ഇൻഡ്യ മുന്നണിയുടെ അവസ്ഥയിൽ ആശങ്ക
text_fieldsരാജ്യം പൊതുതെരഞ്ഞെടുപ്പിനൊരുങ്ങവെ പാർട്ടിയും രാജ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ മനസ്സ് തുറക്കുകയാണ്മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം
- ദേശീയ രാഷ്ട്രീയത്തിലുണ്ടാകുന്ന സംഭവവികാസങ്ങൾ ഇൻഡ്യമുന്നണിയുടെ പ്രതീക്ഷകൾക്ക് ഏതെങ്കിലും തരത്തിൽ മങ്ങലേൽപിക്കുന്നുണ്ടോ?
ഇൻഡ്യ മുന്നണിയുടെ നിലവിലെ അവസ്ഥ ആശങ്കയുളവാക്കുന്നുണ്ട്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിലുണ്ടായ തോൽവി ഇതിനോട് ചേർത്ത് വായിക്കണം. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയുമായും പശ്ചിമബംഗാളിൽ മമതയുമായും ഡൽഹിയിലും പഞ്ചാബിലും എ.എ.പിയുമായും സഖ്യമുണ്ടാക്കുന്നതിലെല്ലാം നിലനിൽക്കുന്ന അനിശ്ചിതത്വവും മെല്ലെപ്പോക്കും എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ ഫലം നിരാശാജനകമാകും. പല സഖ്യചർച്ചകളും തുടങ്ങിയേടത്തുതന്നെ നിൽക്കുകയാണ്.
പ്രാദേശിക പാർട്ടികൾ കൂടുതൽ ശക്തമായ സാഹചര്യത്തിൽ അവരെ കൂടുതലായി ആശ്രയിക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസ്. അതിനാൽതന്നെ കുറച്ചുകൂടി വിശാല മനസ്കതയോടെ കാര്യങ്ങൾ കാണാൻ തയാറാകണം. ഇത് എല്ലാ പാർട്ടികൾക്കും ബാധകമാണ്.
ബിഹാറിൽ നിതീഷ് കുമാർ ബി.ജെ.പിയുടെ കൂടെ ചേർന്നത് തീർച്ചയായും മതനിരപേക്ഷ ചേരിക്ക് തിരിച്ചടിയാണ്. പൂർണമായി പ്രതീക്ഷ നഷ്ടപ്പെട്ടില്ലെങ്കിലും മുന്നണിക്ക് മുന്നിലുള്ള പ്രതിബന്ധങ്ങൾ നാം കാണാതിരുന്നുകൂടാ.
- ഇത്തവണ മുസ്‍ലിം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുമെന്നാണ് വാർത്തകൾ?
മൂന്ന് സീറ്റിൽ ഒതുക്കുന്നത് എന്തിനാണ്? പാർട്ടിയുടെ വളർച്ച കണക്കിലെടുത്താൽ നാലോ അഞ്ചോസീറ്റ് ചോദിക്കാൻ അർഹതയുണ്ട്. എന്നാൽ, മുന്നണി സംവിധാനമാകുമ്പോൾ എല്ലാവരും വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് ഞങ്ങൾക്കറിയാം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുന്നണിക്ക് മുന്നിൽ എന്തൊക്കെ ആവശ്യങ്ങളുന്നയിക്കണമെന്ന കാര്യത്തിൽ പ്രാഥമിക ചർച്ച പാർട്ടിയിൽ നടന്നിട്ടുണ്ട്.
അവ പുറത്ത് പറയാനുള്ള സമയമായിട്ടില്ല. എന്തായാലും ഒരു സമ്മർദതന്ത്രവുമില്ലാതെ ആവശ്യങ്ങൾ നേടിയെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. കാരണം അർഹിക്കുന്നതേ ലീഗ് ചോദിക്കാറുള്ളൂ.
