കഥ ഇതുവരെ: സ്കോർ കോൺഗ്രസിന്
text_fieldsലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കാണുന്ന അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ മൂന്നും കഴിഞ്ഞപ്പോൾ കോൺഗ്രസിന്റെ പ്രകടനം വിലയിരുത്തുകയാണ് അണിയറ നിയന്ത്രണം നടത്തുന്ന സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ
അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ സാധ്യതകൾ എങ്ങനെ വിലയിരുത്തുന്നു?
ഇതുവരെ സ്കോർ കോൺഗ്രസിനാണ്. ഛത്തിസ്ഗഢിലും മധ്യപ്രദേശിലും കോൺഗ്രസ് സർക്കാർ വരുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. മിസോറമിൽ സർക്കാറുണ്ടാക്കുന്നതിൽ കോൺഗ്രസ് പങ്കുവഹിക്കും. ഇനി വോട്ടെടുപ്പ് ബാക്കിയുള്ള രാജസ്ഥാനിലും തെലങ്കാനയിലും കോൺഗ്രസിനു തന്നെയാണ് മേൽക്കൈ. അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. തെലങ്കാനയിൽ ഭരണവിരുദ്ധ വികാരം ബി.ആർ.എസിനെ തറപറ്റിക്കും. രാജസ്ഥാനിൽ തുടർഭരണത്തിന് വഴിയൊരുങ്ങും.
രാജസ്ഥാനിൽ തുടർഭരണം അവകാശപ്പെടാൻ എന്താണ് കാരണങ്ങൾ?
ഗെഹ് ലോട്ട് സർക്കാറിന്റെ ജനപക്ഷ പ്രവർത്തനങ്ങൾ ജനവിശ്വാസം നേടിയെടുത്തതുതന്നെ. വിവിധ വിഭാഗങ്ങൾക്കായി നിരവധി വാഗ്ദാനങ്ങൾ മുന്നോട്ടുവെക്കുന്നു. ഭരണവിരുദ്ധ വികാരമില്ല. കർണാടകത്തിന്റെ തുടർച്ചയെന്നോണം ഭാരത് ജോഡോ യാത്ര പ്രയോജനമുണ്ടാക്കാൻ പോവുന്ന അടുത്ത സംസ്ഥാനം, രാഹുൽ ഗാന്ധി ഏറ്റവും കൂടുതൽ നടന്ന രാജസ്ഥാനാണ്. ആ ആവേശം നിലനിൽക്കുന്നു. ബി.ജെ.പിയിലെ ഭിന്നതകൾ അവരുടെ പ്രവർത്തന ഏകോപനം പോലും ഇല്ലാതാക്കുന്നു.
അഞ്ചു വർഷത്തിനിടയിൽ രണ്ടുതരത്തിലുള്ള വെല്ലുവിളികളിലൂടെയാണ് കോൺഗ്രസ് സർക്കാർ മുന്നോട്ടുപോയത്. പാർട്ടിക്കുള്ളിലെ പോര്. അതിനൊത്ത് ബി.ജെ.പി നടത്തിയ അട്ടിമറി ശ്രമങ്ങൾ. അതിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ലേ?
ഈ രണ്ടു വിഷയങ്ങളും അലട്ടി എന്നത് സത്യമാണ്. പക്ഷേ, വിജയകരമായി അവ തരണം ചെയ്തു. ആ ആത്മവിശ്വാസം കൂടി കോൺഗ്രസിനുണ്ട്.
ഗെഹ് ലോട്ട്, സചിൻ പൈലറ്റ് എന്നിവരുടെ ഏകോപിത പ്രവർത്തനം തെരഞ്ഞെടുപ്പിൽ വേണ്ടത്ര കാണുന്നുണ്ടോ?
അങ്ങനെ ചിത്രീകരിക്കുന്നതാണ്. രണ്ടുപേർക്കും എല്ലാറ്റിലും ഒരുപോലെ ചിന്തിക്കാൻ കഴിഞ്ഞെന്നുവരില്ല. അവർക്ക് അവരുടെ കാഴ്ചപ്പാടുകളുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നുള്ളവർ കൂടി എത്തി, എല്ലാവരും ഒരുമിച്ചിരുന്നു നടത്തിയ ചർച്ചകൾ വളരെ സൗഹാർദപരമായിരുന്നു.
ഏതുസ്ഥലത്തും ഒന്നിച്ചു പ്രചാരണത്തിന് തയാറാണെന്ന് ഇരുവരും പറഞ്ഞിട്ടുമുണ്ട്. രാഹുൽ ഗാന്ധിക്കൊപ്പം അവർ രണ്ടുപേരും കഴിഞ്ഞ ദിവസം ഒരു വേദിയിൽ ഒന്നിച്ചുവന്നു. അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറിയെന്ന് അവകാശപ്പെടുന്നില്ല. എന്നാൽ, അത് തെരഞ്ഞെടുപ്പിൽ ബാധിക്കാതിരിക്കാനുള്ള പക്വത അവർ കാണിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ അത് കൂടുതൽ പ്രകടമാവും.
