വൈ.എസ്.ആർ കോൺഗ്രസ് എൻ.ഡി.എയിലേക്ക്?
text_fieldsന്യൂഡൽഹി: കർഷക ബില്ലുകളിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ മുന്നണി വിട്ടതിനുപിന്നാലെ 22 എം.പിമാരുള്ള വൈ.എസ്.ആർ കോൺഗ്രസിനെ എൻ.ഡി.എയിലെത്തിക്കാൻ കരുക്കൾ നീക്കി ബി.ജെ.പി. ബി.ജെ.പി നേതൃത്വവുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുന്നതിനായി പാർട്ടി നേതാവ് വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി തിങ്കളാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയിട്ടുണ്ട്. മുന്നണിയിൽ ചേരുന്നതിനൊപ്പം കേന്ദ്ര മന്ത്രിസഭയിൽ ഒരു കാബിനറ്റ് മന്ത്രി സ്ഥാനവും ഒന്നോ രണ്ടോ സഹ മന്ത്രി സ്ഥാനവും വൈ.എസ്.ആർ കോൺഗ്രസിന് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി നേതാക്കളുമായും ജഗൻ മോഹൻ കൂടിക്കാഴ്ച നടത്തും. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായ ജഗൻ ഡൽഹിയിലെത്തുന്നത്. സെപ്റ്റംബർ 22ന് തലസ്ഥാനത്തെത്തിയ ജഗൻ അന്ന് അമിത് ഷായെ കണ്ട് മുന്നണി പ്രവേശനത്തിെൻറ കാര്യത്തിൽ പ്രാരംഭ ചർച്ചകൾ നടത്തിയതായാണ് വിവരം.
വൈ.എസ്.ആർ കോൺഗ്രസ്, എൻ.ഡി.എ മുന്നണിയിലും കേന്ദ്ര സർക്കാറിലും ചേരുന്നതിന് സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ, മുന്നണി പ്രവേശനത്തിെൻറ കാര്യത്തിൽ ഏറക്കുറെ തീരുമാനം ആയതായും വൈകാതെ അതുണ്ടാകുമെന്നും ജഗനോട് അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
ലോക്സഭയിലെ 22 എം.പിമാർക്കു പുറമെ രാജ്യസഭയിൽ ആറ് അംഗങ്ങളും പാർട്ടിക്കുണ്ട്. കഴിഞ്ഞ 16 മാസത്തിനിടെ, വൈ.എസ്.ആർ കോൺഗ്രസ് നിർണായക ഘട്ടങ്ങളിൽ എൻ.ഡി.എക്ക് നിരുപാധിക പിന്തുണയാണ് നൽകിയിട്ടുള്ളത്. ഏറ്റവുമൊടുവിൽ, വിവാദമായ കർഷക ബില്ലുകളിലും വൈ.എസ്.ആർ കോൺഗ്രസ് ബി.ജെ.പിയുമായി കൈകോർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.