തെലങ്കാന വാഴാൻ റെഡ്ഡി കുടുംബത്തിൽനിന്ന് അവൾ വരുന്നു...
text_fields
ഹൈദരാബാദ്: 2021 ഫെബ്രുവരി 20നായിരുന്നു, ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രിയുടെ മകൾ 47കാരിയായ വൈ.എസ്. ശർമിള തെലങ്കാനയിൽ പുതിയ പാർട്ടി രൂപവത്കരണത്തിന് രണ്ടാംവട്ട ചർച്ചകൾക്ക് തുടക്കമിടുന്നത്. ഒരു വയസ്സ് മൂത്ത സഹോദരൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി അയൽ സംസ്ഥാനമായ ആന്ധ്രപ്രദേശിൽ യുവജന ശ്രമിക റിഥു കോൺഗ്രസ് എന്ന പാർട്ടിക്ക് രൂപംനൽകി വിജയം വരിച്ചതിന്‍റെ ആവേശത്തിലാണ് തെലങ്കാനയിൽ 'വൈ.എസ്.ആർ ഭരണ ദർശനങ്ങളെ' സാക്ഷാത്കരിക്കാൻ ശർമിള ഒരുങ്ങുന്നത്.
2023 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ പ്രവേശം രാജകീയമാക്കലാണ് വൈ.എസ്.ആർ പുത്രിയുടെ ആദ്യ നടപടി. തെരഞ്ഞെടുപ്പിൽ ഒരു വശത്ത് കോൺഗ്രസും ബി.ജെ.പിയും മറുവശത്ത് തെലങ്കാന രാഷ്ട്ര സമിതിയും തമ്മിൽ ത്രികോണ മത്സരമാണ്. നിലവിെല ഭരണത്തോടുള്ള അസംതൃപ്തി കൂട്ടുപിടിച്ച് അധികാരം പിടിക്കാെമന്ന് ശർമിള കണക്കുകൂട്ടുന്നു. പിതാവിനോടുള്ള ഒടുങ്ങാത്ത ജനകീയ അഭിനിവേശവും തുണയാകും. 2009ൽ ഹെലികോപ്റ്റർ തകർന്നായിരുന്നു പിതാവിന്‍റെ ദാരുണ വിയോഗം. അതിപ്പോഴും പാവപ്പെട്ടവന്‍റെ മനസ്സിനെ മഥിക്കുന്ന ചിന്തയായി കിടപ്പുണ്ട്. ക്രിസ്ത്യൻ വോട്ടുകൾ പൂർണമായി ഒപ്പമുണ്ടാകും (സംസ്ഥാന ജനസംഖ്യയിൽ എട്ടു ശതമാനമാണ് ക്രിസ്ത്യൻ പ്രാതിനിധ്യം). കോൺഗ്രസ് നേതൃത്വത്തിൽ അജയ്യരായി വാണ റെഡ്ഡി കുടുംബത്തിലേറെയും ഒപ്പമുണ്ടാകുമെന്ന് ശർമിള കണക്കുകൂട്ടുന്നു.
പാർട്ടിയുടെ പേര് വൈ.എസ്.ആർ തെലങ്കാന കോൺഗ്രസ് എന്നാകാനാണ് സാധ്യത. തെലങ്കാനയിൽ 'ഉറങ്ങിപ്പോയ', സഹോദരന്‍റെ വൈ.എസ്.ആർ കോൺഗ്രസിൽ നിന്ന് നേരിയ വ്യത്യാസം. സംസ്ഥാനത്തിന്റെ പ്രത്യേക പദവിയോടുള്ള ഇഷ്ടക്കുറവും ആന്ധ്രപ്രദേശുമായി നദീജലം പങ്കിടുന്നതിലെ അഭിപ്രായ വ്യത്യാസവുമുൾപെടെ വിഷയങ്ങളിൽ വൈ.എസ്.ആർ കോൺഗ്രസ് നിലപാട് തെലങ്കാനയുടെ താൽപര്യങ്ങളെ മാനിക്കുന്നില്ലെന്നതാണ് പ്രശ്നം.
