ബാന്ദ്രയിൽ സഹതാപ പ്രതീക്ഷയുമായി സീഷാൻ സീദ്ദീഖി
text_fieldsമുംബൈ: നഗരത്തിലെ പ്രധാന നിയമസഭ സീറ്റുകളിൽ ഒന്നാണ് ബാന്ദ്ര ഈസ്റ്റ്. 2008ലെ മണ്ഡല പുനഃക്രമീകരണംവരെ കോൺഗ്രസ് തട്ടകമായിരുന്നു. തൊട്ടടുത്ത (2009ലെ) തെരഞ്ഞെടുപ്പ് മുതൽ ശിവസേനയുടെ കോട്ടയായി അത് മാറി. 2019ൽ സീഷാൻ സിദ്ദീഖിയിലൂടെ കോൺഗ്രസ് ബാന്ദ്ര ഈസ്റ്റ് തിരിച്ചുപിടിച്ചെങ്കിലും ഇത്തവണ അത് എം.വി.എ സഖ്യകക്ഷിയായ ഉദ്ധവ് പക്ഷത്തിന് വിട്ടുകൊടുക്കേണ്ടിവന്നു. സീഷാൻ സിദ്ദീഖിയാകട്ടെ മഹായുതി സഖ്യകക്ഷിയായ അജിത് പവാർ പക്ഷ എൻ.സി.പിയിൽ ചേർന്ന് അവരുടെ സ്ഥാനാർഥിയായി. ഉദ്ധവ് താക്കറെയുടെ ഭാര്യാസഹോദര പുത്രനും യുവസേന നേതാവുമായ വരുൺ സർദേശായിയാണ് എം.വി.എ സ്ഥാനാർഥി. ഇരുവരും 30കളിലെത്തിയ യുവപോരാളികൾ. 2015ലെ ഉപതെരഞ്ഞെടുപ്പിൽ ശിവസേന ടിക്കറ്റിൽ മണ്ഡലത്തിൽ ജയിച്ച തൃപ്തി സാവന്ത് ഇത്തവണ രാജ് താക്കറെയുടെ എം.എൻ.എസ് ടിക്കറ്റിൽ മത്സരിക്കുന്നു. ത്രികോണ പോരിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.
2019ൽ സിറ്റിങ് എം.എൽ.എയായ തൃപ്തി സാവന്തിന് ടിക്കറ്റ് നിഷേധിച്ചതിനെതുടർന്ന് ശിവസേനയിലുണ്ടായ ഉൾപോരാണ് കന്നിയങ്കത്തിൽതന്നെ സീഷാൻ സിദ്ദീഖിയുടെ വിജയത്തിന് വഴിതെളിച്ചത്. 5,790 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. കോൺഗ്രസിലെ മുസ്ലിം മുഖവും ബോളിവുഡ് താരങ്ങളുടെ തോഴനുമായ പിതാവ് ബാബ സിദ്ദീഖിയുടെ പിൻബലവും സീഷാനെ തുണച്ചു. ഇത്തവണ പിതാവില്ല. ഒക്ടോബർ 12ന് രാത്രി സീഷാന്റെ ഓഫിസിനടുത്തുവെച്ച് അധോലോകക്കാരുടെ വെടിയേറ്റ് അദ്ദേഹം മരിച്ചു. മരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് അദ്ദേഹം കോൺഗ്രസ് വിട്ട് അജിത് പക്ഷത്ത് ചേർന്നിരുന്നു. പാർട്ടിയിൽ തുടർന്ന സീഷാനെ രാജ്യസഭ തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിന്റെ പേരിൽ കോൺഗ്രസ് പിന്നീട് പുറത്താക്കി.
മുസ്ലിം, ഉത്തരേന്ത്യൻ വോട്ടുകളുള്ള ബാന്ദ്രയിൽ സഹതാപവോട്ടുൾ സീഷാനെ തുണക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെയും കുടുംബത്തിന്റെയും വോട്ട് ഈ മണ്ഡലത്തിലാണ്. ഉദ്ധവ് പക്ഷത്തിന്റെ അണിയറനീക്കങ്ങളിൽ സജീവമായിരുന്നു വരുൺ. സർവകലാശാല തെരഞ്ഞെടുപ്പുകളിൽ യുവസേനയുടെ വിജയം നെയ്ത തന്ത്രജ്ഞൻ. ആദ്യമായാണ് നേരിട്ട് തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നത്. രണ്ട് ശിവസേനകൾക്കിടയിൽ ആരുടെ വോട്ടിലാണ് തൃപ്തി സാവന്ത് വിള്ളൽവീഴ്ത്തുക എന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.