പ്രശാന്ത് കിഷോറിനെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതിയുമായി വൈ.എസ്.ആർ കോൺഗ്രസ്
text_fieldsഅമരാവതി: രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതിയുമായി ആന്ധ്രയിലെ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് (വൈ.എസ്.ആർ.സി.പി). ആർ.ടി.വി ചാനലിലെ മാധ്യമപ്രവർത്തകൻ രവി പ്രകാശിനെതിരെയും പരാതി നൽകിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെയും ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിന്‍റെയും അഭിപ്രായ സർവേ ഫലം ചാനൽ പരിപാടിയിലൂടെ പുറത്തുവിട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വോട്ടെടുപ്പിന്‍റെ 48 മണിക്കൂർ മുമ്പുവരെയുള്ള സമയത്ത് വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള അഭിപ്രായ സർവേകൾ ഉൾപ്പെടെ പ്രസിദ്ധീകരിക്കരുതെന്നാണ് ചട്ടം.
ആന്ധ്രപ്രദേശിൽ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും ഇന്നാണ് നടന്നത്. തെലുഗു ചാനലായ ആർ.ടി.വിയിൽ മേയ് 12ന് രവി പ്രകാശ് നയിച്ച പരിപാടിക്കിടെ പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പ് ഫലപ്രവചനം നടത്തിയെന്നാണ് വൈ.എസ്.ആർ.സി.പിയുടെ പരാതി. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടിയായ വൈ.എസ്.ആർ.സി.പിക്ക് 175ൽ 51 സീറ്റ് മാത്രമേ ഇത്തവണ ജയിക്കാനാകൂവെന്നായിരുന്നു പ്രശാന്ത് കിഷോറിന്‍റെ നിരീക്ഷണം. അതേസമയം, വൈ.എസ്.ആർ.സി.പി 67 സീറ്റ് നേടുമെന്നും ടി.ഡി.പിയും ബി.ജെ.പിയും ചേർന്ന് 106 സീറ്റ് നേടുമെന്നുമുള്ള പ്രവചനം ചാനൽ നടത്തുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ ടി.ഡി.പി 15 സീറ്റ് നേടുമെന്നും വൈ.എസ്.ആർ.സി.പിക്ക് എട്ട് സീറ്റ് മാത്രമേ ലഭിക്കൂവെന്നും പ്രവചിക്കുകയും ചെയ്തു.
വോട്ടർമാരെ സ്വാധീനിക്കുക ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരത്തിൽ പ്രവചനം നടത്തിയതെന്ന് വൈ.എസ്.ആർ.സി.പി ആരോപിച്ചു. നിശ്ശബ്ദ പ്രചാരണ ദിവസം അഭിപ്രായ സർവെ പുറത്തുവിട്ടതിന് സമാനമാണ് ചാനലിൽ നടന്ന പ്രശാന്ത് കിഷോറിന്‍റെ അഭിമുഖ പരിപാടി. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടി.
വൈ.എസ്.ആർ കോൺഗ്രസും ടി.ഡി.പി-ജനസേന പാർട്ടി-ബി.ജെ.പി സഖ്യവും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ആന്ധ്രയിൽ. ജഗന്റെ സഹോദരിയും പാർട്ടി അധ്യക്ഷയുമായ വൈ.എസ്. ശർമിളയുടെ നേതൃത്വത്തിൽ നിയമസഭയിലും ലോക്സഭയിലും അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. കോൺഗ്രസും സി.പി.എമ്മും സി.പി.ഐയും സഖ്യമായാണ് മത്സരം.
2019 നിയമസഭ തെരഞ്ഞെടുപ്പിൽ 175 സീറ്റുകളിൽ 151 സീറ്റുകളും വിജയിച്ചാണ് വൈ.എസ്.ആർ കോൺഗ്രസ് അധികാരത്തിലെത്തിയത്. അന്ന് ഭരണകക്ഷിയായിരുന്ന ടി.ഡി.പിക്ക് 23 സീറ്റുകളാണ് ലഭിച്ചത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 22 സീറ്റിൽ വൈ.എസ്.ആർ കോൺഗ്രസാണ് വിജയിച്ചത്. മൂന്നു സീറ്റാണ് ടി.ഡി.പിക്ക് ലഭിച്ചത്. കോൺഗ്രസിനും ബി.ജെ.പിക്കും നിരാശ മാത്രമായിരുന്നു ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.