Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightInterviewchevron_rightവ്യാജനിർമിതികൾ ജനം...

വ്യാജനിർമിതികൾ ജനം തിരുത്തും

text_fields
bookmark_border
Akar Patel
cancel
camera_alt

ആകാർ പട്ടേൽ | ഫോട്ടോ: വിശ്വജിത്ത്

2021ൽ ആകാർ പട്ടേൽ എഴുതിയ ‘Price of the Modi Years’ എന്ന പുസ്തകം ഭരണകൂടത്തിന്റെ ഈർഷ്യ ഇരട്ടിപ്പിച്ചു. ഇന്ത്യയിലെ മനുഷ്യാവകാശ അവസ്ഥകൾ സംബന്ധിച്ച് വിവിധ സർവകലാശാലകൾ സംഘടിപ്പിച്ച സെമിനാറുകളിൽ സംസാരിക്കാൻ അമേരിക്കയിലേക്ക് പുറപ്പെടാനൊരുങ്ങവെ യാത്രാവിലക്കുവരെ ആകാർപട്ടേലിനു നേരെയുണ്ടായി

അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യരുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കണം എന്ന ലക്ഷ്യത്തോടെയാണ് ‘ഏഷ്യൻ ഏജ്’ പത്രത്തിൽ സബ് എഡിറ്ററായി ആകാർ പട്ടേൽ മാധ്യമപ്രവർത്തനം തുടങ്ങിയത്. ‘ഡെക്കാൻ ഹെറാൾഡി’ൽ ഉപപത്രാധിപരായും, ഗുജറാത്തി ദിനപത്രമായ ‘ഭിവ്യ ഭാസ്കറി’ന്റെയും മുംബൈയിലെ ‘മിഡ് ഡേ’യുടെയും മുഖ്യപത്രാധിപരുമായി ഉയർന്നപ്പോഴും അതുതന്നെ തുടർന്നു. പിന്നീട് മാധ്യമ പ്രവർത്തനം മതിയാക്കി മുഴുവൻ സമയ മനുഷ്യാവകാശ പ്രവർത്തകനായി. ഗുജറാത്തിൽ നടന്ന വംശഹത്യക്കും അന്യായ കുടിയിറക്കലുകൾക്കും വ്യാജ ഏറ്റുമുട്ടൽ കൊലകൾക്കുമെതിരെ ശബ്ദമുയർത്തി. 2014ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം പലരും പിൻവലിഞ്ഞപ്പോഴും മനുഷ്യാവകാശപ്പോരാട്ട രംഗത്ത് കാലുറച്ചുതന്നെ നിന്നു. 2015ൽ അന്തർദേശീയ മനുഷ്യാവകാശ കൂട്ടായ്മയായ ആംനസ്റ്റി ഇന്റർനാഷനലിന്റെ ഇന്ത്യയിലെ അധ്യക്ഷനായി.

