'കമ്യൂണിസ്റ്റുകൾ ക്രിമിനലുകൾ; കേരളത്തിന്റെ കാര്യമറിയില്ല'
text_fieldsദാർശനിക ഗരിമയുള്ള ചിത്രങ്ങളിലൂടെ ലോകസിനിമയിലെ അനിഷേധ്യ സാന്നിധ്യമായി മാറിയ ഹംഗേറിയൻ സംവിധായകനാണ് ബേല താർ. ലോകസിനിമയിലെ ആധുനികതയുടെ അവസാനത്തെ വക്താക്കളിലൊരാളായ ഈ അറുപത്തേഴുകാരനാണ് 27ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സംസ്ഥാന സർക്കാർ സമ്മാനിക്കുന്നത്. ബേല താറിന്റെ നിശബ്ദവും കാവ്യാത്മകവുമായ ശൈലിയില്‍ തീര്‍ത്ത ദൃശ്യകാവ്യങ്ങള്‍ ലോകസിനിമയെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്ന ചലച്ചിത്രാസ്വാദകർക്ക് മാറ്റിവെക്കാന്‍ കഴിയുന്നവയല്ല. കമ്യൂണിസ്റ്റ് വ്യവസ്ഥിതിയെയും മുതലാളിത്തത്തെയും സ്വതന്ത്രചിന്തകള്‍ക്ക് വിലങ്ങിടുന്നതുമായ നയങ്ങളെ അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. പ്രശസ്തിയുടെ ഔന്നത്യത്തിൽ നിൽക്കുമ്പോൾതന്നെ സിനിമ സംവിധാനം ചെയ്യുന്നത് അവസാനിപ്പിച്ച ഈ ചലച്ചിത്രകാരൻ തന്റെ രാഷ്ട്രീയത്തെയും സിനിമകളെക്കുറിച്ച് സംസാരിക്കുന്നു.
താങ്കളുടെ സിനിമകളിലെ രാഷ്ട്രീയത്തെക്കുറിച്ച് തുടങ്ങാം. താങ്കൾ കടുത്ത കമ്യൂണിസ്റ്റ് വിരോധിയാണെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?
ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണ് കമ്യൂണിസം. കമ്യൂണിസത്തെ നെഞ്ചോട് ചേർത്തുപിടിച്ച എന്റെ രാജ്യം തന്നെയാണ് അതിനെ വെറുക്കാനും പഠിപ്പിച്ചത്. 16 വയസ്സുവരെ ഞാനൊരു തീവ്ര കമ്യൂണിസ്റ്റായിരുന്നു. പിൽക്കാലത്ത് ഞാൻ ആരാധിച്ചവരൊക്കെ വ്യാജ കമ്യൂണിസ്റ്റുകളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതുവരെ നടന്ന വഴികളിൽ തിരിഞ്ഞുനടക്കാൻ പഠിച്ചത്. ഇന്നുവരെ ഞാനൊരു നല്ല കമ്യൂണിസ്റ്റിനെ കണ്ടിട്ടില്ല.
കമ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണ്. തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും മനുഷ്യത്വ ധ്വംസനങ്ങൾക്കും വേണ്ടിയുള്ള മറയായാണ് കമ്യൂണിസം ലോകനേതാക്കൾ ഉപയോഗിക്കുന്നത്. കമ്യൂണിസവും മാർക്സിസവും എന്താണ് തിരിച്ചറിയാത്തവരാണ് ഇവരിൽ നല്ലൊരു വിഭാഗവും. കേരളത്തിലെ കാര്യം എനിക്കറിയില്ല.
കമ്യൂണിസത്തെ ഇത്രയും ശക്തമായി എതിർക്കേണ്ടതുണ്ടോ?