സഹോദരങ്ങൾക്കിടയിലെ പോരും പ്രധാന വിഷയമാണ്. 2019ൽ ജറൂസലം സന്ദർശനം കഴിഞ്ഞു മടങ്ങിയ ശേഷം ജഗനും ശർമിളയും മുഖാമുഖം കണ്ടിട്ടുപോലുമില്ല. വൈ.എസ്.ആർ കോൺഗ്രസിനും സഹോദരനും വേണ്ടി മുമ്പ് തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമായിരുന്നു ശർമിള. 2012-13 കാലത്ത് സി.ബി.ഐ, ഇ.ഡി വകുപ്പുകൾ എടുത്ത അഴിമതി/അനധികൃത ആസ്തി കേസിൽ ജഗൻ ജയിലിലായപ്പോൾ വിശേഷിച്ചും. കേസുകൾ ഇപ്പോഴും കോടതിയിൽ വിധി കാത്തുകിടപ്പാണ്. അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തപ്പെടാൻ സാധ്യതയും കൂടുതൽ. അങ്ങനെ സംഭവിച്ചാൽ, പാർട്ടി ചുമതല ഭാര്യ ഭാരതിക്ക് ലഭിക്കാനാണ് സാധ്യത. നിലവിൽ പാർട്ടി ചുമതലകളില്ലാത്ത ഭാരതി, തെലുഗു ദിനപത്രവും ടെലിവിഷൻ ചാനലുമായ സാക്ഷി ഉൾെപടെ കുടുംബ വ്യവസായത്തിൽ മാത്രമാണ് ശ്രദ്ധയൂന്നുന്നത്.
ജഗൻ 2012ൽ അറസ്റ്റിലായപ്പോൾ ശർമിള സഹോദരനു വേണ്ടി ഒരു പദയാത്ര നടത്തിയിരുന്നു. 2019 ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് അവർ മാത്രമല്ല, മാതാവ് വിജയമ്മയും വൈ.എസ്.ആർ.സിക്കായി സജീവ പ്രചാരണ രംഗത്തുണ്ടായിരുന്നു. എന്നാൽ, ആന്ധ്രപ്രദേശ് രാഷ്ട്രീയത്തിൽ ഇടമില്ലെന്ന് മനസ്സിലാക്കിയ ശർമിളയിപ്പോൾ തന്നെ വിളിക്കുന്നത്, 'തെലങ്കാനയുടെ മരുമകൾ' എന്നാണ്. ബ്രാഹ്മണ കുടുംബത്തിൽ പിറന്ന് ക്രിസ്ത്യനായി മാറിയ ഭർത്താവ് അനിൽ കുമാർ തെലുഗു സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ അറിയപ്പെട്ട സുവിശേഷ പ്രവർത്തകനാണ്, രാഷ്ട്രീയത്തിൽ ഒട്ടും സജീവമല്ല താനും.
എന്നാൽ, വൈ.എസ്.ആറിന്‍റെ പാത പിന്തുടർന്ന് ജന മനസ്സ് അറിയാൻ ശർമിള പദയാത്രയുമായി വീണ്ടും എത്തുമെന്നാണ് കണക്കുകൂട്ടൽ. പഴയ വൈ.എസ്.ആർ രണ്ടാംകിട നേതാക്കൾ പലരും രാഷ്ട്രീയത്തിൽ ഊഴം കാത്ത് തെലങ്കാനയിൽ ഉറക്കം കളഞ്ഞ് കാത്തിരിക്കുന്നുണ്ടെന്ന് അനുയായികൾ പറയുന്നു. അവർക്കു വേണേൽ ശർമിളയുടെ രാഷ്ട്രീയ സംരംഭത്തിന്‍റെ ഭാഗമാകാമെന്നാണ് വാഗ്ദാനം. 'രാജണ്ണ രാജ്യം തിരികെ കൊണ്ടുവരലാണ് എന്‍റെ ലക്ഷ്യം'- ഹൈദരാബാദിലെ വീട്ടിൽ തടിച്ചുകൂടിയ അനുയായികളോട് അവർ പറയുന്നു. പാർട്ടി പ്രതിനിധികളെ കണ്ട് ബോധ്യപ്പെടുത്തിയ ശേഷം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനാണ് ശ്രമം.
എന്നാൽ, അനിൽ കുമാറുമായി ചേർന്ന് 'മത പരിവർത്തനം സംഘടിപ്പിക്കുകയാണ്' ശർമിളയെന്നാണ് ചില എതിരാളികളുടെ ആക്ഷേപം. ഏപ്രിൽ 10ന് ഒരു യോഗം വിളിച്ചിട്ടുണ്ടെന്ന് വൈ.എസ്.ആർ.സി തെലങ്കാന മുൻ സംസ്ഥാന പ്രസിഡന്‍റായിരുന്ന കൊണ്ട രാഘവ റെഡ്ഡി പറയുന്നു. ജില്ലാതല നേതാക്കളുമായി അന്ന് ശർമിള ചർച്ച നടത്തും. തന്‍റെ പദ്ധതികൾ യോഗത്തിൽ ശർമിള വിശദീകരിക്കും. വൈ.എസ്.ആർ ജന്മദിന വാർഷികമായ ജൂെലെയിൽ പുതിയ പാർട്ടി രൂപവത്കരിക്കുമെന്ന പ്രഖ്യാപനവും അന്ന് ഉണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.