ആൾക്കൂട്ടക്കൊലകളും ന്യൂനപക്ഷ വേട്ടയും സ്ത്രീവിരുദ്ധ അതിക്രമങ്ങളുമെല്ലാം മുമ്പുകണ്ടിട്ടില്ലാത്ത വിധം വർധിച്ച അക്കാലത്ത് രാജ്യത്തെമ്പാടും നടന്ന മുന്നേറ്റങ്ങളിൽ പങ്കുവഹിച്ച ആംനസ്റ്റിയുടെ ഓഫിസുകളിൽ യൂനിയൻ സർക്കാറിന്റെ അന്വേഷണ ഏജൻസികൾ കയറിയിറങ്ങി. പൗരാവകാശങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾതന്നെ വേട്ടയാടപ്പെട്ട വേളയിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിർബന്ധിതമായി ആംനസ്റ്റി. രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന പൗരാവകാശ ലംഘനങ്ങളെയും അതിക്രമങ്ങളെയും ചൂണ്ടിക്കാട്ടി 2021ൽ ആകാർ പട്ടേൽ എഴുതിയ ‘Price of the Modi Years’ എന്ന പുസ്തകം ഭരണകൂടത്തിന്റെ ഈർഷ്യ ഇരട്ടിപ്പിച്ചു. ഇന്ത്യയിലെ മനുഷ്യാവകാശ അവസ്ഥകൾ സംബന്ധിച്ച് വിവിധ സർവകലാശാലകൾ സംഘടിപ്പിച്ച സെമിനാറുകളിൽ സംസാരിക്കാൻ അമേരിക്കയിലേക്ക് പുറപ്പെടാനൊരുങ്ങവെ സംഘടനക്കെതിരെ കേസുണ്ടെന്ന പേരിൽ യാത്രാവിലക്ക് സൃഷ്ടിച്ചു സി.ബി.ഐ. ഭരണകൂടത്തെ വിമർശിച്ച് പുസ്തകമെഴുതിയതിനുള്ള പിഴയാണീ നടപടിയെന്ന ആക്ഷേപമുയർന്നു. യാത്രാവിലക്കിനെതിരെ കോടതിയിൽ നിന്ന് അനുകൂല വിധി നേടി ആകാർ. സമരമുന്നണികളിൽ സജീവമായി മനുഷ്യാവകാശലംഘകരെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. വിവിധ നഗരങ്ങളിൽ നടന്ന പ്രഭാഷണ പരിപാടികൾക്കായി ഈയിടെ കേരളത്തിലെത്തിയ ആകാർ പട്ടേൽ ‘വാരാദ്യമാധ്യമ’വുമായി സംസാരിച്ചു, പ്രസക്ത ഭാഗങ്ങൾ:

മോദിക്കാലത്തെ പുസ്തകമെഴുത്തിനും ആക്ടിവിസത്തിനും പിഴയൊടുക്കുകയാണല്ലേ താങ്കൾ?

അത്ര വലിയ പിഴയെന്ന് പറഞ്ഞുകൂടാ, രാജ്യത്തെ ഒട്ടനവധി പൗരാവകാശ പ്രവർത്തകരും സംഘടനകളും നേരിട്ടുകൊണ്ടിരിക്കുന്ന വേട്ടകൾ വെച്ചുനോക്കുമ്പോൾ ഞാൻ അനുഭവിച്ചതെല്ലാം നിസ്സാരമായാണ് തോന്നുന്നത്. കൊടിയ പീഡനങ്ങൾ നേരിടേണ്ടി വന്ന അധ്യാപകർ, മാധ്യമപ്രവർത്തകർ, തൊഴിലാളി നേതാക്കൾ... ഇക്കഴിഞ്ഞ പത്തു വർഷം കൊണ്ട് എത്രയധികം പൗരാവകാശ ശബ്ദങ്ങളെയാണ് ഭരണകൂടം നിശ്ശബ്ദമാക്കാൻ ശ്രമിച്ചത്. ഒട്ടനവധി പേരെ ജയിലിലടക്കാൻ അവർക്ക് സാധിച്ചു, പക്ഷേ അവരുയർത്തിവിട്ട പോരാട്ടത്തിന്റെ ആവേശത്തെ ജയിലു കാണിച്ച് പേടിപ്പിക്കാനാവില്ലല്ലോ. സർക്കാർ പത്തു വർഷമായി തുടർന്നുവരുന്ന ഭരണരീതിയെ അനുകൂലിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് പൊതുതെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഇന്ത്യൻ ജനത നൽകിയത്. അതുകൊണ്ടുതന്നെ പൗരാവകാശങ്ങളെ ഇനി പഴയമട്ടിൽ കശക്കിയെറിയാൻ അവർക്ക് സാധിക്കണമെന്നില്ല.

പഴയതുപോലെ കനത്ത ഭൂരിപക്ഷമില്ലെങ്കിലും സർക്കാറിന്റെ അജണ്ടകൾ പഴയതുതന്നെയല്ലേ?

