ആന്ധ്ര മന്ത്രിസഭ പുനഃസംഘടന; വൈ.എസ്.ആർ കോൺഗ്രസിൽ കലാപം
text_fieldsഅമരാവതി: ആന്ധ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചതിനുപിന്നാലെ ഭരണ കക്ഷിയായ വൈ.എസ്.ആർ കോൺഗ്രസിൽ വ്യാപക അതൃപ്തിയും പ്രതിഷേധവും. പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. പുതുതായി 25 മന്ത്രിമാരാണ് വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി സർക്കാറിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ 13 പേർ പുതുമുഖങ്ങളാണ്. ആദ്യ മന്ത്രിസഭയിലെ 11പേരെയും ഉൾപ്പെടുത്തി.
മുൻ ആഭ്യന്തര മന്ത്രി എം. സുചരിത, വീണ്ടും അവസരം നിഷേധിച്ചതിനെത്തുടർന്ന് എം.എൽ.എ സ്ഥാനം രാജിവെച്ചു. സത്യപ്രതിജ്ഞ നടക്കുന്ന വേളയിൽ അവർ ഗുണ്ടൂരിൽ പ്രവർത്തകരുടെ യോഗം വിളിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നുപറഞ്ഞ അവർ പാർട്ടിയിൽ തുടരുമെന്നും വ്യക്തമാക്കി. എന്നാൽ, ദലിത് സമുദായത്തിൽനിന്നുള്ള ടി. വനിതയെപ്പോലുള്ളവർക്ക് വീണ്ടും അവസരം നൽകിയപ്പോൾ, തന്നെ അവഗണിച്ചതിൽ അവർ കടുത്ത അതൃപ്തിയിലാണ്. മുൻ മന്ത്രി ബലിനേനി ശ്രീനിവാസ റെഡ്ഡിയും എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചു. ബലിനേനിയെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഓങ്കോളെയിലും പ്രകാശം ജില്ലയിലും പ്രവർത്തകർ റോഡ് ഗതാഗതം തടസ്സപ്പെടുത്തി. പ്രാദേശിക ഭരണസമിതിയിലെയും മുനിസിപ്പൽ കോർപറേഷനിലെയും ബലിനേനിയുടെ അനുയായികൾ രാജിഭീഷണി മുഴക്കി. മുഖ്യമന്ത്രിയുടെ ബന്ധു കൂടിയാണ് ബലിനേനി. മറ്റു ചിലരും പ്രതിഷേധവുമായി രംഗത്തുണ്ട്. അമരാവതിയിൽ നടന്ന ചടങ്ങിൽ ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദ്രൻ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇത്തവണയും ജഗൻ മോഹന് അഞ്ച് ഉപമുഖ്യമന്ത്രിമാരുണ്ട്. ഇതിലും സമുദായ സംതുലനമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. രണ്ടാം തവണയും ആഭ്യന്തരം നൽകിയത് ദലിത് സമുദായാംഗമായ വനിതക്കാണ്. തനേതി വനിതയാണ് ആഭ്യന്തര മന്ത്രി. നേരത്തെ ഇവർ വനിത ശിശു വികസന വകുപ്പ് മന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.