ജാതി സെൻസസ് ആവശ്യവുമായി ബിഹാറിന് പിന്നാലെ ആന്ധ്രയും
text_fieldsന്യൂഡൽഹി: ബിഹാറിൽ ജാതി അടിസ്ഥാനത്തിലുള്ള സാമ്പത്തിക സെൻസസ് ആരംഭിച്ചതിനു പിന്നാലെ രാജ്യവ്യാപകമായി നടത്തണമെന്ന ആവശ്യവുമായി ആന്ധ്രപ്രദേശും രംഗത്ത്. ചൊവ്വാഴ്ച ആരംഭിക്കുന്ന ബജറ്റ് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ തിങ്കളാഴ്ച പാർലമെന്റ് കോംപ്ലക്സിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് രാജ്യവ്യാപക ജാതി സെൻസസ് വേണമെന്ന ആവശ്യം ഉന്നയിച്ചത്.
ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി നിതീഷ് കുമാർ ബിഹാറിൽ ജാതി സെൻസസ് ആരംഭിച്ചിട്ടുണ്ട്. വൈ.എസ്.ആർ കോൺഗ്രസ് കൂടി വിഷയം ഉന്നയിച്ചതോടെ 10 വർഷത്തിലൊരിക്കൽ നടക്കേണ്ട സെൻസസ് പ്രവർത്തനങ്ങൾ അനന്തമായി നീണ്ടുപോകുന്നതിനിടെ ജാതി സെൻസസ് കുടി നടത്താൻ കേന്ദ്രത്തിന് മേൽ സമ്മർദമേറും.
സാമൂഹിക, വികസന സൂചകങ്ങളിൽ പിന്നാക്കം നിൽക്കുന്ന പിന്നാക്ക ജാതിക്കാരുടെ സാമ്പത്തിക സ്ഥിതി അറിയേണ്ടത് അത്യാവശ്യമാണെന്നും സർവകക്ഷി യോഗത്തിൽ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് വിജയസായി റെഡ്ഡി വ്യക്തമാക്കി. പിന്നാക്ക ജാതിക്കാർ മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്നുണ്ടെന്നും അവരുടെ സാമ്പത്തിക നില കണ്ടെത്താൻ ജാതി സെൻസസ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർവകക്ഷി യോഗത്തിൽനിന്നും കോൺഗ്രസ് വിട്ടുനിന്നു. എൻ.സി.പി, ടി.എം.സി, ആർ.ജെ.ഡി, ജെ.ഡി.യു, ഡി.എം.കെ, വൈ.എസ്.ആർ.കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ശിവസേന, ടി.ആർ.എസ്, നാഷനൽ കോൺഫറൻസ് അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികളും രാജ്നാഥ് സിങ്, പിയൂഷ് ഗോയൽ അടക്കമുള്ള കേന്ദ്ര മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.
ചൊവ്വാഴ്ച സംയുക്ത പാർലമെന്റ് സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനം ആരംഭിക്കും. സാമ്പത്തിക സർവേ തുടർന്ന് പാർലമെന്റിൽ വെക്കും. ബുധനാഴ്ച ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 14ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.