അതേ പ്രധാനമന്ത്രി, അതേ ആഭ്യന്തരമന്ത്രി, അതേ പ്രതിരോധ മന്ത്രി, അതേ ധനമന്ത്രി, അതേ സുരക്ഷാ ഉപദേഷ്ടാവ്... ലോക്സഭാ സ്പീക്കർ പോലും അതുതന്നെ -പക്ഷേ 2014-24 കാലഘട്ടത്തിലേതുപോലെ സർക്കാറിന് തോന്നുംപടി എന്തും ചെയ്യാനും ചർച്ചകൾപോലുമില്ലാതെ നിയമങ്ങൾ പാസാക്കാനും അടിച്ചേൽപിക്കാനുമുള്ള ശക്തി ബി.ജെ.പിക്ക് രാജ്യത്തില്ല. നിയമനിർമാണങ്ങളിൽനിന്ന് പിന്നാക്കം പോകുന്നുമുണ്ട്. യു.എ.പി.എ കേസുകളിൽ ജാമ്യം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത് അടക്കം പല ശുഭസൂചനകളുമുണ്ട്. ഈ സർക്കാർ മുന്നോട്ടുവെച്ച വഖഫ് ബില്ലിന്റെ കാര്യം നോക്കൂ. അവർക്ക് മുമ്പത്തേതുപോലെ ഉടനടി പാസാക്കാനോ നടപ്പാക്കാനോ കഴിയാത്ത സാഹചര്യമാണിപ്പോൾ. എല്ലാ കാര്യങ്ങളും നടപ്പാക്കാൻ കഴിവുള്ളയാൾ എന്ന മോദിക്കുണ്ടായിരുന്ന പ്രതിച്ഛായക്ക് പോലും ഉടവുപറ്റിയിരിക്കുന്നു, ഇനിയത് പഴയപടിയാക്കുക അസാധ്യമാണെന്നാണ് ഞാൻ കരുതുന്നത്.

ആൾക്കൂട്ടക്കൊലകൾ മുടക്കമില്ലാതെ തുടരുന്നു, സാധുക്കളുടെ വീടുകളിലേക്ക് ബുൾഡോസറുകൾ ഇരമ്പിക്കയറുന്നു... അതിലൊന്നും ഒരു മാറ്റവുമില്ല, ജനദ്രോഹ നിയമങ്ങൾ പലതും ഭീഷണിയായി തലക്കു മുകളിലുണ്ട്, കർഷകർ അതിർത്തിയിൽ സമരം തുടരുകയാണ്...

യൂനിയൻ സർക്കാറിന്റെ പ്രവർത്തനശൈലിയിൽ മാറ്റമുണ്ടാകുന്നുവെന്ന് നമ്മൾ ആശ്വസിക്കുമ്പോഴും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പശുവിന്റെ പേരിലെ ആൾക്കൂട്ടക്കൊലകളും ബുൾഡോസർ നീതിയുമെല്ലാം തുടരുന്നുവെന്നത് അത്യന്തം ആശങ്കജനകമാണ്. യൂനിയൻ ഭരണകൂടത്തിന്റെ അനീതികൾക്കെതിരെ ഉയരുന്നതുപോലുള്ള പ്രതിരോധങ്ങൾ സംസ്ഥാനങ്ങളിലും ഉയരണം, സംസ്ഥാനങ്ങളിലെ ഏകപക്ഷീയ രാഷ്ട്രീയത്തിനും മാറ്റമുണ്ടാവണം. ഉദാഹരണത്തിന് ഗുജറാത്തുപോലെ 25 വർഷമായി ബി.ജെ.പി ഭരണത്തിൽ തുടരുന്ന സംസ്ഥാനത്ത് അവർ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം അടിച്ചേൽപിക്കാനുള്ള സാധ്യതകളൊന്നും അവർ വിട്ടുകളയില്ല, അതിനെ രാഷ്ട്രീയമായി നേരിടണം. ഒപ്പം, ജനാധിപത്യത്തിന്റെ മറ്റു ശാഖകളായ നീതിപീഠത്തിന്റെ ഇടപെടലുകൾ ഉണ്ടാവണം. അതീവ പ്രാധാന്യമേറിയ പല വിഷയങ്ങളിലും കോടതികൾ വേണ്ടവിധം ഇടപെടുന്നില്ല എന്ന് പറയാതിരിക്കാനാവില്ല. നിയമനിർമാണ സഭയോ നീതിപീഠമോ ശരിയാംവിധം പ്രവർത്തിച്ചില്ലെങ്കിൽപ്പോലും അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ വിഷയങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ സിവിൽ സമൂഹ കൂട്ടായ്മകൾ വീഴ്ചവരുത്തിക്കൂടാ.

