ദ്രൗപതി മുർമുവിന് ഇസെഡ് പ്ലസ് സുരക്ഷ അനുവദിച്ച് കേന്ദ്രം, പിന്തുണ പ്രഖ്യാപിച്ച് ഒഡിഷ മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിന് സി.ആർ.പി.എഫ് കമാൻഡോകളുടെ ഇസെഡ് പ്ലസ് സുരക്ഷ അനുവദിച്ച് കേന്ദ്ര സർക്കാർ. ബുധനാഴ്ച പുലർച്ചെ മുതൽ മുർമുവിന്‍റെ സുരക്ഷ കമാൻഡോ സംഘം ഏറ്റെടുത്തതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. ദ്രൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർഥിയായി ബി.ജെ.പി ദേശീയ അധ്യക്ഷൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അവരുടെ സുരക്ഷ ചുമതല വഹിക്കാൻ സി.ആർ.പി.എഫിന്‍റെ വി.ഐ.പി പ്രൊട്ടക്ഷൻ ടീമിനെ കേന്ദ്രം നിയോഗിച്ചത്.
ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവിന് പിന്നാലെ ഒഡീഷ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർധസൈനിക വിഭാഗത്തിലെ 16 പേരടങ്ങുന്ന ഒരു സംഘം മുർമുവിന് സുരക്ഷാ നൽകാനുള്ള ചുമതല ഏറ്റെടുത്തു. സംസ്ഥാനത്തും രാജ്യത്തുമുടനീളം മുർമു എവിടെ യാത്ര ചെയ്താലും ഇനിമുതൽ സുരക്ഷ നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒഡിഷയിലെ അവരുടെ വസതിക്കും ഉദ്യോഗസ്ഥർ സുരക്ഷ നൽകും.
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് പിന്തുണ ലഭിക്കുന്നതിനായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയും എം.എൽ.എമാരെയും കാണുന്നതിന് മുർമു വിപുലമായൊരു യാത്ര നടത്തുമെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.
അതേസമയം ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.ഡി അധ്യക്ഷനും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക് രംഗത്തെത്തി. എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി മുർമുവിനെ നാമനിർദേശം ചെയ്തതിൽ സന്തോഷം പ്രകടിപ്പിച്ച പട്‌നായിക് ഇത് സംസ്ഥാനത്തെ ജനങ്ങൾക്ക് അഭിമാനകരമായ നിമിഷമാണെന്ന് പറഞ്ഞു. മുർമുവിന്‍റെ സ്ഥാനാർഥിത്വത്തെ കുറിച്ച് പ്രധാനമന്ത്രി ചർച്ച നടത്തിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിനായി മുർമു ഉജ്ജ്വല മാതൃക സൃഷ്ടിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.