കേന്ദ്രത്തിന് സാകിര്‍ നായിക്കിന്‍െറ തുറന്ന കത്ത്
text_fieldsമുംബൈ: തന്‍െറ സംഘടനയായ ഐ.ആര്‍.എഫിനെ (ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍) യു.എ.പി.എ ചുമത്തി അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി പ്രമുഖ ഇസ്ലാമിക പ്രഭാഷകന്‍ ഡോ. സാകിര്‍ നായിക്. കേന്ദ്രത്തിന് തുറന്ന കത്ത് എന്ന പേരില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം നിലപാടുകള്‍ വിശദീകരിക്കുന്നത്. തനിക്കെതിരെ കേസ് ചുമത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദ്യം ചെത്ത അദ്ദേഹം സംഘടനയെ നിരോധിച്ചതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും വ്യക്തമാക്കി.
ഐ.ആര്‍.എഫിനെ നിരോധിക്കാനുള്ള തീരുമാനം മാസങ്ങള്‍ക്ക് മുമ്പുതന്നെ ഭരണകൂടം കൈക്കൊണ്ടിരുന്നുവെന്ന് സാകിര്‍ നായിക് ആരോപിച്ചു. നോട്ട് അസാധു കാലത്തുതന്നെ നിരോധനം ഏര്‍പ്പെടുത്തിയത് വിഷയത്തില്‍ വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടാതിരിക്കാനാണ്. നിരോധന പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ഐ.ആര്‍.എഫിനെതിരെ യു.എ.പി.എ ചുമത്തി നിരോധിച്ചത് വലിയ വാര്‍ത്തയാക്കിയില്ല. ആരോപണവിധേയനായ തന്‍െറ ഭാഗത്തുനിന്ന് യാതൊരു വിശദീകരണവും തേടാതെ ഏകപക്ഷീയമായിട്ടെടുത്ത നടപടിയാണിത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാകും ഇത്.
താന്‍ മുസ്ലിം കാര്‍ഡ് കളിച്ചുവെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ 25 വര്‍ഷത്തെ തന്‍െറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായിട്ടും നിയമത്തിന് വിധേയമായിട്ടായിരുന്നു. എല്ലാ ആരോപണങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മറുപടി പറഞ്ഞതാണ്. അത് മാധ്യമങ്ങളില്‍ വന്നതുമാണ്. പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം പൂര്‍ണമായും കേള്‍ക്കാത്തതാണ് പല പ്രശ്നങ്ങളുടെയും കാരണമായി തോന്നുന്നത്. ആക്രമണങ്ങളെക്കുറിച്ചല്ല താന്‍ സംസാരിച്ചത്, മറിച്ച് സമാധാനത്തെക്കുറിച്ചാണ്. അതേസമയം, പലപ്രാവശ്യം ഭരണകൂട ഭീകരതയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
ഐ.ആര്‍.എഫ് പോലുള്ള സംഘടനകള്‍ക്കെതിരെ മാത്രം യു.എ.പി.എ ചുമത്തുന്നതിലും ദുരൂഹതയുണ്ട്. യോഗി ആദിത്യനാദ്, രാജേശ്വര്‍ സിങ്, സാധ്വി പ്രാചി തുടങ്ങിയവര്‍ നടത്തിയ അത്യന്തം പ്രകോപനപരമായ പ്രസംഗങ്ങള്‍ക്കെതിരെയൊന്നും നടപടിയെടുക്കുന്നില്ല. 2021 ഡിസംബര്‍ 31 ഇന്ത്യയിലെ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും അവസാന ദിനമാണെന്ന ടെലിവിഷന്‍ പ്രഭാഷണം നടത്തിയ രാജേശ്വര്‍ സിങ്ങിനെതിരെ എന്തുകൊണ്ട് ഈ നിയമം ചുമത്തുന്നില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വായ അടപ്പിക്കുന്നതിനാണോ ഈ നിയമമെന്നും അദ്ദേഹം ചോദിച്ചു.
മോദിയുടെ നോട്ട് അസാധു തീരുമാനം പോലെതന്നെ മണ്ടത്തരമാണ് ഐ.ആര്‍.എഫിനെ നിരോധിച്ചതും. പീസ് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ നിരോധനം ബാധിക്കില്ളെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, സ്കൂളിന്‍െറ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലായി പത്ത് കോടി ആളുകള്‍ തന്‍െറ പ്രഭാഷണങ്ങള്‍ കേള്‍ക്കാറുണ്ട്. അവിടെയെല്ലാം സമാധാനത്തിനും നീതിക്കും വേണ്ടിയാണ് സംസാരിച്ചത്. ഒരു നാള്‍ സത്യം പുറത്തുവരുമെന്നും മോദി സര്‍ക്കാര്‍ പുറത്താകുമെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.