നേതാക്കൾക്കിടയിൽ ഉണ്ടായെന്നു പറയുന്ന ഐക്യം താഴേത്തട്ടിലെ പ്രവർത്തകരിലേക്ക് എത്തിയെന്നു പറയാനാവുമോ?
ഒറ്റയടിക്ക് എല്ലാം നേരെയായി എന്ന് ഞാൻ പറയുന്നില്ല. മനോഭാവം അതിവേഗം മാറുന്നുണ്ട്. ഇനിയുള്ള ഒരാഴ്ചക്കിടയിൽ അത് കാണാനാവും. അതിന് പ്രത്യേക ശ്രദ്ധ പാർട്ടി നൽകുന്നുണ്ട്. ഞങ്ങൾക്ക് മാത്രമല്ല ഇത്തരം പ്രശ്നങ്ങൾ. ബി.ജെ.പിക്കുള്ളിലെ സ്ഥിതി എന്താണ്?
കോൺഗ്രസിന് അധികാരം വീണ്ടും കിട്ടിയാൽ ആരാണ് അടുത്ത രാജസ്ഥാൻ മുഖ്യമന്ത്രി?
- അതിന് പാർട്ടിക്ക് വ്യവസ്ഥാപിതമായ രീതിയുണ്ട്. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിട്ട് തെരഞ്ഞെടുപ്പില്ല. എം.എൽ.എമാരുടെ അഭിപ്രായം കേട്ട് ഹൈകമാൻഡ് തീരുമാനിക്കും.
ഹൈകമാൻഡിന്റെ ചർച്ചകളിൽ തീരുമാനിക്കപ്പെട്ടത് രാജസ്ഥാനിൽ ലംഘിക്കപ്പെട്ടിട്ടില്ലേ?
കഴിഞ്ഞകാല സംഭവങ്ങൾ ഈ ഘട്ടത്തിൽ പോസ്റ്റുമോർട്ടം ചെയ്തിട്ട് എന്തുകാര്യം? കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ് ലോട്ടിനെ മത്സരിപ്പിക്കാൻ നിശ്ചയിച്ച പശ്ചാത്തലത്തിലാണ് ചില വിഷയങ്ങൾ ഉണ്ടായത്. അതിപ്പോൾ അടഞ്ഞ അധ്യായമാണ്.
അഴിമതി, സ്ത്രീ സുരക്ഷ എന്നിവയാണ് സർക്കാറിനെതിരെ ബി.ജെ.പി ശക്തമായി തെരഞ്ഞെടുപ്പുരംഗത്ത് ഉയർത്തുന്നത്. അതിനെ കോൺഗ്രസ് എങ്ങനെ കാണുന്നു?
സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ ബി.ജെ.പിക്ക് എങ്ങനെ കഴിയും? ഡൽഹിയിൽ അവർ കാണിച്ച മാതൃക എന്താണ്? ബി.ജെ.പി രാജസ്ഥാൻ ഭരിച്ച കാലത്തെ അഴിമതിക്കേസുകളിൽ നിന്ന് മുക്തമാകാൻ ഇപ്പോഴും അവർക്ക് കഴിഞ്ഞിട്ടുണ്ടോ? എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഇ.ഡിയെ ഉപയോഗിച്ച് നേരിടുകയാണ്.
രാജസ്ഥാനിലും അതുതന്നെ ചെയ്യുന്നു. ബി.ജെ.പി കേന്ദ്രം ഭരിക്കുമ്പോൾ നിഷ്പക്ഷവും തുല്യവുമായ സമീപനം തെരഞ്ഞെടുപ്പിൽ കാണാത്ത സ്ഥിതിയാണ്. പെരുമാറ്റച്ചട്ടം ബി.ജെ.പിക്ക് ബാധകമല്ല. ബി.ജെ.പി സ്പോൺസർ ചെയ്യുന്ന വാർത്തകളാണ് പല മാധ്യമങ്ങളിലും വരുന്നത്. ഇതിനെയെല്ലാം അതിജീവിച്ചാണ് ഞങ്ങൾ ജയിക്കുന്നത്.
രാജസ്ഥാനിൽ ജനരോഷം ഉണ്ടായിട്ടും, സിറ്റിങ് എം.എൽ.എമാർക്ക് കൂടുതലായി സീറ്റ് നൽകിയത് കോൺഗ്രസിന്റെ സാധ്യതകളെ ബാധിച്ചിട്ടുണ്ടോ?
