മുംബൈയിലെ 'വിജയ് പി. നായർ' അറസ്റ്റിൽ; പ്രതിയെ പിന്തുണച്ച് കങ്കണ
text_fieldsമുംബൈ: മാധ്യമപ്രവർത്തകൻ ചമഞ്ഞ് യൂട്യൂബിൽ നിരന്തരം സ്ത്രീകളെ അധിക്ഷേപിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
സാഹിൽ ചൗധരി എന്ന പേരിൽ അറിയപ്പെടുന്ന പ്രദീപ് മൊഹീന്ദർ ചൗധരിയാണ് അറസ്റ്റിലായത്. തൻെറ യൂട്യൂബ് ചാനലിൽ സുശാന്ത് സിങ് രാജ്പുത്തിൻെറ മരണമടക്കം നിരവധി വിഷയങ്ങളിൽ ഇയാൾ വിഡിയോകൾ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം അറസ്റ്റിലായ യൂട്യൂബർക്ക് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത് രംഗത്തെത്തി.
'മുംബൈയിൽ എന്താ ഗുണ്ടാരാജാണോ നടക്കുന്നത്? ലോകത്തിലെ ഏറ്റവും കഴിവില്ലാത്ത മുഖ്യമന്ത്രിയേയും സംഘത്തേയും ചോദ്യം ചെയ്യാൻ ആർക്കും കഴിയിേല്ല? അവർ ഞങ്ങൾക്കെതിരെ എന്ത് ചെയ്യും? ഞങ്ങളുടെ വീട്ടിൽ കയറി കൊന്ന് കളയുമോ? കോൺഗ്രസ് ഇതിന് ഉത്തരം നൽകണം.'- ഐ സ്റ്റാൻഡ് വിത്ത് സാഹിൽ ചൗധരി എന്ന ഹാഷ് ടാഗിനൊപ്പം കങ്കണ ട്വീറ്റ് ചെയ്തു.
'മഹാരാഷ്ട്ര സർക്കാറിനെ വിമർശിച്ചതിനെ തുടർന്ന് സാഹിലിനെ ജയിലിലാക്കി. സംവിധായകൻ അനുരാഗ് കശ്യപിനെതിരെ പായൽ പീഡന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും അയാൾ ഇപ്പോഴും സ്വതന്ത്രനായി കറങ്ങുകയാണ്'- കങ്കണ ചോദിച്ചു.
ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയായ പ്രതിയെ ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്ത് മുംബൈയിൽ എത്തിക്കുകയായിരുന്നു. മാധ്യമപ്രവർത്തകനല്ലെന്ന് തുറന്നു പറഞ്ഞ പ്രതി യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ കൂട്ടാനും ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഫോളോവേഴ്സിനെ ലഭിക്കാനും വേണ്ടിയാണ് ഇത്തരം വിഡിയോസ് അപ്ലോഡ് ചെയ്തതെന്ന് കുറ്റസമ്മതം നടത്തി.
യാതൊരു അടിസ്ഥാനവും ഇല്ലാതെ സുശാന്ത് കേസിലടക്കം നിരവധി വിഡിയോകളാണ് ഇയാൾ പങ്കുവെച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 509, 505 (2), 500, 501, 504, 34 വകുപ്പുകൾ പ്രകാരവും ഐ.ടി നിയമത്തിലെ 67ാം വകുപ്പ് പ്രകാരവുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.