പലവിധത്തിലെ അടിച്ചമർത്തലുകളുണ്ടാകുമ്പോഴും രാജ്യത്തെ സിവിൽ സമൂഹം ജാഗ്രത കൈവിട്ടതായി പറയാൻ കഴിയില്ലല്ലോ?

ഒരിക്കലുമില്ല. രാജ്യത്തെ ചെറുചെറു പൗരാവകാശ സംഘങ്ങളാണ് സർക്കാറിനെ തിരുത്തിക്കുന്നത്. സി.എ.എ-എൻ.ആർ.സി വിഷയത്തിൽ ശാഹീൻബാഗിലെ മുസ്‍ലിം വനിതകൾ ഉയർത്തിവിട്ട സമരം കേന്ദ്രസർക്കാറിനെ വട്ടംകറക്കി. സമരത്തിനു മുമ്പേ പൗരത്വ ഭേദഗതി നിയമനിർമാണം നടന്നിരുന്നു, ഈ വർഷം പ്രാബല്യത്തിൽ വന്നു. ദേശീയ പൗരത്വ പട്ടിക ദേശീയതലത്തിൽ നടപ്പാക്കാനിടയില്ല എന്നുതന്നെയാണ് സർക്കാറിൽനിന്ന് വരുന്ന സൂചനകൾ. അതുപോലെ തന്നെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഉത്തരേന്ത്യൻ കർഷകർ നടത്തിയ സമരവും. കാർഷിക നിയമങ്ങൾ പരിപൂർണമായി പിൻവലിക്കേണ്ടിവന്നു സർക്കാറിന്. എത്രതന്നെ അടിച്ചമർത്തിയാലും വീണ്ടും ഉയർന്നുവരാനുള്ള ശേഷി നമ്മുടെ ജനതക്കും അവരുടെ കൂട്ടായ്മകൾക്കുമുണ്ട്.

താങ്കൾ നേതൃത്വം നൽകിയിരുന്ന സംഘടനയുടെ കാര്യമോ? റഷ്യ, തുർക്കിയ തുടങ്ങിയ രാജ്യങ്ങൾ ആംനസ്റ്റി ഇന്റർനാഷനലിന്റെ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്, ഇന്ത്യയിൽ നിയമംമൂലം നിരോധിച്ചിട്ടില്ലെങ്കിലും പ്രവർത്തനം നിർത്തേണ്ടിവന്നു; സമീപഭാവിയിൽ പുനരാരംഭിക്കാനുള്ള സാഹചര്യമുണ്ടോ?

