വിവാദ പരശുരാമ പ്രതിമയുടെ ഫോട്ടോയെടുത്ത യുവാവിന് നേരെ യുവമോർച്ച അക്രമം
text_fieldsമംഗളൂരു: കാർക്കള ഉമിക്കൽ മല തീം പാർക്കിലെ വിവാദ പരശുരാമൻ പ്രതിമയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ യുവമോർച്ച പ്രവർത്തകർ ആക്രമിച്ചതായി പരാതി. കാർക്കളയിലെ കെ.അൽബാസിനെയാണ്(26) ആക്രമിച്ചത്. അക്രമികൾ തെറിവിളിക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തതായി കാർക്കള പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പ്രതിമയുടെ ഉറപ്പ് അറിയണമെങ്കിൽ ചുറ്റികയുമായി വരാൻ ആക്രോശിച്ച് ഓടിച്ചു വിട്ടു.
‘വിനോദ സഞ്ചാര കേന്ദ്രമായ പാർക്കിൽ എത്തിയ താൻ മറ്റു ദൃശ്യങ്ങൾക്കൊപ്പം പ്രതിമയും പകർത്തുകയായിരുന്നു. ഇത് കണ്ട ബിജെപി യുവമോർച്ച നേതാക്കളായ സുഹാസ് മുട്ലപ്പാടി, രാകേഷ് കുക്കുണ്ടൂർ, രഞ്ജിത് കൗഡൂർ, വിഖ്യത്ത്മസ്ത ജാർക്കള എന്നിവരുടെ നേതൃത്വത്തിൽ സംഘം വളഞ്ഞ് തന്നെ വലിച്ചിഴച്ച് മർദിക്കുകയായിരുന്നു’ - യുവാവ് പറഞ്ഞു.
മുൻ മന്ത്രിയും കാർക്കള എംഎൽഎയുമായ ബി.ജെ.പിയിലെ വി.സുനിൽ കുമാറിനെതിരെ പരശുരാമൻ പ്രതിമയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് യുവമോർച്ച അക്രമം. വെങ്കലം എന്ന വ്യാജേന ഫൈബർ പ്രതിമ സ്ഥാപിച്ചു എന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.
ഹിന്ദുക്കളെ വഞ്ചിച്ച സുനിൽ കുമാർ എം.എൽ.എ സ്ഥാനം രാജിവെക്കണം എന്ന ആവശ്യവുമായി ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖും രംഗത്തുണ്ട്. 10 കോടി രൂപ സർക്കാർ ചെലവിൽ സ്ഥാപിച്ച പാർക്കിലെ പരശുരാമൻ പ്രതിമ അറ്റകുറ്റപ്പണികൾക്കായി എടുത്തു മാറ്റിയ അവസ്ഥയിലാണ് ഇപ്പോഴുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.