രാഹുൽ ഗാന്ധി ഉദയ്പൂർ കൊലയാളികളെ പിന്തുണച്ചെന്ന വ്യാജ വാർത്ത; മാപ്പുപറഞ്ഞ് സീ ന്യൂസ്
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി ഉദയ്പൂർ കൊലയാളികളെ പിന്തുണച്ചെന്ന വ്യാജ വാർത്ത റിപ്പോർട്ട് ചെയ്ത് സീ ന്യൂസ് മാപ്പ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് സീ ന്യൂസ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. ഇന്നലെ ഡി.എൻ.എ ഷോയിൽ രാഹുൽ ഗാന്ധിയുടെ ഉദയ്പൂർ സംഭവവുമായി ബന്ധപ്പെടുത്തിയത് മനുഷ്യസഹചമായ പിഴവ് മാത്രമാണെന്ന് സീ ന്യൂസ് അവതാരകൻ ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ബന്ധപ്പടുത്തി വ്യാജ വിഡിയോ പ്രചരിപ്പിച്ച സീ ന്യൂസ് വാർത്ത അവതാരകനും, ബി.ജെ.പി ദേശീയ വക്താവ് രാജ്യവർധൻ റാത്തോഡിനുമെതിരെ ജയ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ഇവർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വ്യക്തിയെ മനഃപൂർവം അപമാനിക്കുക, ഭീഷണിപ്പെടുത്തുക, മതത്തിന്‍റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക എന്നിവ പ്രകാരം കോൺഗ്രസിന്‍റെ പ്രാദേശിക നേതാവ് രാം സിങ് ബാൻപാർക്ക് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ചാനലിനെ വിമർശിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് നടപടി.
രാഹുൽ ഗാന്ധി കേരള സന്ദർശനത്തിനിടെ എസ്.എഫ്.ഐക്ക് നേരെ നടത്തിയ പ്രസ്താവന സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജൻ തന്‍റെ വാർത്ത പരിപാടിയിൽ ഉദയ്പൂർ കൊലപാതകത്തെ കുറിച്ചുള്ള രാഹുലിന്‍റെ പ്രസ്താവനയായി വരുത്തി തീർക്കാൻ ശ്രമിച്ചെന്ന് പരാതിക്കാരൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.