യുവമോർച്ച നേതാവിന്റെ കൊല: നാല് പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 14ലക്ഷം പ്രതിഫലം പ്രഖ്യാപിച്ച് എൻ.ഐ.എ
text_fieldsമംഗളൂരു: ഭാരതീയ യുവമോർച്ച ദക്ഷിണ കന്നട ജില്ല സമിതി അംഗമായിരുന്ന പ്രവീൺ നെട്ടറു(32)വധക്കേസിലെ പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് മുതൽ അഞ്ചു വരെ ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ). നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകരാണ് പ്രതികൾ എന്ന് എൻ.ഐ.എ പുറത്തിറക്കിയ 'വാണ്ടഡ്' നോട്ടീസിൽ പറയുന്നു.
കേരളവുമായി അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ താലൂക്കിൽ ബല്ലാരെ ഗ്രാമത്തിലെ ബൂഡുവിൽ മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈജറു, കുടക് ജില്ലയിലെ മടിക്കേരി ഗഡ്ഢിഗെ മസ്ജിദിന് പിറകിൽ താമസിക്കുന്ന എം.എച്ച് തുഫൈൽ എന്നിവരെക്കുറിച്ച് വിവരം നൽകിയാൽ അഞ്ചു ലക്ഷം രൂപ വീതം, സുള്ള്യ ടൗൺ കല്ലുമട്ലുവിൽ എം.ആർ.ഉമർ ഫാറൂഖ്, സുള്ള്യ ബല്ലാരെയിലെ അബൂബക്കർ സിദ്ദീഖ് എന്ന ഗുജുരി സിദ്ദിഖ് എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതം എന്നിങ്ങനെയാണ് എൻ.ഐ.എയുടെ ഓഫർ. കഴിഞ്ഞ ജൂലൈ 26നാണ് പുത്തൂർ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാൻ നേരം ബൈക്കുകളിൽ എത്തിയ സംഘം പ്രവീണിനെ അക്രമിച്ച് കൊലപ്പെടുത്തിയത്.
മറ്റു രണ്ട് യുവാക്കൾ കൊല്ലപ്പെട്ടെങ്കിലും പോപുലർ ഫ്രണ്ട്, കേരള ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിക്കപ്പെട്ട പ്രവീൺ വധക്കേസ് മാത്രമാണ് കർണാടക സർക്കാർ എൻ.ഐ.എക്ക് കൈമാറിയത്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ യുവമോർച്ച അണികളുടെ രോഷം അടങ്ങിയിട്ടില്ല. പ്രതിഷേധം തണുപ്പിക്കാൻ പ്രവീണിന്റെ വിധവ നൂതൻ കുമാരിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ 30,350 രൂപ ശമ്പളത്തിൽ ജോലി നൽകി സെപ്റ്റംബർ അവസാനം സർക്കാർ ഉത്തരവിട്ടിരുന്നു. പ്രവീൺ വധത്തെത്തുടർന്ന് വീട്ടിൽ എത്തിയ മുഖ്യമന്ത്രി 25 ലക്ഷം രൂപ സർക്കാർ സഹായം കൈമാറുകയും ചെയ്തു.
എന്നാൽ ദക്ഷിണ കന്നട ജില്ലയിൽ സമകാലം കൊല്ലപ്പെട്ട മറ്റു രണ്ട് യുവാക്കളുടെ കുടുംബത്തോട് മുഖ്യമന്ത്രിയും സർക്കാറും നീതിപുലർത്തിയില്ലെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്. പ്രവീൺ കൊല്ലപ്പെട്ട ബെല്ലാരെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസർകോട് സ്വദേശി മസൂദ്(19)ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു. സംഘ്പരിവാർ പ്രവർത്തകരാണ് ഈ കേസിൽ പ്രതികൾ.
പ്രവീൺ വധിക്കപ്പെട്ട് 48 മണിക്കൂറിനകം മുഖ്യമന്ത്രി ദക്ഷിണ കന്നട ജില്ലയിൽ തങ്ങിയ സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുഹമ്മദ് ഫാസിൽ (23) കൊല്ലപ്പെട്ടു. ഈ കേസിലും സംഘ്പരിവാർ പ്രവർത്തകരാണ് പ്രതികൾ.ഈ രണ്ട് കുടുംബങ്ങളെയും കാണുകയോ സഹായം നൽകുകയോ ചെയ്യാത്ത മുഖ്യമന്ത്രി സന്ദർശിക്കും എന്ന വാഗ്ദാനം പോലും പാലിച്ചുമില്ല.
പ്രവീൺ വധക്കേസ് മുഖ്യ പ്രതികൾക്ക് നിർദ്ദേശങ്ങൾ ലഭിച്ചതും ഒളിവിൽ കഴിയാൻ സഹായം നൽകുന്നതും കേരളത്തിലാണെന്ന് കർണാടക ബി.ജെ.പി നേതാക്കളും പൊലീസും നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ മാസം ഹരിയാനയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തിൽ ആദ്യ ദിവസം കേരള മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.
പ്രതികളെ കണ്ടെത്താൻ ജനങ്ങളുടെ സഹായം ആവശ്യമാണെന്ന് എൻ.ഐ.എ നോട്ടീസിൽ പറഞ്ഞു.വിവരങ്ങൾ ബംഗളൂരുവിലെ എൻ.ഐ.എ സൂപ്രണ്ട് കാര്യാലയത്തിലാണ് അറിയിക്കേണ്ടത്.080-29510900,8904241100 എന്നീ നമ്പറുകളിലോ info.blr.nia@gov.in എന്ന മെയിൽ ഐഡിയിലോ വിവരം നൽകാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.