കമ്യൂണിസത്തിലൂടെയും സോഷ്യലിസത്തിലൂടെയും രക്ഷപ്പെട്ട ഏതെങ്കിലും രാജ്യത്തെ നിങ്ങൾക്കറിയാമോ? എനിക്കറിയില്ല. ചൈനയുടെ പേര് നിങ്ങൾ പറയുമായിരിക്കും. പക്ഷേ, ചൈന മുതലാളിത്ത രാജ്യമാണ്. രാഷ്ട്രീയ പാർട്ടിയുടെ ബാനറിൽ കമ്യൂണിസം ഉണ്ടെന്ന് കരുതി ഭരണത്തിൽ ആ തഴമ്പില്ല. ചൈനയുടെ ഇന്നത്തെ പുരോഗതിക്ക് കാരണം മുതലാളിത്തമാണെന്ന് ഞാൻ പറയും. കമ്യൂണിസത്തിലൂടെ തകർന്നടിഞ്ഞ രാജ്യങ്ങളുടെ ഒരു നിരതന്നെ നമുക്ക് മുന്നിലില്ലേ. പോളണ്ട്, ഹംഗറി, ഈസ്റ്റ് ജർമനി, റഷ്യ; സോഷ്യലിസത്തിൽ കെട്ടിപ്പൊക്കിയ യു.എസ്.എസ്.ആറിന്റെ ഗതി എന്തായി.
പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളെല്ലാം ഇന്ന് ദാരിദ്ര്യത്തിലാണ്. യൂറോപ്യൻ രാജ്യങ്ങളെല്ലാം പുരോഗമിച്ചപ്പോഴും പോളണ്ട് മാത്രം പുരോഗമിച്ചില്ല. എന്തുകൊണ്ട്? ഇന്ന് ഇവിടെയുള്ള ചെറുപ്പക്കാർ കൂടുതലും തൊഴിൽതേടി പോകുന്നത് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. റുമേനിയയിൽ പട്ടിണിയും തൊഴിലില്ലായ്മയും കാരണം പെൺകുട്ടികൾ വ്യഭിചരിക്കാൻ വേണ്ടി ഹംഗറി അടക്കമുള്ള രാജ്യങ്ങളിലേക്ക് വരുന്നു.
കമ്യൂണിസ്റ്റുകാരുടെ ആവേശമായിരുന്ന വെനിസ്വേലയുടെയും ക്യൂബയുടെയും ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ എല്ലാവർക്കും അറിയാവുന്നതല്ലേ. കമ്യൂണിസത്തിന്റെ ഒപ്പം വരുന്നതാണ് ഏകാധിപത്യം. സ്റ്റാലിൻമുതൽ കിം ജോങ് ഉൻവരെ എത്രയെത്ര ക്രൂരന്മാരായ ഭരണാധികാരികൾ. ഭരണം നേടിയെടുക്കാന്‍ മതവിശ്വാസികളെ പ്രീണിപ്പിക്കുകയും അധികാരത്തിലെത്തിയാല്‍ വിശ്വാസദര്‍ശനങ്ങള്‍ നിഷ്കാസനം ചെയ്തും പദ്ധതികള്‍ നടപ്പിലാക്കിയ കമ്യൂണിസത്തിന്റെ വളർച്ച ചരിത്രത്തിലെ കറുത്ത ഏടാണ്.
കമ്യൂണിസത്തെ വെറുക്കുന്ന താങ്കൾ എന്തുകൊണ്ട് ഇടത് സർക്കാർ സമ്മാനിക്കുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നിരസിച്ചില്ല?
കേരള സർക്കാർ എന്റെ രാഷ്ട്രീയത്തിനല്ല ഈ പുരസ്കാരം സമ്മാനിക്കുന്നത്. എന്റെ സിനിമകൾക്കാണെന്നാണ് വിശ്വാസം. എന്റെ രാഷ്ട്രീയം ഈ സർക്കാർ അംഗീകരിച്ചതുകൊണ്ടാണല്ലോ പുരസ്കാരം നൽകുന്നത്. വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും അംഗീകരിക്കുമ്പോഴാണ് നാട് സ്വതന്ത്രമാണെന്ന് ജനത്തിന് അനുഭവപ്പെടുന്നത്. ഒരു കമ്യൂണിസ്റ്റ് സർക്കാറിന് കീഴിൽ ഇത്തരം ചലച്ചിത്രമേളകൾ സംഘടിപ്പിക്കുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമുണ്ട്.
ഇവിടെ വിമർശനത്തിനും പ്രതിഷേധങ്ങൾക്കും വിലക്കില്ലെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഈ പുരസ്കാരം സ്വീകരിക്കാൻ അവശതയിലും ഞാനെത്തിയത്. ഓരോ രാഷ്ട്രത്തിന്റെയും സാംസ്കാരികമായ ചുറ്റുപാടുകള്ക്കിണങ്ങുംവിധം കമ്യൂണിസത്തെ നട്ടുവളര്‍ത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ ചരിത്രം മറ്റൊരു വിധത്തിലായേനെ. പക്ഷേ, എല്ലാവർക്കും സ്റ്റാലിന്റെ കാലുനോക്കി ചെരിപ്പുണ്ടാക്കാനായിരുന്നു ഇഷ്ടം.
