മനസ്സിനിക്കരെ
text_fieldsഒരു തലമുറയോട് ‘നായിക’ എന്നു പറഞ്ഞാൽ ആദ്യം പറയുന്ന പേര് ഷീലയുടേതായിരിക്കും. ‘ചെമ്മീൻ’, ‘കള്ളിച്ചെല്ലമ്മ’, ‘അനുഭവങ്ങൾ പാളിച്ചകൾ’ തുടങ്ങി അനേകം ചിത്രങ്ങളിലൂടെ മലയാളികളുടെ എവർഗ്രീൻ നായികയായ താരം. തെക്കൻ തൃശൂരിലെ കണിമംഗലം ഗ്രാമത്തിൽ ആന്റണി-ഗ്രേസി ദമ്പതിമാരുടെ മകളായി ജനനം. നാടകത്തിലൂടെ സിനിമയിലേക്ക്. 1960കളിൽ സിനിമയിലെത്തിയ ഷീല രണ്ടു പതിറ്റാണ്ട് മലയാള ചിത്രങ്ങളിൽ നിറഞ്ഞുനിന്നു. വെള്ളിത്തിരയിൽ 500ഓളം സിനിമകൾ.
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോടി എന്ന റെക്കോഡ് അനശ്വര നായകൻ പ്രേം നസീറിനൊപ്പം പങ്കിട്ടു. രണ്ടു പതിറ്റാണ്ടുകാലം സിനിമ ജീവിതത്തിൽനിന്ന് ഷീല വിട്ടുനിന്നു. 2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’യിലൂടെ ഒരു തിരിച്ചുവരവ്. പിന്നീട് നിറയെ ചിത്രങ്ങൾ, ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ. സിനിമയിലും ജീവിതത്തിലും ഒരുപാടുണ്ട് ഈ 79കാരിക്ക് പങ്കുവെക്കാൻ. മലയാളികളുടെ നിത്യഹരിത നായിക ഷീല ‘വാരാദ്യ മാധ്യമ’ത്തോട് മനസ്സുതുറക്കുന്നു.
ചെമ്മീനും കറുത്തമ്മയും
എന്റെ 21ാമത്തെ ചിത്രമാണ് ‘ചെമ്മീൻ’. എം.ജി.ആർ നായകനായി 1962ൽ റിലീസ് ചെയ്ത ‘പാസം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് എത്തുന്നത്. ആ വർഷംതന്നെ ഒരു മലയാള സിനിമയും ലഭിച്ചു. ഇന്ത്യൻ സിനിമ ചരിത്രത്തിന്റെ ഭാഗമാണ് ‘ചെമ്മീൻ’. ആ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞുവെന്നതാണ് ഭാഗ്യം. 1966ൽ പുറത്തിറങ്ങിയ ‘ചെമ്മീൻ’ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം മൊഴിമാറ്റം ചെയ്ത് സിനിമ പുറത്തിറങ്ങി. പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമാണ് ‘ചെമ്മീൻ’. പിന്നെ അതിലെ നായികയെ മറക്കാൻ കഴിയുമോ?
കളറിൽ പുറത്തിറങ്ങിയ ആദ്യ ചിത്രംകൂടിയായിരുന്നല്ലോ. അതുവരെ അഭിനയിച്ച ചിത്രങ്ങളെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റിൽ ആയിരുന്നു. അതിനാൽ, വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതും വളരെ എളുപ്പമായിരുന്നു. നല്ല കോൺട്രാസ്റ്റ് കിട്ടുന്ന കളർ വസ്ത്രങ്ങൾ മാത്രം തിരഞ്ഞെടുത്താൽ മതിയായിരുന്നു. കളറിലായതോടെ ഇതെല്ലാം മാറി. പൊലിമയുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. കളർ ശ്രദ്ധിക്കണം.
മലയാള സിനിമയുടെ സാങ്കേതിക മികവിലും ഒരു നാഴികക്കല്ലായിരുന്നു ‘ചെമ്മീൻ’. തകഴിയുടെ നോവൽ സിനിമയാക്കുമ്പോൾ അത് മോശമാകാൻ പാടില്ലെന്ന് രാമു കാര്യാട്ടിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാമു ചേട്ടൻ ഛായാഗ്രാഹകൻ മാർകസ് ബാർട്ലി, എഡിറ്റർ ഋഷികേശ് മുഖർജി, സംഗീത സംവിധായകൻ സലിൽ ചൗധരി തുടങ്ങിയവരെ ‘ചെമ്മീനി’നായി കൊണ്ടുവന്നു. ഇവരെ കാണാനും മിണ്ടാനുമായി ഞങ്ങളെല്ലാവരും കൗതുകത്തോടെ കാത്തുനിൽക്കുമായിരുന്നു.