സിറ്റിങ് എം.എൽ.എമാരോട് ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് പറയുന്നത് ആപേക്ഷികമായ വാദഗതിയാണ്. ചില എം.എൽ.എമാരോട് അതൃപ്തി ഉണ്ടെന്നുവരാം. അതേസമയം, മണ്ഡലത്തിലെ അവരുടെ സ്വാധീന ശക്തി കാണാതിരിക്കാനാവില്ല. അതു മറികടക്കാൻ പറ്റിയ സ്ഥാനാർഥി ഇല്ലെന്നുവന്നാൽ ജയസാധ്യത കൂടി തൂക്കിനോക്കേണ്ടിവരും. പറയുന്നത്ര തിരസ്കരണം ഉണ്ടാവില്ലെന്ന വിലയിരുത്തലിലാണ് മുന്നോട്ടുപോയത്.
പ്രതിപക്ഷ ഐക്യം ശക്തിപ്പെടേണ്ട ഘട്ടത്തിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇൻഡ്യ കൂട്ടായ്മയോട് കോൺഗ്രസ് നീതി കാണിച്ചോ?
പരമാവധി ശ്രമിച്ചു. രാജസ്ഥാനിൽ സി.പി.എമ്മുമായി ഒന്നിച്ചുനിൽക്കാൻ ആത്മാർഥമായി ശ്രമിച്ചതാണ്. സീക്കറിലെ ഒരു സീറ്റിനെ ചൊല്ലിയാണ് അത് തെറ്റിപ്പോയത്. ഞങ്ങളുടെ മുൻ പി.സി.സി പ്രസിഡന്റിന്റെ സീറ്റിലാണ് സി.പി.എം സെക്രട്ടറി മത്സരിക്കുന്നത്. ആ സീറ്റ് വിട്ടു കൊടുക്കാൻ കോൺഗ്രസിന് കഴിയില്ല. മറ്റേതു സീറ്റിലും വിട്ടുവീഴ്ചയാകാമെന്ന് പറഞ്ഞതാണ്. അവരും വിട്ടുവീഴ്ചക്ക് തയാറായില്ല.
ഫലത്തിൽ രണ്ടു കൂട്ടർക്കും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത സീറ്റായി അതുമാറി. അങ്ങനെയാണ് സഖ്യശ്രമം അലസിയത്. സി.പി.എമ്മിനെ അകറ്റിനിർത്തുന്ന സമീപനം രാജസ്ഥാനിലെ കോൺഗ്രസ് കാണിച്ചിട്ടില്ല. രണ്ടു ഡസനിലേറെ പാർട്ടികളുടെ കൂട്ടായ്മ നിയമസഭ തെരഞ്ഞെടുപ്പിൽ പൂർണാർഥത്തിൽ നടപ്പാക്കാൻ പ്രയാസമുണ്ട് എന്നാണ് നേര്. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രാദേശിക താൽപര്യങ്ങൾ കൂടുതലായി കടന്നുവരും. കേരളത്തിൽ കോൺഗ്രസും സി.പി.എമ്മും യോജിച്ചു തെരഞ്ഞെടുപ്പിനുപോകാൻ പറ്റാത്തതുപോലെ.
നേതൃസ്ഥാനത്തുനിൽക്കുന്ന കോൺഗ്രസിന് ഐക്യശ്രമങ്ങൾക്കും അതിനൊത്ത വിട്ടുവീഴ്ചകൾക്കും കൂടുതൽ ഉത്തരവാദിത്തമില്ലേ?
അതേക്കുറിച്ചെല്ലാം തുറന്നുപറയാൻ പോയാൽ ബന്ധങ്ങൾ കൂടുതൽ വഷളാകാനേ ഉപകരിക്കൂ. പ്രതിപക്ഷ പാർട്ടികൾ സഖ്യമുണ്ടാക്കുന്നത് ബി.ജെ.പിയെ തോൽപിക്കാനല്ലേ? ആ സ്പിരിറ്റിൽ നിന്നുകൊണ്ട് പരമാവധി ശ്രമിക്കുന്നുണ്ട്. തെലങ്കാനയിൽ സി.പി.ഐയുമായി സഖ്യമുണ്ടാക്കിയത് അതുകൊണ്ടാണ്. സി.പി.എമ്മുമായുള്ള സഖ്യശ്രമം ഉദ്ദേശിച്ചപോലെ മുന്നോട്ടു പോയില്ല. ഒപ്പം നിൽക്കുന്നവരെക്കൂടി വിശ്വാസത്തിലെടുത്തു മാത്രമേ മുന്നോട്ടുപോകാനാവൂ. അല്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.