മഹാരാഷ്ട്രയിൽ യുവജനങ്ങൾ ബി.ജെ.പിയിൽനിന്ന് അകലുന്നു?; മുംബൈ സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് തൂത്തുവാരി യുവസേന
text_fields
മുംബൈ: മുംബൈയിൽ സർവകലാശാല സെനറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പി. ഫലം പുറത്തു വന്നപ്പോൾ സ്ഥിരമായി വിജയിച്ചു വന്ന സർവകലാശാലകളിലെ പ്രകടനം ആവർത്തിക്കാൻ എ.ബി.വി.പിക്ക് കഴിഞ്ഞില്ല. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, വിദ്യാർഥികൾ ഉൾപ്പെടുന്ന യുവജനങ്ങൾ തങ്ങളിൽനിന്ന് അകലുന്നുവെന്നത് ബി.ജെ.പിക്ക് നിരാശ സമ്മാനിക്കുന്ന വാർത്തയാണ്.
ആദിത്യ താക്കറെ നേതൃത്വം നൽകുന്ന ശിവസേനയുടെ വിദ്യാർഥി വിഭാഗമായ യുവസേന 10ൽ എട്ടു സീറ്റും തൂത്തുവാരി. യുവസേനയുടെ ഓപൺ കാറ്റഗറി സ്ഥാനാർഥിയായ പ്രദീപ് ബാലകൃഷ്‌ണ സാവന്ത് തുടർച്ചയായ മൂന്നാം വിജയം നേടി. അതേ വിഭാഗത്തിൽ 1,246 വോട്ടുകൾക്ക് മിലിന്ദ് സതം വിജയിച്ചപ്പോൾ വാഷിയിൽ നിന്നുള്ള അൽപേഷ് ഭോയർ 1,137 വോട്ടുകൾ നേടി വിജയിച്ചു. യുവസേനയുടെ ശശികാന്ത് സോറും ഹാട്രിക് വിജയം നേടി.
സംവരണ മണ്ഡലങ്ങളിൽ അഞ്ച് യുവസേന സ്ഥാനാർഥികളും വിജയിച്ചു. മുൻ സെനറ്റിന്റെ കാലാവധി 2022 ആഗസ്റ്റിൽ അവസാനിച്ചിരുന്നു. പിന്നീട് സെപ്റ്റംബർ 24ന് ആണ് മുംബൈ യൂനിവേഴ്സിറ്റി രജിസ്റ്റർ ചെയ്ത ഗ്രാജ്വേറ്റ്സ് മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ‘ഞങ്ങളുടെ സമീപനത്തിൽ ചില പിഴവുകൾ ഉണ്ടായി. തീർച്ചയായും ആത്മപരിശോധന നടത്തും’ - എ.ബി.വി.പി സംസ്ഥാന സെക്രട്ടറി സങ്കൽപ് ഫൽദേശായി പറഞ്ഞു. വിജയിച്ച സ്ഥാനാർഥികളെ അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.