ജനകീയ വിഷയങ്ങളിൽ ബി.ജെ.പിയെ തളച്ചിട്ടു
text_fieldsഉത്തർപ്രദേശിൽ ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന വി.ഐ.പി മണ്ഡലമായ ഗാസിയാബാദിൽ ഇത്തവണ കടുത്ത മത്സരത്തിലൂടെ ഭരണകക്ഷിയെ തളച്ചിട്ട കോൺഗ്രസ് നേതാവാണ് ഡോളി ശർമ. ഹിന്ദു-മുസ്ലിം ചർച്ചക്ക് മേൽക്കൈ നേടാൻ അവസരം കൊടുക്കാതെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലും ഉത്തർപ്രദേശിൽ ജനകീയ, വികസന വിഷയങ്ങളിൽ ബി.ജെ.പിയെ തളച്ചിട്ടതെങ്ങനെയെന്ന് ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽ ഡോളി ശർമ പറയുന്നു
ഹേമ മാലിനി മത്സരിച്ച മഥുരയും മഹേഷ് ശർമ മത്സരിച്ച ഗൗതം ബുദ്ധ് നഗറും പോലെ ബി.ജെ.പിക്ക് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ അനായാസം ജയിക്കാമായിരുന്ന ഗാസിയാബാദ് മണ്ഡലത്തിൽ ബി.ജെ.പിക്ക് ഇത്തവണ അത്യധ്വാനം ചെയ്യേണ്ടി വന്നതെന്തുകൊണ്ടാണ്?
കേന്ദ്രത്തിലെയും ഉത്തർപ്രദേശിലെയും ബി.ജെ.പി സർക്കാറുകൾ ഗാസിയാബാദിലെ വോട്ടർമാർ കാലങ്ങളായി ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കൊന്നും പരിഹാരം കണ്ടിട്ടില്ല. കഴിഞ്ഞ 15 വർഷവും ഗാസിയാബാദിൽ ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത് ദേശീയ വിഷയങ്ങൾ ഉയർത്തിക്കാണിച്ചായിരുന്നു. അതിൽ ജനങ്ങൾ അങ്ങേയറ്റം നിരാശരാണ്. ഇക്കുറിയെങ്കിലും തങ്ങളുടെ പ്രശ്നപരിഹാരത്തിന് അവർ മുൻഗണന നൽകി.
മണ്ഡലത്തിലെ വിഷയങ്ങൾ അവർ ചർച്ച ചെയ്തു. റോഡുകളുടെ ശോച്യാവസ്ഥയും ആശുപത്രികളുടെയും സ്കൂളുകളുടെയും അപര്യാപ്തതയും അവർ ചൂണ്ടിക്കാട്ടി. നഗരപ്രാന്തങ്ങളിലും ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിലും തെരുവുവിളക്കുകളില്ല. ഗാസിയാബാദിലെ പല ഭാഗങ്ങളിലും കുടിവെള്ള വിതരണമില്ല.
കേന്ദ്രമന്ത്രിയായിരുന്ന സിറ്റിങ് എം.പി ജനറൽ വി.കെ. സിങ്ങിനെപോലൊരാളെ വെട്ടി പ്രാദേശിക നേതാവും എം.എൽ.എയുമായ അതുൽ ഗാർഗിനെ രംഗത്തിറക്കാൻ പ്രേരിപ്പിച്ചത് ഭരണവിരുദ്ധ വികാരമാണോ?
അതെ. നിലവിലുള്ള എം.പിയോടു മാത്രമല്ല, കേന്ദ്രത്തിലെയും യു.പിയിലെയും ബി.ജെ.പി സർക്കാറുകളോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള ഭരണവിരുദ്ധ വികാരം മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ ശക്തമായിരുന്നു. എപ്പോഴും മോദിയുടെ പേരിലാണ് നിങ്ങൾ വോട്ടു ചോദിക്കുന്നത്.
ഇത്തവണ മോദിക്ക് വോട്ടു ചോദിച്ച് വരേണ്ട എന്നും മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി വന്നാൽ മതിയെന്നുമാണ് ബി.ജെ.പി നേതാക്കളോട് വോട്ടർമാർ പറഞ്ഞത്. ബി.ജെ.പി ആരെ നിർത്തിയാലും ജയിപ്പിക്കാൻ കഴിഞ്ഞിരുന്ന ഗാസിയാബാദ് പോലൊരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചർച്ച ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞത് നേട്ടമായി കരുതുന്നു.
ഹിന്ദു-മുസ്ലിം ധ്രുവീകരണത്തിനുള്ള ഭരണകക്ഷിയുടെ പരിശ്രമങ്ങൾക്ക് ഇതിലൂടെ തടയിടാൻ കഴിഞ്ഞെന്ന് കരുതുന്നുണ്ടോ?
തെരഞ്ഞെടുപ്പ് ജയിക്കാൻ ബി.ജെ.പി എന്തും ചെയ്യും. വോട്ടിന് വേണ്ടി കഴിയുന്നതൊക്കെയും അവർ ചെയ്തിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് ജയിക്കാൻ എന്തൊക്കെ ചെയ്യുമെന്ന് പുൽവാമ അടക്കമുള്ളവയിലൂടെ നാം കണ്ടതാണ്. ഇനിയും വല്ലതുമൊക്കെ ആസൂത്രണം ചെയ്യുമെന്നാണ് ഞാൻ കരുതുന്നതും.
ജനകീയ വിഷയങ്ങളുന്നയിച്ച് അതിനെ മറികടക്കാൻ കഴിഞ്ഞുവെന്നാണോ കരുതുന്നത്?
ഗാസിയാബാദിന് സ്വന്തം പ്രശ്നങ്ങൾ ധാരാളം പരിഹരിക്കാനുണ്ട്. ആ വിഷയങ്ങൾ ജനങ്ങൾക്ക് മുന്നിലേക്കിട്ടുകൊടുക്കുകയാണ് ഞങ്ങൾ ചെയ്തത്. ഗ്രേറ്റർ നോയ്ഡയിൽ നടന്ന വികസനം ചൂണ്ടിക്കാട്ടി ഗാസിയാബാദിനെ താരതമ്യം ചെയ്യാൻ ജനങ്ങളോട് പറഞ്ഞു. പാർട്ടിയുടെ അജണ്ടക്കല്ല, വോട്ടർമാരുടെ വിഷയങ്ങൾക്കാണ് തെരഞ്ഞെടുപ്പിൽ മുൻഗണന നൽകേണ്ടതെന്ന് വോട്ടർമാർക്കിടയിൽ കോൺഗ്രസ് നടത്തിയ ഈ പ്രചാരണമേശി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.