ഐ.എസ് വേട്ട; ഇറാഖി സൈന്യം മൂസിലിലേക്ക്
text_fieldsബഗ്ദാദ്: വടക്കന്‍ ഇറാഖില്‍ ഐ.എസിന്‍െറ അവശേഷിക്കുന്ന ശക്തികേന്ദ്രമായ മൂസിലിലേക്ക് ഇറാഖി സൈന്യം ഉടന്‍ തിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഫല്ലൂജയും തിക്രീതും ഐ.എസില്‍നിന്ന് തിരിച്ചുപിടിച്ച ഇറഖിസൈന്യം അടുത്ത ലക്ഷ്യം ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൂസിലാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അടുത്തയാഴ്ച മൂസില്‍ ദൗത്യം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി വ്യക്തമാക്കി. ഇറാഖി സൈന്യത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ തങ്ങള്‍ സജ്ജരായതായി ഇവിടെയുള്ള യു.എസ് സൈനിക വൃത്തങ്ങളും അറിയിച്ചതോടെ ഏതുനിമിഷവും കനത്ത ആക്രമണം നടക്കാനുള്ള സാധ്യതയാണുള്ളത്. സംഘര്‍ഷം ഭയന്ന് മൂസിലില്‍നിന്ന് ഇതിനകം ലക്ഷം പേരെങ്കിലും ഒഴിഞ്ഞുപോയതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു.
ഇറാഖില്‍ ഐ.എസ് ആദ്യം പിടിച്ചെടുത്ത നഗരങ്ങളിലൊന്നാണ് മൂസില്‍. ഐ.എസിന്‍െറ പൂര്‍ണ സൈനിക സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന നഗരമെന്ന നിലയില്‍ ഇവിടുത്തെ പോരാട്ടം കനത്തതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫല്ലൂജയിലേതുപോലെ മൂസിലിലേക്ക് ഇറാഖി സൈന്യത്തിന് എളുപ്പത്തില്‍ കടന്നുകയറാനാകില്ല. ഐ.എസിന്‍െറ പ്രതിരോധത്തിനു പുറമെ, നഗരത്തിലെ 20 ലക്ഷം സിവിലിയന്മാരുടെ സുരക്ഷകൂടി സൈന്യത്തിന് പരിഗണിക്കേണ്ടിവരും.
ഇവിടുത്തെ പത്തു ലക്ഷം പേരെയെങ്കിലും റെയ്ഡ് നേരിട്ട് ബാധിക്കുമെന്നാണ് അന്താരാഷ്ട്ര റെഡ്ക്രോസിന്‍െറ വിലയിരുത്തല്‍. അതിനിടെ, ഇറാഖി സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ഏതാനും പ്രാദേശിക സൈനിക വിഭാഗങ്ങള്‍കൂടി രംഗത്തുവന്നതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
മൂസിലില്‍നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് എവിടെ അഭയം നല്‍കുമെന്ന കാര്യത്തിലും അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്. രണ്ടുവര്‍ഷത്തിനിടെ, 34 ലക്ഷം ഇറാഖികള്‍ പലായനം ചെയ്തുവെന്നാണ് യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ കണക്ക്.
മിക്ക അഭയാര്‍ഥി ക്യാമ്പുകളും നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും പലായനം തുടരുന്നത് വലിയ ദുരന്തത്തിലേക്ക് വഴിമാറുമെന്ന് യു.എന്‍ ഭയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.