38 ഭാര്യമാര്‍, 89 മക്കൾ- ലോകത്തിലെ 'ഏറ്റവും വലിയ' കുടുംബനാഥന്‍ അന്തരിച്ചു
text_fieldsഐസോൾ: ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്‍റെ ഗൃഹനാഥനായി അറിയപ്പെട്ടിരുന്ന മിസോറാമിലെ സിയോണ ചന അന്തരിച്ചു. 76 വയസ്സായിരുന്നു. അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. വീട്ടിൽ ചികിത്സയിലിരിക്കുന്നതിനിടെ സ്ഥിതി വഷളായതിനെ തുടർന്ന് ഐസോളിലെ ട്രിനിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മിസോറാം മുഖ്യമന്ത്രി സോറാംതാങ്കയാണ് സിയോണയുടെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളും ഉൾപ്പെടുന്നതാണ് ചനയുടെ കുടുംബം. ലോകശ്രദ്ധ നേടിയിരുന്ന ചനയുടെ വലിയ കുടുംബം മിസോറാമിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു.
'ദുഃഖഭാരത്തോടെയുള്ള മനസ്സോടെ മിസോറാം സിയോണ ചനക്ക് വിട നൽകുന്നു. 38 ഭാര്യമാരും 89 മക്കളുമുള്ള അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്‍റെ ഗൃഹനാഥനായിട്ടാണ് അറിയപ്പെടുന്നത്. മിസോറമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ബാക്തോങ് മാറാൻ കാരണം ചനയുടെ വലിയ കുടുംബമാണ്. ശാന്തനായി വിശ്രമിക്കൂ സർ'- മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
'സിയോണ ചനക്ക് പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നു. മൂന്ന് ദിവസമായി ബാക്തോങിലെ വസതിയിൽ ചികിത്സയിലായിരുന്നു. സ്ഥിതി വഷളായപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു' -ട്രിനിറ്റി ആശുപത്രി ഡയറക്ടർ പറഞ്ഞു.
ചന എന്ന ഉപഗോത്രത്തിന്‍റെ തലവൻ കൂടിയാണ് സിയോൺഖാക്ക എന്നറിയപ്പെടുന്ന സിയോണ. ബഹുഭാര്യാത്വം അനുവദിക്കുന്ന ചന ഗോത്രത്തിൽ 400ഓളം കുടുംബങ്ങളുണ്ട്. 1945 ജൂലായ് 21-നാണ് സിയോണയുടെ ജനനം. 17 വയസുള്ളപ്പോൾ തന്നെക്കാൾ മൂന്ന് വയസ്സ് കൂടുതലുള്ള സ്ത്രീയുമായായിരുന്നു ആദ്യവിവാഹമെന്ന് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് ഭാര്യമാരുടെയും മക്കളുടെയും എണ്ണം കൂടിയതോടെ കുടുംബം വളർന്നു.
ബാക്തോങ് തലാങ്നുവാമിലെ ഗ്രാമത്തിലെ 'ന്യൂ ജനറേഷൻ ഹോം' എന്നറിയപ്പെടുന്ന നൂറിലേറെ മുറികളുള്ള നാലുനില വീട്ടിലാണ് സിയോണയുടെ കുടുംബം താമസിക്കുന്നത്. സിയോണയുടെ മുറിയോടുചേർന്ന ഡോർമിറ്ററിയിലാണ് ഭാര്യമാരുടെ താമസം. വീട്ടിലെ പല മുറികളിലായി മക്കളും കൊച്ചുമക്കളും താമസിക്കുന്നു. ഇവരുടെ താമസവും ഒരൊറ്റ അടുക്കളയിലെ പാചകവും നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2011ലും 2013ലും 'റിപ്ലീസ് ബിലീവ് ഇറ്റ് ഒർ നോട്ട്' പരിപാടിയിൽ ഈ കുടുബം ഇടംപിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.