വാസ്തവമേ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളൂവെന്ന് ‘ഡോണ്‍’
text_fieldsഇസ്ലാമാബാദ്: പത്രത്തിനെതിരായ തെറ്റായ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി ഡോണ്‍. തീവ്രവാദ വിഷയങ്ങളില്‍ പാക് സര്‍ക്കാറും സൈന്യവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന സിറില്‍ അല്‍മെയ്ദയുടെ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് അവാസ്തവങ്ങള്‍ പടച്ചുവിടുകയാണെന്ന് പത്രം പറഞ്ഞു. സര്‍ക്കാര്‍ പ്രസ്താവനക്കെതിരെയാണ് ഡോണ്‍ പത്രം രംഗത്തത്തെിയത്. വാര്‍ത്ത തീര്‍ത്തും വസ്തുതാപരമാണെന്ന് ഡോണ്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ് ഇതിനെ കെട്ടിച്ചമച്ചതെന്നാണ് വിശേഷിപ്പിച്ചത്. വാര്‍ത്ത എഴുതിയ ആള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തേ പറഞ്ഞിരുന്നു. മാധ്യമ ധര്‍മത്തിനെതിരായ ഒന്നും ഇതുവരെ ചെയ്തിട്ടില്ളെന്ന് ഡോണ്‍ എഡിറ്റോറിയലില്‍ തുറന്നെഴുതി.
ശരിയായ ഉറവിടത്തില്‍നിന്ന് വാര്‍ത്ത കണ്ടത്തെി വസ്തുനിഷ്ഠമായി മാത്രമേ ഡോണ്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യാറുള്ളൂവെന്നും സിറിലിന്‍െറ യാത്രാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതോടെ സര്‍ക്കാര്‍ സ്വയം തരംതാഴുകയാണെന്നും പത്രം ചൂണ്ടിക്കാട്ടി. അതേസമയം, സിറിലിന് പിന്തുണയുമായി വിവിധ മാധ്യമങ്ങള്‍ രംഗത്തുവന്നു. മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഭരണകൂടങ്ങളില്‍നിന്നുമുണ്ടാകരുതെന്ന് വിവിധ രാജ്യങ്ങളില്‍നിന്നുള്ള മാധ്യമങ്ങളും അഭിപ്രായപ്പെട്ടു.
യു.എസ് ഉത്കണ്ഠ രേഖപ്പെടുത്തി
വാഷിങ്ടണ്‍: പാക് മാധ്യമപ്രവര്‍ത്തകന്‍ സിറില്‍ അല്‍മെയ്ദ രാജ്യംവിടുന്നതിന് വിലക്കേര്‍പ്പെടുത്തിയതില്‍ അമേരിക്ക ഉത്കണ്ഠ രേഖപ്പെടുത്തി. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് ജോണ്‍ കിര്‍ബിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഉത്കണ്ഠ അറിയിച്ചത്. സിറില്‍ അല്‍മെയ്ദക്ക് പാകിസ്താനിലുള്ള വിലക്ക് അമേരിക്കയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ പാകിസ്താനില്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരന്തരം അധികൃതരെ അറിയിച്ചതാണ്. വീണ്ടും അത്തരത്തിലുള്ള വാര്‍ത്തകളാണ് അവിടെനിന്ന് വന്നുകൊണ്ടിരിക്കുന്നത്. അല്‍മെയ്ദയുടെ സഞ്ചാരസ്വാതന്ത്ര്യം വിലക്കിയത് പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കിര്‍ബി അറിയിച്ചു.
മാധ്യമസ്വാതന്ത്ര്യത്തിന് കൂടുതല്‍ വിലക്കുള്ള രാജ്യമായി പാകിസ്താന്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് മാധ്യമ സംരക്ഷണ കമ്മിറ്റി ഏഷ്യാ വിഭാഗം തലവന്‍ സ്റ്റീവന്‍ ബട്ലര്‍ പറഞ്ഞു. പാകിസ്താനിലെ പ്രമുഖ പത്രമായ ഡോണിലെ മാധ്യമപ്രവര്‍ത്തകനാണ് സിറില്‍. സര്‍ക്കാര്‍ രാജ്യം വിടുന്നതില്‍ വിലക്കേര്‍പ്പെടുത്തിയെന്ന് സിറില്‍ ട്വിറ്ററിലൂടെയാണ് ലോകത്തെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.