മുംബൈ വിറങ്ങലിച്ച ‘കറുത്ത വെള്ളി’
text_fields
മുംബൈ: ഇരുപത്തിനാല് വർഷം മുമ്പ്, 1993 മാർച്ച് 12ന് വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ സ്ഫോടനത്തിൽ ഞെട്ടിത്തരിച്ചത്. മഹാനഗരത്തിലെ 12 ഇടങ്ങളിലാണ് ഉച്ച 1.30നും വൈകീട്ട് 3.40നും ഇടയിൽ സ്ഫോടനങ്ങൾ നടന്നത്. നഗരം ഇന്നും ഞെട്ടലോടെ മാത്രം ഒാർക്കുന്ന ആ ദിനത്തിൽ ഉച്ചക്ക് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് പാർക്കിങ് ബേസ്മെൻറിലേക്ക് ഒരു കാർ എത്തി. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ, 1.30ന് കാറിലുണ്ടായിരുന്ന ഡിറ്റണേറ്ററുകളുടെ സ്പാർക്കിൽ ആർ.ഡി.എക്സ് പൊട്ടിത്തെറിച്ചു. മുംബൈ മാത്രമല്ല, രാജ്യം ഒന്നാകെ നടുങ്ങിവിറച്ച സ്ഫോടന പരമ്പരയുടെ തുടക്കമായിരുന്നു ഇത്. 28 നിലകളുള്ള സ്േറ്റാക്ക് എക്സ്ചേഞ്ചിലെ സ്ഫോടനത്തിൽ 84 പേർ കൊല്ലപ്പെട്ടു. സമീപത്തെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
പിന്നീട് ഒന്നിന് പിറകെ ഒന്നായി കാത്ത ബസാർ, ദാദറിൽ സേന ഭവന് സമീപത്തെ ലക്കി പെട്രോൾ പമ്പ്, വർളി സെഞ്ചുറി ബസാറിൽ പാസ്പോർട്ട് ഒാഫിസിന് എതിർവശം, മാഹിമിലെ ഫിഷർമെൻ കോളനി, നരിമാൻ പോയൻറിലെ എയർ ഇന്ത്യ കെട്ടിടത്തിെൻറ ബേസ്മെൻറ്, സാവേരി ബസാർ, ബാന്ദ്രയിലെ ഹോട്ടൽ സീ റോക്ക്, ദാദറിലെ പ്ലാസ തിയറ്റർ, ജുഹുവിലെ സെൻടോർ ഹോട്ടൽ, സഹാറ വിമാനത്താവളം, എയർപോർട്ട് സെൻടോർ ഹോട്ടൽ എന്നിവിടങ്ങളിലും സ്ഫോടനങ്ങളുണ്ടായി.
സ്ഫോടനത്തിന് ഉപയോഗിച്ചത് ഭൂരിഭാഗവും കാർ ബോംബുകളായിരുന്നു. ചില ബോംബുകൾ വെച്ചത് സ്കൂട്ടറുകളിലാണ്. ഹോട്ടൽ സീ റോക്ക്, ഹോട്ടൽ ജുഹു സെൻടോർ, ഹോട്ടൽ എയർപോർട്ട് സെൻടോർ എന്നിവിടങ്ങളിൽ സ്യൂട്ട്കേസ് േബാംബുകളാണ് ഉപയോഗിച്ചത്. താമസക്കാരെന്ന വ്യാജേന മുറികൾ ബുക്ക് ചെയ്ത് അവിടെ സ്യൂട്ട്കേസ് വെക്കുകയായിരുന്നു. സെഞ്ചുറി ബസാറിൽ ജീപ്പ് ബോംബാണ് പൊട്ടിയത്. സഹാറ വിമാനത്താവളത്തിലേക്ക് ഗ്രനേഡുകൾ എറിഞ്ഞു. ഒരു ഡബ്ൾ ഡക്കർ ബസിലുണ്ടായ സ്ഫോടനമാണ് ഏറ്റവും ജീവഹാനിയുണ്ടാക്കിയത്. ഇൗ സംഭവത്തിൽ ഏതാണ്ട് 90 പേർ മരിച്ചു. ആർ.ഡി.എക്സ് ഉപയോഗിച്ച് നടത്തിയ തുടർച്ചയായ സ്ഫോടനങ്ങളിൽ 257 പേർ കൊല്ലപ്പെടുകയും 713 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 25 കോടിയുടെ നഷ്ടമാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.