അഹ്മദ് പട്ടേലിന്റെ മകൾ പറയുന്നു, പാർട്ടിയിലെ തമ്മിലടി ബി.ജെ.പി മുതലാക്കുകയാണ്
text_fieldsകോൺഗ്രസ് പാർട്ടി ഹൈകമാൻഡിന്റെ അടുപ്പക്കാരനായിരുന്ന അഹ്മദ് പാട്ടേലിനെ മലയാളികൾ മറന്നുകാണില്ല. നാല് വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിക്കും വരെ ഹൈകമാൻഡിന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം. മൂന്നുതവണ പട്ടേൽ ജയിച്ച ഗുജറാത്തിലെ ഭറൂച്ച് ലോക്സഭ മണ്ഡലത്തിൽ ആദ്യമായി കോൺഗ്രസ് സ്ഥാനാർഥിയില്ല. സീറ്റ് ആം ആദ്മി പാർട്ടിക്ക് വിട്ടുനൽകിയിരിക്കുകയാണ്. അഹ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേൽ സ്ഥാനാർഥിയാകാൻ ആഗ്രഹിച്ചിരുന്നു. സീറ്റിൽ ആപ് തങ്ങളുടെ സിറ്റിങ് എം.എൽ.എയായ ആദിവാസി നേതാവ് ചൈതർ വാസവയെ സ്ഥാനാർഥിയാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭാറൂച്ചിലെ പീർഅമൻ ഗ്രാമത്തിലെ വീട്ടിലെത്തിയ മുംതാസ് പട്ടേൽ നൽകിയ ആഭിമുഖത്തിൽനിന്ന്:
‘ഇൻഡ്യ’ സഖ്യം സീറ്റ് ആപ്പിന് വിട്ടുനൽകിയില്ലായിരുന്നുവെങ്കിൽ ഭറൂച്ചിൽ നിങ്ങൾ കോൺഗ്രസ് സ്ഥാനാർഥിയാകുമായിരുന്നോ?
ആദ്യമായാണ് ഇവിടെ കോൺഗ്രസ് മത്സരിക്കാതിരിക്കുന്നത്. പാരമ്പര്യം തുടർന്ന് പാർട്ടി മത്സരിക്കണമെന്നും ജയിക്കണമെന്നും പ്രവർത്തകർ ആഗ്രഹിച്ചു. കഴിഞ്ഞതവണ നിയമസഭ സീറ്റിൽ മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി മാറിനിന്നതാണ്. സ്ഥാനാർഥിയാകുമെന്ന ഉറപ്പിൽ മണ്ഡലത്തിൽ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. തീർച്ചയായും നിരാശയുണ്ടായിരുന്നു. പിതാവ് മൂന്നുതവണ പ്രതിനിധീകരിച്ച മണ്ഡലമാണിത്. അഞ്ചുതവണ അദ്ദേഹം രാജ്യസഭ അംഗവുമായിരുന്നു. പിന്നീട് സീറ്റിൽ ജയിക്കാനായില്ലെങ്കിലും കോൺഗ്രസ് ശക്തമാണ്. സഖ്യ തീരുമാനപ്രകാരം സീറ്റ് ആപ്പിന് വിട്ടുകൊടുക്കേണ്ടി വന്നു. ഇൻഡ്യാ സഖ്യത്തിന് പരമാവധി സീറ്റ് കിട്ടുക എന്നതാണ് മുഖ്യ ലക്ഷ്യം.
ആപ് സ്ഥാനാർഥി ചൈതർ വാസവയും പദയാത്രകളും മറ്റും സംഘടിപ്പിച്ച് ഒരുവർഷമായി ലോക്സഭ തെരഞ്ഞെടുപ്പിനുവേണ്ടി പ്രവർത്തിച്ചിരുന്നല്ലോ?
ഇൻഡ്യാ സഖ്യം ഉണ്ടായിരുന്നില്ലെങ്കിൽ ഇവിടെ ത്രികോണമത്സരം ഉണ്ടാകുമായിരുന്നു. അദ്ദേഹം ആദിവാസി നേതാവാണ്. സിറ്റിങ് എം.എൽ.എയാണ്. ഭറൂച്ച് ലോക്സഭ മണ്ഡലത്തിന് കീഴിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ഒരിടത്ത് മാത്രമേ അവർക്ക് സ്വാധീനമുള്ളൂ. ശേഷിച്ച മണ്ഡലങ്ങളിൽ കോൺഗ്രസിനാണ് സ്വാധീനം. സഖ്യത്തിന്റെ വിജയത്തിനായി പരമാവധി ശ്രമിക്കുന്നുണ്ട്.
മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭാഗമാണോ?
ഇതുവരെ ഇവിടെ പ്രചാരണത്തിൽ പങ്കെടുത്തിട്ടില്ല. മറ്റു മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥിക്കൾക്കായുള്ള പ്രചാരണ തിരക്കിലാണ്. ജില്ല കോൺഗ്രസ് പ്രചാരണത്തിൽ സജീവമാണ്.
സൂറത്തിൽ സംഭവിച്ചത്?
ജനാധിപത്യത്തിന്റെ ഹത്യയാണത്. സൂറത്തിൽ ബി.ജെ.പി ജയിച്ചെന്നാണ് പറയുന്നത്. ജയിക്കുകയല്ല; ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് ചെയ്തത്. ഒരു തുടക്കമാണിത്. ഇനിയും ആവർത്തിച്ച് ജനാധിപത്യവും തെരഞ്ഞെടുപ്പും ഇല്ലാതാക്കാനാണ് ശ്രമം.
