സിറിയയില്‍ സൈന്യവും വിമതരും നിര്‍ണായക പോരാട്ടത്തില്‍
text_fieldsഡമസ്കസ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍, അലപ്പൊ സൈനികത്താവളം പിടിക്കാന്‍, സര്‍ക്കാറും സര്‍ക്കാര്‍ വിരുദ്ധ സംഘങ്ങളുടെ കൂട്ടായ്മയായ ജയ്ശുല്‍ ഫത്ഹും തമ്മില്‍ പോരാട്ടം കനക്കുന്നു. അലപ്പൊ സൈനികത്താവളം ആര് പിടിച്ചെടുത്താലും അത് സിറിയയുടെ ഭാവിയില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
അലപ്പൊയുടെ വടക്കന്‍ ഭാഗത്തുള്ള സൈനികത്താവളത്തിന്‍െറ തന്ത്രപ്രധാനമായ ഭാഗങ്ങള്‍ പിടിച്ചെടുത്തതായി ജയ്ശുല്‍ ഫത്ഹ് കഴിഞ്ഞദിവസം അവകാശപ്പെട്ടു. രണ്ട് ചാവേറുകള്‍ താവളത്തിനകത്തേക്ക് കടന്നതായും നൂറുകണക്കിന് പോരാളികള്‍ താവളത്തിന് മീറ്ററുകള്‍ ദൂരെവെച്ച് സൈന്യവുമായി ഏറ്റുമുട്ടിയതായും വിമതരുടെ ഭാഗമായ അഹ്റാര്‍ അല്‍ ശാം അറിയിച്ചു. വിമതര്‍ക്കെതിരായ ആക്രമണത്തിന് സൈന്യം പ്രധാനമായി ആശ്രയിക്കുന്ന സൈനികത്താവളമാണിത്. എന്നാല്‍, അവകാശവാദം സിറിയന്‍ സര്‍ക്കാര്‍ തള്ളി. സൈന്യത്തിന്‍െറ തിരിച്ചടിയില്‍ വിമതരെ തുരത്തിയതായും നൂറിലധികം വിമതസൈനികര്‍ കൊല്ലപ്പെട്ടെന്നും സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈനികത്താവളം ആക്രമിച്ചതായി കഴിഞ്ഞ ദിവസം വിമതര്‍ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പരസ്പരം നിരാകരിക്കുന്ന പ്രസ്താവനകളുമായി ഇരുകക്ഷികളും രംഗത്തുവന്നത്. വിമതര്‍ അലപ്പൊ സൈനികത്താവളത്തിന്‍െറ ഏതാനും ഭാഗം പിടിച്ചെടുത്തെങ്കിലും സൈന്യം ഇവര്‍ക്കെതിരെ വ്യോമാക്രമണം തുടങ്ങിയിട്ടുള്ളതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍റൈറ്റ്സ് (എസ്.ഒ.എച്ച്.ആര്‍) തലവന്‍ റാമി അബ്ദില്‍ റഹ്മാനും പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കിടെ വിമതര്‍ നടത്തുന്ന ശക്തമായ ആക്രമണങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സൈന്യത്തിലെ ബ്രിഗേഡിയര്‍ ജനറല്‍ ദീബ് ബസി അറിയിച്ചു. അലപ്പൊ പിടിക്കുന്നവര്‍ക്കായിരിക്കും ഭാവിയില്‍ നടക്കുന്ന പ്രശ്നപരിഹാര ചര്‍ച്ചകളിലടക്കം മേധാവിത്വമുണ്ടായിരിക്കുകയെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
2011ല്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെതിരെ നടന്ന പ്രതിഷേധം ഏതാനും നാള്‍ക്കകം വ്യാപകമായ ആഭ്യന്തര യുദ്ധത്തിലത്തെുകയായിരുന്നു. 2012 മുതല്‍ അലപ്പൊയുടെ കിഴക്കു ഭാഗം വിമതരുടെ നിയന്ത്രണത്തിലാണ്. ഇതിനോട് ചേര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥലങ്ങള്‍ പിടിച്ചെടുക്കാനാണ് ഒരാഴ്ച മുമ്പ് വിമതര്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. വിവിധയിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ കുട്ടികളടക്കം ചുരുങ്ങിയത് 280 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് എസ്.ഒ.എച്ച്.ആര്‍ പറഞ്ഞു. 2012 മുതല്‍ ഇതുവരെ ചുരുങ്ങിയത് 3,00,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഒൗദ്യോഗിക കണക്കുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.