മദ്യം വീട്ടിലെത്തിക്കാൻ പദ്ധതിയുമായി സൊമാറ്റോ; ശിപാർശ സമർപ്പിച്ചു
text_fieldsന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ മദ്യം വീടുകളിൽ എത്തിച്ചു നൽകാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി വാർത്ത റിപ്പോർട്ട് ചെയ്തു. ഉയരുന്ന ആവശ്യകതയും കടുത്ത നിയന്ത്രണങ്ങളും ബീവറേജ് ഔട്ട്ലറ്റുകളിൽ േലാക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് മദ്യവിൽപന നടത്താനുള്ള ബുദ്ധിമുട്ടും നേരിടുന്ന സാഹചര്യത്തിലാണ് സൊമാറ്റോ മദ്യം വീട്ടിലെത്തിച്ചു നൽകാനുള്ള ശിപാർശ സമർപ്പിച്ചത്.
ഇൻറർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഐ.എസ്.ഡബ്ല്യു.എ.ഐ)ക്ക് ആണ് സൊമാറ്റോ ഫുഡ് ഡെലിവറി സി.ഇ.ഒ മോഹിത് ഗുപ്ത ശിപാർശ സമർപ്പിച്ചത്. സാങ്കേതികവിദ്യയുടെ പിൻബലത്തോടെയുള്ള ഹോം ഡെലിവറി ഉത്തരവാദിത്തമുള്ള മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് മോഹിത് ഗുപ്ത ശിപാർശയിൽ പറയുന്നു.
നിലവിൽ ഇന്ത്യയിൽ മദ്യം വീടുകളിൽ എത്തിച്ചു നൽകാൻ നിയമ വ്യവസ്ഥയില്ല. ഐ.എസ്.ഡബ്ല്യു.എ.ഐ സൊമാറ്റോയും മറ്റുള്ളവരുമായും ചേർന്ന് വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഭക്ഷ്യ വിഭവങ്ങളുടെ വിതരണ കമ്പനിയായ സൊമാറ്റോ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സാധന സാമഗ്രികളുടെ വിതരണത്തിലേക്കും കടന്നിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി റസ്റ്ററൻറുകൾ അടച്ചിടേണ്ടി വന്നതും കോവിഡ് ഭീതി മൂലം പുറത്തു നിന്ന് ഭക്ഷണം വാങ്ങാൻ ആളുകൾ മടിച്ചതും മൂലമാണ് ഈ നീക്കമുണ്ടായത്.
മാർച്ച് 25 മുതൽ രാജ്യത്ത് മദ്യഷോപ്പുകൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ഈ ആഴ്ച ചിലയിടങ്ങളിൽ വീണ്ടും തുറന്നുവെങ്കിലും സാമൂഹ്യ അകലമൊക്കെ മറന്ന് നൂറ് കണക്കിനാളുകൾ തടിച്ചുകൂടുന്ന സ്ഥിതിവിശേഷമാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.