മധുവിനൊപ്പം അഭിനയിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലായിരുന്നു. എന്നാൽ, സത്യൻ സാറിനെ പേടിയായിരുന്നു. രണ്ടു പേരുടെയും നായിക ഞാനായിരുന്നല്ലോ. മനസ്സുകൊണ്ട് ഒത്തിരി ഇഷ്ടപ്പെട്ട് അഭിനയിച്ച കഥാപാത്രമാണ് കറുത്തമ്മ. പ്രസിഡന്റിന്റെ സുവർണ കമലം സിനിമക്ക് ലഭിച്ചപ്പോൾ വളരെ സന്തോഷമായി. അഭിനയിക്കുന്ന സമയത്ത് ‘ചെമ്മീനി’ന് ഇത്രയും വലിയ അംഗീകാരം ലഭിക്കുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല.
നല്ല സ്ത്രീ കഥാപാത്രങ്ങളുണ്ടാകണം
ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് ഒരു നായികയെ ഓർത്തിരിക്കുക. അങ്ങനെയുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടംപിടിക്കാൻ കഴിഞ്ഞതിൽ സന്തോഷം. എന്നാൽ, പുതിയ കാലത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളുണ്ടാകുന്നില്ല. ഷീല-ശാരദ-ജയഭാരതിമാരുടെ കാലം കഴിഞ്ഞുപോയി.
സിനിമാ നിർമാതാക്കൾ നല്ല നോവലുകൾ വായിച്ച് ഉചിതമായ കഥകൾ സിനിമക്കുവേണ്ടി തിരഞ്ഞെടുക്കാത്തതാണ് മലയാള സിനിമയിൽ സ്ത്രീശക്തി കുറയാനുള്ള പ്രധാന കാരണം. മറ്റൊരു കാരണം, ഇന്നത്തെ നടിമാർ മലയാളത്തിൽ കുറച്ചു പടങ്ങൾ ചെയ്താലുടനെ മറ്റു ഭാഷകളിലേക്കു പോകുന്നതുകാണാം. ഇപ്പോൾ ഉള്ളവരെല്ലാം വളരെ നന്നായി അഭിനയിക്കുന്നവരാണ്. പുതിയ കുട്ടികൾ ആദ്യ പടത്തിൽതന്നെ വളരെ നന്നായി അഭിനയിക്കുന്നു. എന്നാൽ, അവർക്ക് നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ല.
രാധയും കൊച്ചുത്രേസ്യയും
ഭാസ്കരൻ മാഷ് 1962ൽ സംവിധാനം ചെയ്ത ‘ഭാഗ്യജാതക’മാണ് എന്റെ ആദ്യ മലയാള ചിത്രം. രാധ എന്ന കഥാപാത്രമായിരുന്നു അതിൽ. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അത് 1982 വരെ തുടർന്നു. ശശികുമാർ സംവിധാനം ചെയ്ത ‘മദ്രാസിലെ മോൻ’ എന്ന പടത്തിന്റെ വർക്കിനുശേഷം 20 വർഷം സിനിമയിൽനിന്നു മാറിനിന്നു. പിന്നീട് സത്യൻ അന്തിക്കാടിന്റെ ‘മനസ്സിനക്കരെ’യിലെ കൊച്ചുത്രേസ്യയുടെ വേഷമിട്ടാണ്, 2003ൽ അഭിനയരംഗത്ത് തിരിച്ചെത്തിയത്. അങ്ങനെ വിലയിരുത്തുമ്പോൾ രാധയും കൊച്ചുത്രേസ്യയും തമ്മിൽ 41 വയസ്സിന്റെ വ്യത്യാസമുണ്ട്. ‘ഭാഗ്യജാതക’ത്തിലെ രാധയായി അഭിനയിക്കുമ്പോൾ എനിക്കു പതിനേഴു വയസ്സാണ്.