അടുത്ത 12-18 മാസത്തിനുള്ളിൽ ലൈസൻസ് പുതുക്കാനും പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും സാധിക്കും എന്ന തികഞ്ഞ വിശ്വാസം എനിക്കുണ്ട്. ഞങ്ങൾക്കെതിരെ ഔദ്യോഗികമായ കുറ്റം ചാർത്തൽ ഇനിയും നടന്നിട്ടില്ല, മരവിപ്പിച്ച അക്കൗണ്ടുകൾ വീണ്ടെടുക്കുന്നതിനുള്ള പ്രക്രിയകൾക്ക് അൽപം കാലതാമസമെടുക്കും. കേസ് ഏതുവഴിക്കു പോകുമെന്നതു സംബന്ധിച്ച ഒരു ധാരണ ഈ വർഷം ലഭിക്കും. ആംനസ്റ്റിയെ നിരോധിച്ച രാജ്യങ്ങളിൽ ഏറക്കുറെ പരിപൂർണ ഏകാധിപത്യമാണ് നിലനിൽക്കുന്നത്. നമ്മുടെ രാജ്യം ആ നിലയിലേക്ക് പോയിട്ടില്ല, ശബ്ദമുയർത്താനുള്ള ഇടമുണ്ട്, നിയമ-നീതിപാലന വ്യവസ്ഥയെ സമീപിക്കാനുള്ള അവസരങ്ങളുണ്ട്. അതുകൊണ്ടുതന്നെ നിയമാനുസൃതമായി നീങ്ങി തടസ്സങ്ങൾ മറികടക്കാനുള്ള സാധ്യതകൾ നമുക്കുണ്ട്.

പൊതുതെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ മാധ്യമമേഖലയിൽ മാറ്റങ്ങൾ വരുത്തിയതായി കരുതുന്നുണ്ടോ?

ഒരു വിഭാഗം മാധ്യമങ്ങളെ ലജ്ജാകരമാം വിധത്തിൽ ഭരണകൂടവും കോർപറേറ്റുകളും ചേർന്ന് നിയന്ത്രിക്കുന്ന സാഹചര്യം കഴിഞ്ഞ ദശകത്തിൽ ഇവിടെയുണ്ടായിരുന്നു, അതിന് തീർച്ചയായും മാറ്റം വന്നിട്ടുണ്ട്. ഇന്ന് ഇന്ത്യൻ മാധ്യമലോകത്തെ പൂർണമായി വരുതിയിൽ നിർത്താൻ യൂനിയൻ സർക്കാറിന് സാധിക്കില്ല. മുഖ്യധാരാ മാധ്യമങ്ങൾ സർക്കാറിന് വേണ്ടി അച്ചുനിരത്തിയാൽപോലും സമാന്തര മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും മറുഭാഗത്ത് ഉയർന്നുവരുന്നുണ്ട്. ധ്രുവ് റാഠിയെയും രവിഷ് കുമാറിനെയും പോലുള്ളവരുടെ യൂട്യൂബ് ചാനലുകൾക്ക് പല വ്യവസ്ഥാപിത മാധ്യമ സ്ഥാപനങ്ങളെക്കാൾ ജനങ്ങൾക്കിടയിൽ സ്വീകാര്യതയുണ്ട്. ബ്രോഡ്കാസ്റ്റ് ബില്ലുമായി സർക്കാർ വന്നതുതന്നെ ഇത്തരത്തിലുള്ള മാധ്യമ പ്രതിരോധം ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന തിരിച്ചറിവിൽനിന്നാണ്. ആ ബില്ലും സർക്കാറിന് ഒഴിവാക്കേണ്ടിവന്നു.

വാട്സ്ആപ് വഴിയുള്ള വ്യാജവാർത്താ പ്രചാരണം പക്ഷേ, മുറപോലെ നടക്കുന്നുണ്ട്.

വ്യാജവാർത്ത പ്രചാരണം ഇപ്പോഴുമുണ്ട്, പല ആൾക്കൂട്ട അതിക്രമങ്ങൾക്കും ആവശ്യമായ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നത് അതുവഴിയാണ്. വിശ്വാസ്യതയില്ലാത്ത വാർത്താസ്രോതസ്സുകളെ തിരിച്ചറിയാനും അവയിൽനിന്ന് അകന്നുനിൽക്കാനും ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. ഞങ്ങളൊക്കെ കുട്ടികളായിരിക്കെ വിശ്വാസ്യയോഗ്യമായ പത്രങ്ങൾ ഏതാണെന്ന് അധ്യാപകരും മുതിർന്നവരും പറഞ്ഞുതന്നിരുന്നു. ഇന്ന് വിശ്വാസ്യതയുടെ കാര്യത്തിൽ വലിയ ആശയക്കുഴപ്പമുണ്ട്. വിശ്വാസ്യയോഗ്യമായ, പക്ഷംപിടിക്കാത്ത വാർത്തകളേതെന്ന ശരിയായ തിരിച്ചറിവ് പുതുതലമുറ വൈകാതെ സ്വായത്തമാക്കും. വ്യാജം പ്രചരിപ്പിച്ച് കുഴപ്പങ്ങളും ലാഭങ്ങളുമുണ്ടാക്കുന്ന പ്രവണത അധികകാലം തുടരാനാവില്ല.

