യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസ്: എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു
text_fieldsബംഗളൂരു: ദക്ഷിണ കന്നടയിലെ സുള്ള്യ ബെള്ളാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊല്ലപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചു. ബംഗളൂരുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് 20 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. ശത്രുക്കളെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് രഹസ്യ കൊലയാളി സംഘങ്ങൾക്ക് പോപുലർ ഫ്രണ്ട് രൂപം നൽകിയതായും സമൂഹത്തിൽ തീവ്രവാദ പ്രവർത്തനം ലക്ഷ്യമിട്ടും ജനങ്ങൾക്കിടയിൽ ഭീതിപരത്താനുമായാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഈ സംഘങ്ങൾക്ക് ആയുധങ്ങൾ നൽകുകയും ആക്രമണത്തിന് പരിശീലനം നൽകുകയും ചെയ്തു. 2047ഓടെ രാജ്യത്ത് ഇസ്‍ലാമിക ഭരണം നടപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രത്യേക സമുദായത്തിലെ അംഗങ്ങളെയും ചില ഗ്രൂപ്പുകളിലെ നേതാക്കളെയും പട്ടിക തയാറാക്കി നിരീക്ഷിക്കാനുള്ള പരിശീലനവും പ്രതികൾക്ക് നൽകിയെന്നും പോപുലർ ഫ്രണ്ടിന്റെ മുതിർന്ന നേതാക്കളുടെ നിർദേശപ്രകാരമായിരുന്നു ഇതെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.
പ്രത്യേക സമുദായത്തിലെ അറിയപ്പെടുന്ന നേതാവിനെ കണ്ടെത്താൻ ബംഗളൂരു നഗരത്തിലും സുള്ള്യയിലും ബെള്ളാരെയിലും ജില്ലാ സർവിസ് ടീം തലവനായ മുസ്തഫ പൈച്ചാറിന്റെ നേതൃത്വത്തിൽ യോഗം നടന്നു. നാലുപേരെ നിരീക്ഷിച്ച സംഘം പ്രവീൺ നെട്ടാരുവിനെ ലക്ഷ്യമിടുകയായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.
സുള്ള്യ കസബ സ്വദേശി മുഹമ്മദ് സിയാബ്, യെത്തിനഹോളെ സ്വദേശി അബ്ദുൽ ബഷീർ (29), പൽത്തടി പുത്തൂർ സ്വദേശി റിയാസ് (28), സുള്ള്യ കസബ ശാന്തിനഗർ സ്വദേശി മുസ്തഫ പൈച്ചാർ, (43), നെക്കിലടി സ്വദേശി കെ.എ. മസൂദ് (34), ബന്ത്‍വാൾ കൊടാജെ സ്വദേശി മുഹമ്മദ് ശരീഫ് (53), ബെള്ളാരെ സ്വദേശികളായ അബൂബക്കർ സിദ്ദീഖ് (38), എം. നൗഫൽ(38), കുഞ്ചിഗുഡ്ഡെ സ്വദേശികളായ ഇസ്മായിൽ ഷാഫി, കെ. മുഹമ്മദ് ഇഖ്ബാൽ, കല്ലട്ക മഞ്ചനടി സ്വദേശി എം. ഷഹീദ് (38), ബെള്ളാരെ സ്വദേശി മുഹമ്മദ് ഷഫീഖ് (28), സുള്ള്യ മസിടി സ്വദേശി അബ്ദുൽ കബീർ (33), സുള്ള്യ നെല്ലുരുകെമരാജെ സ്വദേശി മുഹമ്മദ് ഇബ്രാഹീം ഷാ (23), സുള്ള്യ നാവൂർ സ്വദേശി വൈ. സൈനുൽ ആബിദ് (23), ബെള്ളാരെ സ്വദേശി ശൈഖ് സദ്ദാം ഹുസൈൻ (28), പുത്തൂർ സാവനൂർ സ്വദേശി എ. സാക്കിർ (30), സുള്ള്യ ബെള്ളാരെ സ്വദേശി എൻ. അബ്ദുൽ ഹാരിസ് 40), കുടക് മടിക്കേരി സ്വദേശി എം.എച്ച്. തുഫൈൽ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
14 പേർ ഇതിനകം അറസ്റ്റിലായ കേസിൽ ആറുപേർ ഒളിവിലാണ്. മുസ്തഫ പൈച്ചാർ, മസൂദ്, മുഹമ്മദ് ഷരീഫ്, അബൂബക്കർ സിദ്ദീഖ്, ഉമർ ഫാറൂഖ്, തുഫൈൽ എന്നിവരാണ് ഒളിവിലുള്ളത്. മുഹമ്മദ് ശരീഫ്, കെ.എ. മസൂദ് എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ വീതവും മറ്റുള്ളവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 14 ലക്ഷം രൂപയും എൻ.ഐ.എ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രതികൾക്കെതിരെ യു.എ.പി.എ, ആയുധനിയമം എന്നിവ പ്രകാരവും കൊലപാതകത്തിനും ക്രിമിനൽ ഗൂഢാലോചനക്കും ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞവർഷം ജൂലൈ 26നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. എന്നാൽ, ജൂലൈ 21ന് ബെള്ളാരെയിൽ മസൂദ് (18), ജൂലൈ 28ന് സൂറത്കലിൽ മുഹമ്മദ് ഫാസിൽ (28) എന്നിവർ കൊല്ലപ്പെട്ട കേസുകളിൽ കർണാടക പൊലീസിന്റെ അന്വേഷണം ഇഴയുകയാണ്. പ്രവീണിന്റെ കുടുംബത്തിനെ മാത്രം സന്ദർശിക്കുകയും നഷ്ടപരിഹാരം കൈമാറുകയും ചെയ്ത കർണാടകയിലെ ബി.ജെ.പി സർക്കാറിന്റെ നടപടി കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.