'കേസുകളൊതുക്കാൻ രാഷ്ട്രീയത്തിനതീതമായ അന്തർധാര'
text_fieldsവ്യവസായ ഗ്രൂപ്പായ കിറ്റെക്സ് ഒരു പതിറ്റാണ്ടുമുമ്പ് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് രൂപവത്കരിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ കേന്ദ്രീകരിച്ചു പോരുന്ന രാഷ്ട്രീയ പാർട്ടിയായ ട്വന്റി-20 ഇക്കുറി എറണാകുളം, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് സജീവമായിരിക്കുന്നു. പാർട്ടി പ്രസിഡൻറും കിറ്റെക്സ് എം.ഡിയുമായ സാബു എം. ജേക്കബ് ‘മാധ്യമ’ത്തോട് സംസാരിക്കുന്നു.
- താങ്കളുടെ സംഘടന ബി.ജെ.പിയുടെ ബി ടീമാണെന്ന ആരോപണത്തെക്കുറിച്ച്?
തങ്ങൾക്കിഷ്ടമില്ലാത്തവരെ തകർക്കാൻ രാഷ്ട്രീയക്കാർ സ്വീകരിക്കുന്ന പ്രധാന ആയുധമാണ് മറുപാർട്ടിയുമായി ബന്ധമാരോപിക്കുക എന്നത്. ആരംഭഘട്ടത്തിൽ കോൺഗ്രസായിരുന്നു ഞങ്ങളെ എതിർത്തിരുന്നത്. എന്നാൽ, 2015ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചതോടെ ഇടതു മുന്നണിയും എതിർക്കാൻ തുടങ്ങി.
പാർട്ടിയുടെ ജനകീയ പിന്തുണയിൽ അസ്വസ്ഥരായവർ പ്രത്യേകിച്ചും മതന്യൂനപക്ഷങ്ങളെ പിന്തിരിപ്പിക്കാൻ നടത്തുന്ന ആരോപണങ്ങളാണ് ബി.ജെ.പി ബന്ധമടക്കമുള്ളവ. നിലവിലെ മൂന്ന് മുന്നണിയും ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. ഏതുവിധേനയും അധികാരമാണ് അവരുടെ ലക്ഷ്യം. വിരുദ്ധ നിലപാടുകളുള്ള പാർട്ടികൾ അധികാരത്തിനായി ഒരുമിക്കുന്നതുതന്നെ ഇതിന് ഉദാഹരണമാണ്. എന്നാൽ, നാടിന്റെ വികസനം ജനങ്ങളുടെ ക്ഷേമം എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം.
- പി.വി. ശ്രീനിജിൻ എം.എൽ.എയുമായുള്ള പോരിനെക്കുറിച്ച്?
കുന്നത്തുനാട്ടിൽനിന്ന് ഇനിയൊരിക്കലും എം.എൽ.എയാകാൻ കഴിയില്ല എന്ന ഭീതിയിൽനിന്ന് അദ്ദേഹമാണ് ഞങ്ങളെ ഉപദ്രവിക്കുന്നത്. ഉപദ്രവം അസഹ്യമായപ്പോൾ പ്രതിരോധിക്കുക മാത്രമാണുണ്ടായത്. മണ്ഡലത്തിലെ വികസനകാര്യങ്ങളിൽ ഒന്നും ചെയ്യാൻ കഴിയാത്ത എം.എൽ.എ ഞങ്ങളുമായി നടത്തുന്ന പോരിലൂടെ ജനശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുകയാണ്.
- മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച്?
ഉത്തമബോധ്യത്തിലാണ് ആരോപണം ഉന്നയിച്ചത്. ഇവിടെ വ്യവസായ സൗഹൃദമെന്ന് പ്രഖ്യാപിച്ചിട്ട് അദ്ദേഹത്തിന്റെ മകൾ കർണാടകയിൽപോയി ബിസിനസ് നടത്തുന്നു. വിദേശത്ത് പോയവർ തിരിച്ചുവരണമെന്ന് ആഹ്വാനം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മകൻ വിദേശത്ത് ബിസിനസ് ചെയ്യുന്നു. വിരോധാഭാസമാണിത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ഒരു തെളിവുമില്ലാതെ ഞാൻ ആരോപണം ഉന്നയിക്കില്ല.
