അലപ്പോയിലെ ഉപരോധം ഭേദിച്ചെന്ന് വിമതര്‍
text_fieldsഡമസ്കസ്: സിറിയയിലെ അലപ്പോയില്‍ സര്‍ക്കാര്‍ അനുകൂല സൈന്യം തിരിച്ചടി നേരിടുന്നതായി റിപ്പോര്‍ട്ട്. ജൂലൈ 17നാണ് അലപ്പോക്ക് ചുറ്റും സൈന്യം ഉപരോധം ആരംഭിച്ചത്. ഉപരോധം ഭേദിച്ചതായി വിമതരുടെ സഖ്യമായ ജയ്ശുല്‍ ഫത്തഹ് അവകാശപ്പെട്ടു. ഉപരോധം ഭേദിച്ചതിനു പിന്നാലെ കിഴക്കന്‍ അലപ്പോയില്‍ ജനങ്ങള്‍ ആഹ്ളാദപ്രകടനവുമായി തെരുവിലിറങ്ങിയതിന്‍െറ ചിത്രങ്ങള്‍ വിമതര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
അലപ്പോയിലെ സൈനികത്താവളത്തിന്‍െറ നിരവധി കെട്ടിടങ്ങള്‍ വിമത പോരാളികള്‍ തകര്‍ത്തതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍റൈറ്റ്സ് തലവന്‍ റാമി അബ്ദുറഹ്മാന്‍ പറഞ്ഞു. ഉപരോധം ഭേദിച്ചെങ്കിലും നഗരത്തില്‍നിന്ന് സിവിലിയന്മാരില്‍ ഒരാള്‍പോലും പുറത്തുകടന്നിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, വിമതരുടെയും എസ്.ഒ.എച്ച്.ആറിന്‍െറയും വാദങ്ങള്‍ സിറിയന്‍ സര്‍ക്കാര്‍ തള്ളി.
റഷ്യയുടെ പിന്തുണയോടെ സൈന്യം വിമതരെ ഒതുക്കിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ സന സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബില്‍ സൈന്യം ആശുപത്രിക്കുനേരെ വ്യോമാക്രമണം നടത്തി. സംഭവത്തില്‍ മൂന്നു കുട്ടികളും നാലു സ്ത്രീകളുമടക്കം 10 പേര്‍ കൊല്ലപ്പെട്ടു. ജൂലൈ മുതല്‍ സിറിയയില്‍ ആശുപത്രികള്‍ക്കുനേരെ ആക്രമണം വര്‍ധിച്ചതായും ദിനംപ്രതി ഒന്നിലധികം ആശുപത്രികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും സിറിയന്‍ മെഡിക്കല്‍ സൊസൈറ്റി പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.