വിഭജനത്തിന്‍െറ മുറിവുണങ്ങും മുമ്പ് വംശീയ സംഘര്‍ഷത്തിലേക്ക്
text_fieldsരണ്ടു പതിറ്റാണ്ടിലേറെ നീണ്ട ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കുശേഷം 2011 ജൂലൈ ഒമ്പതിനാണ് ദ. സുഡാന്‍ എന്ന രാജ്യം യാഥാര്‍ഥ്യമായത്. ഏറ്റവും വലിയ ആഫ്രിക്കന്‍ രാജ്യമായ സുഡാനെ വിഭജിച്ചാണ് ദ. സുഡാന്‍ രൂപംകൊള്ളുന്നത്. ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ ബാക്കിവെച്ചായിരുന്നു ആ സ്വാതന്ത്ര്യ പ്രഖ്യാപനം. ആ അനിശ്ചിതത്വങ്ങള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷവും മാറ്റമില്ലാതെ തുടരുന്നുവെന്നതാണ് രാജ്യത്തുനിന്നുള്ള പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. സുഡാന്‍െറ വിഭജനത്തിന് സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ടെങ്കിലും അത്രതന്നെ പ്രധാനമാണ് ദ. സുഡാന്‍െറ പിറവിയിലേക്ക് നയിച്ച ‘വംശീയ’ കാരണങ്ങള്‍.
ആ വംശവെറി ഇപ്പോള്‍ മറ്റൊരു തരത്തില്‍ ആ രാജ്യത്തെ ബാധിച്ചിരിക്കുന്നു. ഡിന്‍ക എന്ന വംശത്തിന്‍െറ പ്രതിനിധിയായ സല്‍വാ ഖൈറിനെ പ്രസിഡന്‍റായും നുവര്‍ എന്ന വിഭാഗത്തിന്‍െറ നേതാവായ റീക് മാഷറിനെ വൈസ് പ്രസിഡന്‍റായും അവരോധിച്ചാണ് ദ. സുഡാന്‍ ഭരണം തുടങ്ങിയത്. ആഭ്യന്തര യുദ്ധകാലത്ത് സുഡാനിലെ സായുധ വിഭാഗമായിരുന്ന സുഡാന്‍ പീപ്ള്‍സ് ലിബറേഷന്‍ ആര്‍മിയിലെ അംഗങ്ങളായിരുന്നു ഈ രണ്ടു വിഭാഗങ്ങളും. അക്കാലത്ത് ഇസ്രായേലിന്‍െറ ആയുധസഹായത്തിന്‍െറ തണലിലാണ് ഇവര്‍ വളര്‍ന്നതെന്ന് പില്‍ക്കാലത്ത് തെളിയിക്കപ്പെടുകയുണ്ടായി. ഭരണം തുടങ്ങി രണ്ടു വര്‍ഷം വരെ പ്രത്യക്ഷത്തില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, 2013ല്‍ ഇരു നേതാക്കളും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത മറനീക്കി പുറത്തുവന്നു.
റീക് മാഷര്‍ സൈനിക അട്ടിമറിയിലൂടെ തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്ന സല്‍വാ ഖൈറിന്‍െറ ആരോപണത്തോടെയായിരുന്നു അത്. ഏതാനും ദിവസങ്ങള്‍ക്കകം റീക് മാഷറിനെ വൈസ് പ്രസിഡന്‍റ് പദത്തില്‍നിന്ന് അദ്ദേഹം പുറത്താക്കുകയും ചെയ്തു. ഖൈറിനെ ‘ഡിന്‍കോക്രാറ്റ്’ എന്നു വിശേഷിപ്പിച്ച മാഷര്‍ തന്‍െറ വംശത്തോട് സായുധ പോരാട്ടത്തിന് ആഹ്വാനം ചെയ്തു. തങ്ങള്‍ക്ക് സ്വാധീനമുള്ള പലമേഖലകളും അവര്‍ കൈയടക്കി. തലസ്ഥാനമായ ജൂബയിലും തന്ത്രപ്രധാന നഗരങ്ങളിലൊന്നായ ബോറിലും മാഷറുടെ നുവര്‍ സൈനികര്‍ കനത്ത ആക്രമണം അഴിച്ചുവിട്ടു. ബോര്‍ പൂര്‍ണമായും അവര്‍ പിടിച്ചെടുത്തു. ആയിരക്കണക്കിനാളുകള്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ലക്ഷങ്ങള്‍ പലായനം ചെയ്തു.
വിഷയത്തില്‍ ആഫ്രിക്കന്‍ യൂനിയനും ഐക്യരാഷ്ട്രസഭയും ഇടപെട്ടെങ്കിലും കാര്യമായ ഫലമുണ്ടായില്ല. പലതവണ വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായെങ്കിലും അവയെല്ലാം ലംഘിക്കപ്പെട്ടു. കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും ആഫ്രിക്കന്‍ യൂനിയന്‍െറ നേതൃത്വത്തില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പ്രശ്നത്തില്‍ താല്‍ക്കാലിക പരിഹാരമുണ്ടായത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ റീക് മാഷര്‍ കഴിഞ്ഞ ഏപ്രിലില്‍ വീണ്ടും വൈസ് പ്രസിഡന്‍റ് പദത്തിലത്തെി. ഇതോടെ വെടിനിര്‍ത്തല്‍ പൂര്‍ണമായും പ്രാബല്യത്തില്‍ വന്നു.
നുവര്‍ സൈന്യത്തിലുണ്ടായിരുന്ന ചില ആളുകളെ ഒൗദ്യോഗിക സൈന്യം വീണ്ടും അറസ്റ്റ്ചെയ്തതാണ് ഇപ്പോള്‍ വീണ്ടും പ്രശ്നത്തിലേക്ക് വഴി തെളിച്ചിരിക്കുന്നത്. തങ്ങളുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ അടക്കം 139 സൈനികരെ സല്‍വാ ഖൈറിന്‍െറ സൈന്യം അറസ്റ്റ്ചെയ്തുവെന്ന് നുവര്‍ വിഭാഗത്തിന്‍െറ വക്താവ് കഴിഞ്ഞയാഴ്ച പ്രസ്താവിച്ചിരുന്നു. അറസ്റ്റ് തുടര്‍ന്നാല്‍ രാജ്യം വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ജൂബയിലടക്കം ശക്തമായ പേരാട്ടം ആരംഭിച്ചത്. രണ്ടു വര്‍ഷത്തിനിടെ, ആഭ്യന്തര സംഘര്‍ഷത്തില്‍ പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും 24 ലക്ഷം പേര്‍ പലായനം ചെയ്യുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.