ഫത്ഹുല്ല ഗുലനെതിരെ തുര്‍ക്കിയില്‍ അറസ്റ്റ് വാറന്‍റ്
text_fieldsഅങ്കാറ: കഴിഞ്ഞ മാസം നടന്ന പട്ടാള അട്ടിമറിശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ആരോപിക്കപ്പെടുന്ന അമേരിക്കയിലുള്ള പണ്ഡിതന്‍ ഫത്ഹുല്ല ഗുലനെതിരെ തുര്‍ക്കി കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഇസ്തംബൂളിലെ കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചതെന്ന് തുര്‍ക്കി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, രാജ്യത്തിന് പുറത്ത് കഴിയുന്ന ഒരാളുടെ കാര്യത്തില്‍ വാറന്‍റ് നിയമപരമായ നടപടിക്ക് അപര്യാപ്തമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും ഗുലനെ കൈമാറുന്നതിനുള്ള സമ്മര്‍ദത്തിന് വാറന്‍റ് ഉപകരിക്കും. അതേസമയം, തുര്‍ക്കിയിലെ ജുഡീഷ്യല്‍ സംവിധാനം സ്വതന്ത്രമല്ളെന്നും വാറന്‍റ് ഉര്‍ദുഗാന്‍െറ സ്വേച്ഛാധിപത്യത്തിന്‍െറ മറ്റൊരു ഉദാഹരണമാണെന്നും ഗുലന്‍ പ്രതികരിച്ചു.
പ്രസിഡന്‍റ് ജനാധിപത്യം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. അട്ടിമറി നടക്കുന്നതിന് മുമ്പും ഗുലനെതിരെ മറ്റൊരു കേസില്‍ വാറന്‍റുണ്ടായിരുന്നു. ഉര്‍ദുഗാനും മുന്‍ പ്രധാനമന്ത്രി ദാവൂദ് ഒഗ്ലുവും തമ്മില്‍ നടന്ന സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തിലാണ് അന്ന് വാറന്‍റ് പുറപ്പെടുവിച്ചത്. നിരവധി സ്കൂളുകളും ബിസിനസ് സ്ഥാപനങ്ങളുമടക്കം നടത്തുന്ന ഗുലന്‍ നെറ്റ്വര്‍ക്ക് തുര്‍ക്കിയിലും വ്യത്യസ്ത ലോകരാജ്യങ്ങളിലും സ്വാധീനമുള്ള സംഘടനയാണ്. അട്ടിമറിക്ക് ശേഷം തുര്‍ക്കി തീവ്രവാദ സംഘടനയെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഗുലന്‍ അനൂകൂലികളും സ്ഥപനങ്ങളും നടപടി നേരിടുകയാണ്.
ജുലൈ 15ന് അട്ടിമറിശ്രമം നടന്ന ഉടന്‍ ഗുലനാണ് ആസൂത്രകനെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അമേരിക്കയിലെ പെന്‍സല്‍വേനിയയില്‍ പ്രവാസജീവിതം നയിക്കുന്ന ഗുലന്‍ ഇക്കാര്യം നിഷേധിച്ചു. അമേരിക്കന്‍ സര്‍ക്കാറിനോട് ഗുലനെ കൈമാറാന്‍ തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, തെളിവ് നല്‍കിയാല്‍ നടപടിയെടുക്കാമെന്നായിരുന്നു യു.എസ് അധികൃതരുടെ മറുപടി. പിന്നീട് തുര്‍ക്കി നീതിന്യായ മന്ത്രാലയം തെളിവുകളടങ്ങുന്ന ഫയലുകള്‍ കൈമാറി. പിന്നീടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പടിഞ്ഞാറ് അട്ടിമറിയെ പിന്തുണക്കുന്നതായി ഉര്‍ദുഗാന്‍ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍, ഒൗദ്യോഗികമായി ഗുലനെ തിരിച്ചയക്കാനുള്ള അപേക്ഷ ലഭിച്ചിട്ടില്ളെന്ന നിലപാടില്‍തന്നെയാണ് അമേരിക്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.