ഡയറക്ടർ പറയുന്നത് ചുമ്മാ അനുസരിച്ചു. ആ അഭിനയം എത്രകണ്ടു നന്നാവും? അതിനുശേഷം മലയാളത്തിലും തമിഴിലും തെലുഗുവിലുമായി എത്രയെത്ര പടങ്ങളിൽ അഭിനയിച്ചു! ‘കള്ളിച്ചെല്ലമ്മ’, ‘വാഴ് വേ മായം’, ‘ഒരുപെണ്ണിന്റെ കഥ’, ‘ഉമ്മാച്ചു’, ‘കൽപന’, ‘കരിനിഴൽ’, ‘അനുഭവം’... ഈ പടങ്ങളൊക്കെ പിന്നിട്ടില്ലേ! ആ അനുഭവമാണ് എന്റെ സമ്പത്ത്. കൊച്ചുത്രേസ്യയെന്ന കഥാപാത്രം നന്നായി ചെയ്യാൻ കഴിഞ്ഞു. അതിലെ അഭിനയത്തിന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ എന്നെ പ്രശംസിക്കുകയും ചെയ്തു.
വലിയ ഇടവേള
1980നു ശേഷം സിനിമയിൽനിന്ന് വലിയൊരു ഇടവേളയെടുത്തു. മകൻ ജോർജിനെ (വിഷ്ണു) വളർത്തുന്നതിനായിരുന്നു അത്. പ്രസവിച്ചതുകൊണ്ടുമാത്രമായില്ല, മക്കളെ നല്ലരീതിയിൽ വളർത്തുകകൂടി വേണമെന്ന് തോന്നി.
ചെറുപ്പം മുതൽ ചിത്രരചനയോട് താൽപര്യമുണ്ടായിരുന്നു. ആറാം വയസ്സിൽ വരക്കാൻ തുടങ്ങി. അത് എല്ലാ കാലത്തും ഒരു പാഷനായി എന്റെ കൂടെയുണ്ടായിരുന്നു. ഞാൻ വരച്ച ചിത്രങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചിരുന്നു. 25 വർഷത്തിനിടെ വരച്ച നൂറോളം ചിത്രങ്ങളായിരുന്നു പ്രദർശനത്തിലുണ്ടായിരുന്നത്. ചിത്രപ്രദർശനത്തിൽ നല്ല പ്രതികരണങ്ങൾ ലഭിച്ചു.
സന്തോഷങ്ങളും സങ്കടങ്ങളും
60ലധികം വർഷത്തെ അഭിനയ ജീവിതത്തിൽ ഒരുപാട് നല്ല നിമിഷങ്ങളുണ്ടായിരുന്നു. അഭിനയരംഗത്തു മാത്രമല്ല, സംവിധാനത്തിലും തിരക്കഥ രചനയിലുമെല്ലാം ഞാനുണ്ടായിരുന്നു. ‘യക്ഷഗാന’വും, ‘ശിഖരങ്ങളും’ ഞാൻ സംവിധാനം ചെയ്ത പടങ്ങളാണ്. ‘ഒന്നു ചിരിയ്ക്കൂ’ എന്ന ചിത്രത്തിന് കഥയെഴുതി. ‘കള്ളിച്ചെല്ലമ്മ’, ‘ഉമ്മാച്ചു’, ‘അനുഭവം’, ‘അകലെ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം തേടിയെത്തിയിരുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടാനായി. മാത്രമല്ല, ജെ.സി. ഡാനിയേൽ അവാർഡും എന്നെ തേടിയെത്തി. ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ നടി ഞാനായിരുന്നു എന്നതിലാണ് ആ സന്തോഷം.
ഏറെ അടുപ്പമുണ്ടായിരുന്നവരുടെ മരണമാണ് ഏറ്റവും വലിയ സങ്കടം. സത്യൻ സാർ, നസീർ, ജയൻ തുടങ്ങിയവരുടെ മരണം വളരെ വേദനിപ്പിച്ചിരുന്നു. ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച അടൂർ ഭാസി, ബഹദൂർ തുടങ്ങിയവരുടെയും വേർപാടും വേദനിപ്പിച്ചു. ഒരുമിച്ചഭിനയിച്ച രംഗങ്ങൾ സിനിമകളിൽ കാണുമ്പോൾ ഇപ്പോഴും കണ്ണു നിറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.