ഇത്രയും രാഷ്ട്രീയബോധം വെച്ചുപുലർത്തുമ്പോഴും താങ്കളുടെ സിനിമകളിൽ അത്ര ശക്തമായ രാഷ്ട്രീയം കാണുന്നില്ല. അതെന്തുകൊണ്ടാണ്?
സിനിമയിൽ നേരിട്ട് രാഷ്ട്രീയം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. നിങ്ങൾക്ക് രാഷ്ട്രീയം പറയാം. പക്ഷേ, അത് നേരിട്ടല്ലാതെ ഓരോ പ്രേക്ഷകനും വായിച്ചെടുക്കാവുന്ന രീതിയിലാകണം. ഇതിന്റെ ഗുണമെന്തെന്നാൽ ഭരണകൂടത്തിന്റെ സെൻസർഷിപ്പുകളെ അതിവിദഗ്ധമായി കബളിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് പറയാനുള്ളത് ലോകത്തോട് പറയാം.
പ്രത്യക്ഷത്തിൽ രാഷ്ട്രീയ വിഷയങ്ങൾ അവതരിപ്പിക്കാത്തതിനാൽ എന്റെ ചിത്രങ്ങൾക്ക് ഹംഗറിയിൽ ഭരണകൂടത്തിന്റെ വിലക്ക് നേരിടേണ്ടിവന്നിട്ടില്ല. അപ്പോഴും രാജ്യത്തെ രാഷ്ട്രീയ പ്രശ്നങ്ങളും ജനങ്ങളുടെ അതിജീവന പ്രതിസന്ധികളും കൃത്യമായി അടയാളപ്പെടുത്തിയിട്ടുമുണ്ട്. സ്വന്തം രാഷ്ട്രീയം കാഴ്ചക്കാരന്റെ തലച്ചോറിലേക്ക് കുത്തിയിറക്കാതെ അവന് ചിന്തിക്കാനുള്ള അവസരവും നൽകാനുള്ള കടമ സംവിധായകനുണ്ട്.
പുതിയ കാലത്തെ സംവിധായകരെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഒരുപാട് മികച്ചവ. പക്ഷേ, കഴിവുണ്ടെങ്കിലും അനുഭവങ്ങളാണ് ഇവരിൽ പലർക്കും വെല്ലുവിളിയാകുന്നത്. നല്ല അനുഭവമുള്ള ആളിന് നല്ല സംവിധായകനാകാം. ഫിലിം അക്കാദമികളിലും മറ്റും സെമസ്റ്റർ അടിസ്ഥാനത്തിൽ പഠിക്കേണ്ട ഒന്നല്ല സിനിമ. എനിക്ക് ഈ ലോകം നിയന്ത്രിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ആദ്യം ചെയ്യുക ലോകത്തെങ്ങുമുള്ള ഫിലിം സ്കൂളുകൾ അടച്ചുപൂട്ടാൻ ഉത്തരവിറക്കുകയായിരിക്കും.
2011ൽ പുറത്തിറങ്ങിയ ടൂറിന് ഹോഴ്സിന് ശേഷമാണ് താങ്കൾ ഇനി സിനിമയെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം തെറ്റായിരുന്നെന്ന് തോന്നിയിട്ടുണ്ടോ?
ഒരിക്കലുമില്ല. എന്റെ കാഴ്ചയിൽ ഞാൻ കണ്ട ആശയങ്ങളും ഫ്രെയിമുകളുമാണ് ഇപ്പോഴും ലോകസിനിമയിലുള്ളത്. വിഷയങ്ങളിൽ മാറ്റമുണ്ടാകാം. പക്ഷേ, ഒരേ വിഷയത്തിൽ സിനിമ നിർമിച്ച് ജനത്തെ കൊള്ളയടിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. എനിക്ക് വേണമെങ്കിൽ വീണ്ടുമൊരു 15 ചിത്രങ്ങൾകൂടി ചെയ്യാമായിരുന്നു. പക്ഷേ, മനോഹരമായ ഒരു ബൂർഷ്വ ജോലിയാണ് സിനിമ നിർമാണമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് 2011ൽ ഞാനെന്റെ സിനിമ ജീവിതത്തിന് പാക്കപ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.