൊരു വിവാദവും. ഇത്തവണ ഭാര്യയുടെ പ്രസവം ചിത്രീകരിക്കുകയും കുഞ്ഞിന്റെ പൊക്കിൾ കൊടി യൂട്യൂബർ തന്നെ കത്രിക കൊണ്ട് മുറിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവിട്ടത്.
ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസസ് (ഡി.എം.എസ്) ഇർഫാനും പ്രസവം നടന്ന ഷോളിംനല്ലൂരിലെ സ്വകാര്യ ആശുപത്രിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പിന്നാലെ വിവാദത്തിൽപ്പെട്ട വിഡിയോകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം കേസെടുത്തുവെന്നാണ് റിപ്പോർട്ട്.
കൃത്യമായി പരിശീലനം ലഭിച്ചവർ മാത്രം ചെയ്യുന്ന പൊക്കിൾക്കൊടി മുറിക്കൽ ഇദ്ദേഹത്തെ കൊണ്ട് ചെയ്യിച്ച ആശുപത്രി അധികൃതർ കാണിച്ചത് തികഞ്ഞ അനാസ്തയാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ മേഖലയിലുള്ളവർ തന്നെ രംഗത്തെത്തിയിരുന്നു.
ജൂലൈ 24നായിരുന്നു ഭാര്യയുടെ പ്രസവം. കഴിഞ്ഞ ദിവസമാണ് ഇർഫാൻ യൂട്യൂബ് ചാനലിലൂടെ വിഡിയോ പുറത്തുവിടുന്നത്. ഇർഫാൻ ഭാര്യയോട് സംസാരിക്കുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങളുണ്ടായിരുന്നു.
അതുപോലെ, പ്രസവ സമയത്ത് ഓപ്പറേഷൻ തിയേറ്ററിൽ കയറിയ യൂട്യൂബർക്ക് ഒരു ഡോക്ടർ ഒരു ജോടി കത്രിക എടുത്ത് ഇർഫാന്റെ കൈയിൽ നൽകുന്നതും അത് ഉപയോഗിച്ച് പൊക്കിൾ കൊടി മുറിച്ച് മാറ്റുന്നതും വീഡിയോയിൽ കാണാം. രണ്ട് ദിവസം കൊണ്ട് 14 ലക്ഷം പേരാണ് വിഡിയോ കണ്ടത്.
തമിഴ്‌നാട് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ആശുപത്രിക്കെതിരെ നടപടിയുണ്ടായേക്കും. വിദേശത്ത് നടത്തിയ പ്രെനറ്റൽ ടെസ്റ്റിന് ശേഷം ജനിക്കാനിരിക്കുന്ന കുഞ്ഞിൻ്റെ ലിംഗം വെളിപ്പെടുത്തി ഇർഫാൻ നേരത്തെ വിവാദത്തിൽ പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.