ചരിത്രം വെട്ടിത്തിരുത്തുന്നതും പാഠപുസ്തകങ്ങളെ വർഗീയവത്കരിക്കുന്നതുമുൾപ്പെടെ കടുത്ത ഭീഷണികൾ നമുക്ക് മുന്നിലുണ്ട്

കടുത്ത അധികാര ദുർവിനിയോഗമാണ് നടത്തുന്നത്. ഇതിനു മുമ്പ് രണ്ടുതവണ മോദിയുടെ നേതൃത്വത്തിലെ ഭരണകൂടങ്ങൾ അധികാരത്തിലേറിയപ്പോഴും ആദ്യമാസങ്ങളിൽ ഇത്തരത്തിൽ അവരുടെ പ്രത്യയശാസ്ത്രങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതും പൗരത്വ അവകാശത്തെ കൈയേറാൻ ശ്രമിച്ചതും ബാബരി ഭൂമിയിൽ ശിലാന്യാസം നടത്തിയതുമെല്ലാം അതിനുദാഹരണങ്ങളാണ്. ഇത്തവണ മികച്ച ഭൂരിപക്ഷമുണ്ടാവുമെന്നും പത്തു വർഷംകൊണ്ട് നടപ്പാക്കാൻ കഴിയാതിരുന്ന അജണ്ടകൾ നടപ്പാക്കണമെന്നുമെല്ലാം ഇവർ കണക്കുകൂട്ടിയിരുന്നു, ന്യൂനപക്ഷ വിരുദ്ധമായ കൂടുതൽ നയങ്ങൾ അവർ കരുതിവെച്ചിരുന്നു. പക്ഷേ, ജനം അവരുടെ കണക്കുകൂട്ടൽ പിഴപ്പിച്ചു കളഞ്ഞു.

പാഠപുസ്തകങ്ങൾ തിരുത്തിയെഴുതിയതുകൊണ്ട് ഇനിയുള്ള കാലം ഒരു തലമുറയെ മുഴുവൻ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കുകയൊന്നുമില്ല. വിജ്ഞാന സമ്പാദനത്തിനുള്ള ഒരു ഉപാധി മാത്രമായാണ് പാഠപുസ്തകങ്ങളെ ഇന്നത്തെ കുട്ടികൾ കാണുന്നത്. വ്യാജമായ വാർത്തകൾ തിരിച്ചറിയുന്നതു പോലെ വ്യാജനിർമിതമായ ചരിത്രവും അതിനു പ്രേരിപ്പിച്ച പ്രത്യയശാസ്ത്രത്തിന്റെ പൊള്ളത്തരവും അവർ മനസ്സിലാക്കും. കേരളംപോലുള്ള സംസ്ഥാനങ്ങൾ കാത്തുസൂക്ഷിക്കുന്ന സാമുദായിക സൗഹാർദത്തിന്റെ മാതൃക അവരെ പ്രചോദിപ്പിക്കും. വർഗീയതയുടെയും വിദ്വേഷത്തിന്റെയും തന്ത്രങ്ങളുമായി വരുന്ന ശക്തികൾ തോറ്റടങ്ങുന്ന നാടായി ഇന്ത്യ നാളെ വിളങ്ങിനിൽക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interviewaakar patel
News Summary - Aakar Patel
Next Story