സംഗീതമീ ജീവിതം...
text_fieldsദമ്മാം: മലയാള സിനിമയിൽ ശ്രുതിമധുരമായ ഒരു ശബ്ദം ഉയർന്നുവരുന്നുണ്ട്. അത് പുതുതലമുറയിൽനിന്നടക്കം സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടംപിടിച്ച ബൽറാമിന്റെതാണ്. ജീവിതത്തിൽ പലരും സ്വപ്നം കണ്ടത് വെറും 25ാം വയസിൽ നേടിയ ഈ ഗായകന്റെ വിജയം യാദൃച്ഛികമോ അനായാസമോ ആയിരുന്നില്ല, അത് അഭിനിവേശത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും സംഗീതത്തോടുള്ള സമർപ്പണത്തിന്റെയും ഫലമായിരുന്നു.
ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ സീസൺ ഒമ്പതിലെ ഫൈനലിസ്റ്റും മലയാളി എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ‘മറന്നുവോ പൂമകളേ’, ‘ഹരി മുരളീ രവം’ പോലെയുള്ള ഗാനങ്ങൾ മധുരോദാരമായി ആലപിച്ച് പ്രേക്ഷകരെയും വിധികർത്താക്കളെയും സഹ-മത്സരാർഥികളെയും ഒരുപോലെ വിസ്മയിപ്പിച്ച ഗായകനാണ് ബൽറാം. പാലക്കാട്ടുകാരനായ ഈ യുവഗായകൻ ദമ്മാമിൽ അരങ്ങേറിയ ‘ഹാർമോണിയസ് കേരള’ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ‘ഗൾഫ് മാധ്യമ’വുമായി തന്റെ വിശേഷങ്ങൾ പങ്കുവെച്ചു.
കോഴിക്കോടിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ജനനം. തുടക്കം മുതൽ തന്നെ സംഗീതത്തിൽ മുഴുകി. അച്ഛനും അമ്മയും സംഗീത പ്രിയരാണ്. അച്ഛൻ പഴയ ക്ലാസിക്കൽ ഗാനങ്ങൾ മൂളിനടക്കുമ്പോൾ അടുക്കളയിലെ ജോലിക്കിടയിലും ഭക്തിഗാനങ്ങൾ മൂളുന്ന അമ്മ. അതുകൊണ്ടുതന്നെ ബൽറാമിലെ ഗായകനെ കുട്ടിക്കാലത്തുതന്നെ തിരിച്ചറിയാൻ ആ മാതാപിതാക്കൾക്ക് എളുപ്പം കഴിഞ്ഞു.
അഞ്ചാം വയസ്സിൽ ഒറ്റപ്പാലത്ത് സംഗീത് ഭവൻ മ്യൂസിക് സ്കൂളിൽ ചേർത്തു. ഹൈസ്കൂളിലായപ്പോൾ ഗുരുവായൂർ മേൽശാന്തിയായിരുന്ന കൃഷ്ണൻ നമ്പൂതിരിയുടെ അടുക്കൽ സംഗീതം അഭ്യാസിക്കാൻ തുടങ്ങി. ഇപ്പോഴും അതാണ് തുടരുന്നത്. അതിനിടെ എപ്പോഴോ പാട്ട് ഒരു പ്രഫഷനാക്കണം എന്ന് തോന്നി. ചെമ്പൈ മ്യൂസിക് കോളജിൽനിന്ന് സംഗീതത്തിൽ ബിരുദം. അതായിരുന്നു ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ നേട്ടം, വഴിത്തിരിവും.
ആ നാളുകളെ കുറിച്ച് ഏറെ സന്തോഷത്തോടെയാണ് ബൽറാം ഇപ്പോഴും ഓർക്കുന്നത്. ‘എനിക്ക് ഒരു കാഥികന്റെ ശബ്ദമുണ്ടെന്ന് എന്റെ ഗുരുനാഥൻ പലപ്പോഴും പറയുമായിരുന്നു. ഇത് ഒരുനാൾ മലയാള സിനിമയിൽ എന്റെ ഐഡൻറിറ്റിയായി മാറുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല...’ ബൽറാം പറയുന്നു.