എന്തുകൊണ്ടാണ് കോൺഗ്രസ് ഗുജറാത്തിൽ പിന്നാക്കം പോകുന്നത്? കോൺഗ്രസിനെ ദുർബലമാക്കാനുള്ള ബി.ജെ.പി തന്ത്രങ്ങൾ ബാധിച്ചോ?
ഗ്രാമങ്ങളിലും മറ്റും പാർട്ടിക്ക് ശക്തമായ വോട്ടുബാങ്കുണ്ട്. വർഷങ്ങളായി പാർട്ടിയിൽ വിശ്വാസമർപ്പിച്ച് കൂടെനിൽക്കുന്നവരുണ്ട്. ഗുജറാത്തിൽ ആവർത്തിച്ചു തോൽവി നേരിടുന്നതിനാൽ അലസത ബാധിച്ചിട്ടുണ്ടെന്നത് നേരാണ്. ഉൾപോരുകൾ നിയന്ത്രിച്ച് കൂടുതൽ സംഘാടനം നടത്തണം. താഴേ തട്ടുമുതൽ ഉന്നതങ്ങളിൽവരെ ഗ്രൂപ്പിസമാണ്. പാർട്ടിയിലെ തമ്മിലടി ബി.ജെ.പി മുതലാക്കുകയാണ് ചെയ്യുന്നത്. ഭരണം കൈയിലുള്ളതുകൊണ്ട് കാര്യങ്ങൾ അവർക്ക് എളുപ്പമാണ്.
ഗ്രൂപ്പിസത്തിന്റെ ഭാഗമായി നിങ്ങളുടെ പിതാവിന് കേരളത്തിൽ ഇരട്ടപ്പേരുണ്ടായിരുന്നു. അലൂമിനിയം പട്ടേൽ!! അതേക്കുറിച്ച് കേട്ടിരുന്നോ?
(പൊട്ടിച്ചിരി). കേട്ടിട്ടുണ്ട്. അദ്ദേഹം അലൂമിനിയമല്ല പാർട്ടിയുടെ നട്ടെല്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭാവത്തിൽ പലരുമിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹം വിടപറഞ്ഞിട്ട് നാലുവർഷമായി. ഇപ്പോഴും ആളുകൾ അദ്ദേഹത്തെ പാർട്ടിയുടെ എല്ലാമായി ഓർക്കുന്നു.
കേരളത്തിൽ അദ്ദേഹം ജനപ്രിയനായിരുന്നു.
അത് നേരിൽ അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം അനുസ്മരണ ചടങ്ങിന് കേരളത്തിൽ വന്നിരുന്നു. നേതാക്കൾക്കും സാധാരണ പ്രവർത്തകർക്കും അദ്ദേഹം എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നെന്ന് നേരിൽ കണ്ടു. കേരളത്തിൽ മാത്രമല്ല എവിടെ ചെന്നാലും ആളുകൾ ആ സ്നേഹം പ്രകടിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെല്ലുന്നിടത്തെല്ലാം എനിക്ക് കിട്ടുന്ന സ്നേഹം അദ്ദേഹത്തിന്റെ മകളായതിനാലാണ്.
അഹ്മദ് പട്ടേലിന്റെ മക്കളെ (മകൻ ഫൈസൽ പട്ടേൽ) ഭാവിയിൽ ദേശീയരാഷ്ട്രീയത്തിൽ പ്രധാന റോളിൽ കാണാൻ കഴിയുമോ?
ഞങ്ങൾ കോൺഗ്രസ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ്. പിതാവിന്റെ കോൺഗ്രസ് പാരമ്പര്യം മുറുകെപ്പിടിച്ച് പ്രവർത്തിക്കും.
തെരഞ്ഞെടുപ്പിലെ പ്രതീക്ഷ?
ഫലം വരാൻ ഒരുമാസം ബാക്കിയുണ്ട്. ഇപ്പോൾ ഒന്നും പറയാനാകില്ല. മോദിജിയുടെ ഹാട്രിക് ശ്രമത്തിന് തടയിടുകയാണ് ലക്ഷ്യം. നീതിയുക്തമായി തെരഞ്ഞെടുപ്പ് നടന്നാൽ മോദിജി അധികാരത്തിൽ വരില്ല. അധികാരം, പണം, സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു ഫാഷിസ സ്വഭാവമാണ് സർക്കാറിന്. അതുകൊണ്ടാണ് വ്യത്യസ്ത ആശയക്കാരായിട്ടും മുഴുവൻ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചത്. ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കുകയാണ് ലക്ഷ്യം.
ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ?
നേട്ടങ്ങളുടെ റിപ്പോർട്ട് കാർഡ് മുന്നിൽ വെക്കാനില്ലാത്തത് കൊണ്ടാണ് വർഗീയ പരാമർശങ്ങൾ നടത്തുന്നത്. എന്തിനെയും ട്വിസ്റ്റ് ചെയ്യുന്നതിലും വളച്ചൊടിക്കുന്നതിലും വിദഗ്ധനാണദ്ദേഹം. സ്വന്തം ജനങ്ങളെ പ്രീണിപ്പിക്കുന്നത് എങ്ങനെയാണ് കുറ്റകരമാകുന്നത്? സമ്പത്ത് തുല്യമായി വീതിക്കപ്പെടും എന്നതിനെയാണ് അദ്ദേഹം വളച്ചൊടിച്ചത്. പൊതുവികാരം കൊണ്ടാണ് അദ്ദേഹം കളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.