ആർ.എസ്.എസ് പരിപാടിയിൽ രാഹുൽ പങ്കെടുക്കുമെന്നത് ഊഹാപോഹം -കോൺഗ്രസ്
text_fieldsന്യൂഡൽഹി: പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കുമെന്നത് ഊഹാപോഹം മാത്രമെന്ന് കോൺഗ്രസ്. പരിപാടിയെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വിയാണ് ഇക്കാര്യം പറഞ്ഞ്. ഊഹപോഹങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് താൻ ഉത്തരം പറയില്ല. പുറത്തുവരുന്ന വാർത്തകൾ ഭാവനാസൃഷ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
പരിപാടിയിൽ പങ്കെടുക്കുന്നതിനെ സംബന്ധിച്ച് തങ്ങൾക്ക് ക്ഷണക്കത്തൊന്നും ലഭിച്ചിട്ടില്ല. ക്ഷണം ലഭിച്ചാൽ ഇക്കാര്യത്തിൽ കൃത്യമായ പ്രതികരണം നൽകുമെന്നും സിങ്വി വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്ക് ആർ.എസ്.എസ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചുവെന്ന തരത്തിൽ കഴിഞ്ഞ ദിവസമാണ് വാർത്തകൾ പുറത്തുവന്നത്. സെപ്റ്റംബറിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് രാഹുലിനെ ആർ.എസ്.എസ് ക്ഷണിച്ചതെന്നായിരുന്നു വാർത്ത.
കോൺഗ്രസ് അധ്യക്ഷനെ കൂടാതെ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളും സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും അടക്കമുള്ളവർ സെപ്റ്റംബർ 17 മുതൽ 19 വരെയുള്ള പരിപാടിയിലെ ക്ഷണിതാക്കളാണ്. 'ദ ഇന്ത്യ ഒാഫ് ദ ഫ്യൂച്ചർ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത് ഉൽഘാടനം ചെയ്യുമെന്നും ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
നേരത്തെ, നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിേലക്ക് മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയെ ക്ഷണിച്ചതും അദ്ദേഹം ക്ഷണം സ്വീകരിച്ചതും രാജ്യത്ത് വലിയ വാർത്തകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.