താരപദവിയിലേക്കുള്ള ബൽറാമിന്റെ പ്രയാണം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മുഴുവൻ സമയ സംഗീതം പിന്തുടരുന്നതിനായി 18ാം വയസ്സിൽ കൊച്ചിയിലേക്ക് താമസം മാറി. ഓഡിഷനുകളിൽ പങ്കെടുക്കുമ്പോഴും സംഗീത സംവിധായകർക്ക് ഡെമോ ടേപ്പുകൾ അയക്കുമ്പോഴും ഉപജീവനത്തിനായി പാർട്ട് ടൈം ജോലികൾ ചെയ്തു.
ആറേഴ് വർഷമായി ഗാനമേളകളിൽ പാടുന്നുണ്ട്. സ്റ്റാർ സിങ്ങറിലേക്ക് പെട്ടെന്ന് വന്നതല്ല. ആറേഴ് വർഷമായി പല റിയാലിറ്റി ഷോകളുടെയും ഓഡിഷനുകളിൽ പങ്കെടുത്തിരുന്നു. എന്നാൽ പ്രവേശനം കിട്ടിയത് സ്റ്റാർ സിങ്ങറിൽ. അതിൽ എത്തിയതോടെ ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങി. ജനങ്ങൾ കേൾക്കുന്നു എന്നറിയുമ്പോൾ കലാകാരൻ എന്ന നിലയിൽ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ജനങ്ങളുടെ ഇടയിൽ സ്വീകാര്യത ലഭിക്കുക വലിയ കാര്യമായാണ് കരുതുന്നത്. സാമ്പത്തികമായും അഭിവൃദ്ധിപ്പെട്ടത്തിനുപുറമെ കൂടുതൽ മെച്ചപ്പെട്ട അവസരങ്ങളും ലഭിക്കുന്നുണ്ട്.
ലൈവ് പ്രോഗ്രാംസ്, റെക്കോഡിങ്സ് എന്നിവയെല്ലാമായി ജീവിതം സംഗീതത്തിനായി സമർപ്പിക്കാൻ കഴിയുന്നതിൽ ചാരിതാർഥ്യമുണ്ട്. സംഗീതമല്ലാതെ മറ്റൊരു ജോലിയെപറ്റി ഇപ്പോൾ ചിന്തിക്കുന്നില്ല. മുഴുവൻ സമയ സംഗീതജ്ഞൻ ആകാനാണ് ഇഷ്ടം. സ്വന്തമായി സംഗീതസംവിധാനം നിർവഹിച്ച് ഒന്നും ഇറങ്ങിയിട്ടില്ലെങ്കിലും പണിപ്പുരയിലാണ്. ആൽബങ്ങളിലും സിനിമകളിലുമൊക്കെ പാടുന്നുണ്ട്. അഞ്ച് സിനിമകളിൽ പാടിക്കഴിഞ്ഞു.
‘സല്ലാപം’ സിനിമയിലെ ‘ചന്ദനച്ചോലയിൽ മുങ്ങി നീരാടിയെൻ ഇളമാൻ കിടാവേ ഉറക്കമായോ’ എന്ന ഗാനമാണ് പാടാൻ ഏറെ ഇഷ്ം. മിക്കവാറും എല്ലാ ഗായകരെയും ഇഷ്ടമാണ്. ഒരു സാധാരണ വ്യക്തി എന്ന നിലയിൽ ദാസേട്ടന്റെ ആരാധകനാണ്.
ഒരേസമയം ഗൃഹാതുരത്വവും സന്തോഷവും വാഞ്ഛയും ഉണർത്താനുള്ള സ്വതഃസിദ്ധമായ കഴിവ് ബൽറാമിന്റെ ശബ്ദത്തിനുണ്ട്. അത് പ്രണയത്തെ കുറിച്ചുള്ള ഹൃദ്യമായ ഒരു ഗാനമായാലും ഉത്സാഹഭരിതമായ ഒരു ഉത്സവ ഗാനമായാലും. അച്ഛൻ, അമ്മ, അനുജത്തി എന്നിവർ അടങ്ങിയതാണ് കുടുംബം. അച്ഛൻ ഒറ്റപ്പാലത്ത് അമ്പലത്തിൽ ക്ലർക്കാണ്. അമ്മ വീട്ടു കാര്യങ്ങൾ നോക്കി നടത്തുന്നു. അനുജത്തി ഡി.എം.എൽ.ടി കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.