ഇന്ത്യക്കാരിയെ വിവാഹം ചെയ്ത ന്യൂസിലൻഡ് യൂട്യൂബർക്ക് വിസ വിലക്ക്; കാരണം ഇതാണ്
text_fieldsന്യൂഡൽഹി: ന്യൂസിലൻഡ് യൂട്യൂബർ കാൾ റോക്കിന് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഇന്ത്യയിലേക്ക് പ്രവേശനം വിലക്കിയതിന് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ത്യക്കാരിയെ വിവാഹം ചെയ്ത റോക്കിനെ വിസ നിബന്ധനകൾ ലംഘിച്ചുവെന്ന് കാണിച്ചാണ് ഇന്ത്യ കരിമ്പട്ടികയിൽ പെടുത്തിയതെന്ന് സർക്കാർ അറിയിച്ചു.
യാത്ര സുരക്ഷ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, തട്ടിപ്പുകൾ എങ്ങനെ ഒഴിവാക്കാം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് റോക്ക് വിഡിയോസ് നിർമിക്കുന്നത്. നിലവിൽ റോക്കിന്‍റെ ചാനലിന് 18 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ഡൽഹി സ്വദേശിയായ മനീഷ മാലിക്കിനെയാണ് 2019 ഏപ്രലിൽ ഇദ്ദേഹം വിവാഹം ചെയ്തത്.
'ദുബൈയിലും പാകിസ്താനിലും പോകാനായി ഞാൻ 2020 ഒക്ടോബറിൽ ഇന്ത്യ വിട്ടു. ന്യൂഡൽഹി വിമാനത്താവളം വഴി പോയപ്പോൾ അവർ എന്‍റെ വിസ റദ്ദാക്കി. എന്തുകൊണ്ടാണ് എന്‍റെ വിസ റദ്ദാക്കുന്നതെന്ന് അവർ എന്നോട് പറഞ്ഞില്ല. 269 ദിവസമായി ഞാൻ എന്‍റെ ഭാര്യയെ കണ്ടിട്ട്' - റോക്ക് കഴിഞ്ഞ ദിവസം പങ്കുവെച്ച യൂട്യൂബ് വിഡിയോയിൽ പറഞ്ഞു.
ദുബൈയിലെ ഇന്ത്യൻ ഹൈകമീഷണറാണ് കരിമ്പട്ടികയിൽ പെടുത്തിയ വിവരം അദ്ദേഹത്തെ അറിയിച്ചത്. കാരണം പറയാതെ കരിമ്പട്ടികയിൽ പെടുത്തിയെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡോനെ ടാഗ് ചെയ്ത ഒരു ട്വീറ്റിൽ റോക്ക് കുറിച്ചു.
അദ്ദേഹം ടൂറിസ്റ്റ വിസയിലെത്തി വ്യാപാരം നടത്തിയെന്നും മറ്റ് വിസ നിബന്ധനകൾ ലംഘിച്ചെന്നുമാണ് ആഭ്യന്തര മന്ത്രാലയം നൽകിയ വിശദീകരണം. എന്നാൽ 2019ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ റോക്ക് ട്വിറ്ററിലൂടെ പ്രതിഷേധിച്ചതിന്‍റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച ചില ട്വിറ്ററാറ്റികൾ കാരണമതാണെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെട്ടത് വിസ റദ്ദാക്കാനുള്ള കാരണങ്ങളിൽ ഒന്നാകാമെന്ന് അവർ പറയുന്നു.
രണ്ടുതവണ പ്ലാസ്മ ദാനം ചെയ്ത റോക്കിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ കെജ്രിവാൾ അഭിനന്ദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.