എന്നാൽ, മുമ്പ് ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. തെളിവിനായി ഒരു ഏജൻസിയും സമീപിച്ചിട്ടില്ല. ഏത് ഏജൻസി വന്നാലും അന്വേഷണം പ്രഹസനമായിരിക്കുമെന്നതാണ് മുൻകാല അനുഭവം. ഇവിടെ ഇത്തരം കാര്യങ്ങൾ ഒതുക്കാൻ രാഷ്ട്രീയത്തിനതീതമായ അന്തർധാരയുണ്ട്. അതാണ് കേന്ദ്രം കാര്യക്ഷമമായി ഇടപെടാത്തത്.
- മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം ബ്ലാക്മെയിലിങ്ങാണെന്ന ആക്ഷേപമുണ്ടല്ലോ?
ഒരിക്കലുമില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്തെങ്കിലും കാര്യം അതുവഴി ഞങ്ങൾ നേടിയിട്ടില്ല. ഉണ്ടെങ്കിൽ തെളിയിക്കട്ടെ.
- കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലെന്താണ്?
നേട്ടവും കോട്ടവുമുണ്ട്. സാമ്പത്തിക-വ്യവസായിക രംഗങ്ങളിൽ നേട്ടങ്ങളുണ്ട്. മറ്റ് പല രാജ്യങ്ങളും സാമ്പത്തികമായി തകർന്നപ്പോൾ ഇവിടെ പിടിച്ചുനിന്നു. അതോടൊപ്പം രാഷ്ട്രീയത്തെ മതവത്കരിച്ചു എന്ന വലിയൊരു അപകടവും സംഭവിച്ചു. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നതയും അകൽച്ചയും രൂക്ഷമായി. ഭരണകൂടംതന്നെ പ്രത്യേക വിഭാഗത്തിന്റെ പ്രചാരകരായത് ദുഃഖകരമാണ്. അയോധ്യ തന്നെ ഉദാഹരണം. സി.എ.എ അടക്കമുള്ളവ പ്രത്യേക താൽപര്യത്തോടെ നടപ്പാക്കി. എന്നാൽ, പ്രതികരിക്കേണ്ട പ്രതിപക്ഷം പ്രതികരിച്ചിട്ടുണ്ടോ എന്നതും നാം ശ്രദ്ധിക്കണം.
- കിറ്റെക്സ് സ്ഥാപനങ്ങൾ ഇലക്ടറൽ ബോണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് ആരോപണമുണ്ടല്ലോ?
എന്നെ സംഘിയാക്കാൻ ഇറങ്ങിയവരാണ് അത് ആഘോഷിക്കുന്നത്. സുപ്രീംകോടതിയിൽ സീരിയൽ നമ്പറുകൾ വരുമ്പോൾ അവർ നിരാശപ്പെടേണ്ടിവരും. വ്യവസായ സ്ഥാപനങ്ങളെന്ന നിലയിൽ രാഷ്ട്രീയപ്പാർട്ടികളും മറ്റ് വിവിധ വ്യക്തികളും പ്രസ്ഥാനങ്ങളുമൊക്കെ തങ്ങളെ സഹായത്തിന് സമീപിക്കാറുണ്ട്.
കൊടുക്കാറുമുണ്ട്. സമീപിക്കണോ കൊടുക്കണോ എന്നതൊക്കെ രണ്ടുകൂട്ടരെയും മാത്രം ബാധിക്കുന്ന കാര്യമാണ്. തൃക്കാക്കര ഇലക്ഷൻ സമയത്ത് സി.പി.എം സമീപിച്ചിരുന്നു. സഹായിക്കുകയും ചെയ്തു. അതും തെരഞ്ഞെടുപ്പ് കമീഷന്റെ രേഖകളിൽനിന്നാണ് പുറത്തായത്. പല ഘട്ടങ്ങളിലായി മറ്റ് പാർട്ടിക്കാരും സമീപിച്ചിട്ടുണ്ട്.
- ലോക്സഭ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ സാധ്യതകളെക്കുറിച്ച്?
മുന്നണികളുടെ കൊള്ളരുതായ്മയിൽ മനംമടുത്ത വലിയൊരുവിഭാഗം ഞങ്ങളെ പിന്തുണക്കും. അമിതമായ വെല്ലുവിളികൾക്കോ അവകാശവാദങ്ങൾക്കോ ഞാനില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനമനുസരിച്ചാകും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സീറ്റെണ്ണം തീരുമാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.