പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയാവും
text_fieldsകാഠ്മണ്ഡു: മാവോവാദി പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കും. പ്രധാനമന്ത്രി പദത്തിലേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന ദിനമായ ചൊവ്വാഴ്ച വരെ മറ്റൊരു നാമനിര്‍ദേശവുമില്ലാത്തതിനെ തുടര്‍ന്നാണ് പ്രചണ്ഡ അധികാരമേറുമെന്ന് ഉറപ്പിച്ചത്.
ഒരാള്‍ മാത്രമേ ഉള്ളൂവെങ്കിലും ബുധനാഴ്ച പാര്‍ലമെന്‍റില്‍ തെരഞ്ഞെടുപ്പ് നടക്കും. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പാര്‍ലമെന്‍റില്‍ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് പ്രചണ്ഡ പ്രധാനമന്ത്രിയാവുന്നത്. കഴിഞ്ഞയാഴ്ചയാണ് പ്രധാനമന്ത്രിയായിരുന്ന കെ.പി. ശര്‍മ ഓലി വിശ്വാസവോട്ടെടുപ്പ് പ്രമേയം മുന്നില്‍ക്കണ്ട് രാജിവെച്ചത്. 2009ലെ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായ പ്രചണ്ഡ ഒമ്പതു മാസത്തിനുശേഷം രാജിവെക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പ് നടന്ന 2013ല്‍ പരാജയം നേരിട്ട മാവോവാദി പാര്‍ട്ടിക്ക് പാര്‍ലമെന്‍റില്‍ മൂന്നാം സ്ഥാനമേയുള്ളൂ. എന്നാല്‍, ജയിച്ച പാര്‍ട്ടികള്‍ക്കൊന്നും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒറ്റക്ക് ഭരിക്കാനാവാത്ത സാഹചര്യമാണുള്ളത്.
കഴിഞ്ഞവര്‍ഷം ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്ന രാജ്യത്തെ പുനര്‍നിര്‍മിക്കുക, പുതിയ ഭരണഘടന തയാറാക്കിയതിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങള്‍ പരിഹരിക്കുക എന്നിവയാണ് പുതിയ പ്രധാനമന്ത്രിക്ക് മുന്നിലെ പ്രധാന വെല്ലുവിളികള്‍. ഭരണഘടനാ രൂപവത്കരണത്തെച്ചൊല്ലി സമരമുഖത്തുള്ള മാധേശികളുമായി പ്രചണ്ഡയുടെ പാര്‍ട്ടിയും നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും മൂന്നിന ധാരണപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
595 അംഗ പാര്‍ലമെന്‍റില്‍ മാധേശികളുടെ യുനൈറ്റഡ് മാധേശി ഫ്രണ്ടിന് 42 അംഗങ്ങളുണ്ട്. മാധേശി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുക, പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുക, മാധേശി പ്രവിശ്യയുടെ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്താവുന്നവിധം ഭരണഘടനാ ഭേദഗതി നടപ്പാക്കുക എന്നീ ആവശ്യങ്ങളിലാണ് ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.