അട്ടിമറിശ്രമത്തിനിടെ ഉര്‍ദുഗാനെ തടവിലാക്കാന്‍ പദ്ധതിയിട്ട 11 പേര്‍ പിടിയില്‍
text_fieldsഅങ്കാറ: പട്ടാള അട്ടിമറിക്കിടെ പ്രസിഡന്‍റ് ഉര്‍ദുഗാനെ തട്ടിക്കൊണ്ടുപോകാന്‍ നിയമിതരായ 11 സൈനികരെ തുര്‍ക്കി പ്രത്യേക സേന പിടികൂടി. കഴിഞ്ഞ മാസം പട്ടാളം നടത്തിയ അട്ടിമറിക്കിടെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉല ജില്ലയിലെ പ്രദേശത്ത് ഹെലികോപ്ടറുകളും ഡ്രോണുകളുമടക്കം ഉപയോഗിച്ച് പ്രത്യേക സേന നടത്തിയ ഓപറേഷനിലാണ് ഇവര്‍ പിടിയിലായത്. പിടികൂടുന്നതിനിടെ ചെറിയതോതില്‍ ഏറ്റുമുട്ടലുണ്ടായി. എന്നാല്‍, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
അട്ടിമറി നടന്ന ദിവസം ഉര്‍ദുഗാന്‍ തങ്ങിയിരുന്ന സ്ഥലത്ത് ആക്രമണം നടത്തിയ സൈനിക സംഘത്തിലുണ്ടായിരുന്നവരാണ് പിടിയിലായവര്‍. മര്‍മാരിസിലെ അവധിക്കാല റിസോര്‍ട്ടിലായിരുന്നു ഉര്‍ദുഗാന്‍ തങ്ങിയിരുന്നത്. ഇവിടെ കനത്ത ആക്രമണമാണ് വിമതസൈന്യം നടത്തിയത്. പ്രസിഡന്‍റിനെ തടവിലാക്കാന്‍ 37 പേരടങ്ങുന്ന സംഘമാണത്രെ ഒരുങ്ങിയിരുന്നത്. എന്നാല്‍, സംഭവത്തെക്കുറിച്ച് സൂചന ലഭിച്ച ഉര്‍ദുഗാന്‍ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഘത്തിലെ 25 പേരെ നേരത്തേ തന്നെ പിടികൂടിയിരുന്നു. അട്ടിമറിശ്രമത്തിന് ശേഷം 18,699 പേര്‍ ഇതിനകം പിടിയായിട്ടുണ്ട്. ഇതില്‍ 4258 പേരെ കോടതിയില്‍ ഹാജരാക്കിയ ശേഷം വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.