വയനാട് സീറ്റ് വേണമെന്ന് പ്രവർത്തകർ ആവശ്യമുന്നയിക്കുന്നുണ്ട് എന്നത് ശരിയാണ്. പക്ഷേ, രാഹുൽ ഗാന്ധി എവിടെ മത്സരിക്കുന്നു എന്നതിൽ അന്തിമ തീരുമാനമാകാതെ ലീഗ് നേതൃത്വം ഇക്കാര്യത്തിൽ അഭിപ്രായം പറയില്ല. ഏത് സീറ്റ് ലഭിച്ചാലും പ്രത്യേകിച്ച് മലബാറിൽ, മത്സരിക്കാനും ജയിക്കാനും സാധിക്കുന്ന പാർട്ടിയാണ് ലീഗ്.
- സ്ഥാനാർഥി പട്ടിക വരുമ്പോൾ ഇത്തവണയും ലീഗിലെ യുവ നേതാക്കൾക്ക് നിരാശ ബാക്കിയാകുമോ?
പാർലമെന്റിലേക്ക് സ്ഥാനാർഥികളെ നിർത്തുമ്പോൾ രണ്ടുതരത്തിൽ ആവശ്യങ്ങളുയരാറുണ്ട്. പുതിയ ആൾക്കാർക്ക് അവസരം നൽകണമെന്ന വാദവും പരിചയസമ്പന്നർക്കുതന്നെ അവസരം നൽകണമെന്ന വാദവുമാണത്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ പാർലമെന്റിൽ അനുഭവസമ്പത്തുള്ള നേതാക്കൾ ഉണ്ടാകണമെന്ന കാഴ്ചപ്പാട് ശക്തമാണ്. യുവജനസംഘടനക്ക് അവരുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ അവകാശമുണ്ട്.
എന്നാൽ, കാലങ്ങളായി ഒരേ നേതാക്കൾ മത്സരിക്കുന്നെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ മരണം വരെ പാർലമെന്റംഗമായിരുന്നു. ജി.എം. ബനാത്ത് വാല മരണത്തിന് ഏതാനും വർഷം മുമ്പല്ലേ പാർലമെന്റ് അംഗമല്ലാതായത്.
ഇബ്രാഹിം സുലൈമാൻ സേട്ട് പാർട്ടി വിടുന്നതുവരെ എം.പിയായിരുന്നു. ഇത്ര വർഷമായി, അതിനാൽ അവർ മാറിനിൽക്കണമെന്ന് ലീഗ് ഒരിക്കലും തീരുമാനിച്ചിട്ടില്ല. പ്രമുഖ നേതാക്കളുടെ കാര്യത്തിൽ അത്തരം വിട്ടുവീഴ്ചകൾ ഉണ്ടായിട്ടുണ്ട്. അവിടെ പ്രായമല്ല ഞങ്ങൾ നോക്കാറുള്ളത്.
- സമസ്തയുമായുള്ള തർക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?
സമസ്തയും മുസ്‍ലിം ലീഗുമായി ഒരു പ്രശ്നവുമില്ല. സമസ്തയിൽ ലീഗുകാരല്ലാത്തവരും ലീഗിൽ സമസ്തക്കാരല്ലാത്തവരുമുണ്ട്. എല്ലാ സംഘടനയിലും ലീഗ് അനുകൂലികളും ലീഗ് വിരോധികളുമുണ്ട്. മുസ്‍ലിം ലീഗിനെ ആരെങ്കിലും എതിർത്താൽ അതിന് മറുപടി പറയേണ്ട ബാധ്യത ഞങ്ങളുടെ പ്രവർത്തകർക്കുണ്ട്. ലീഗിനെതിരെ പറയുന്നത് ഏത് സംഘടനയിൽ പെട്ടവരാണെങ്കിലും അതിന് പ്രവർത്തകർക്ക് മറുപടി പറയാം.
പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിൽ ചില നേതാക്കളെ വിളിച്ചില്ലെന്ന പരാതിയുടെ നിജസ്ഥിതി ജാമിഅ നൂരിയ ഭാരവാഹികൾക്കറിയാം. എല്ലാ പരിപാടികൾക്കും എല്ലാവരെയും വിളിക്കാൻ പറ്റില്ലല്ലോ. വിളിച്ച യോഗത്തിന് പോകുക എന്നല്ലാതെ, എല്ലാ യോഗങ്ങൾക്കും വിളിച്ചില്ലെന്ന് പരാതി പറയുന്നത് അൽപത്തമല്ലേ.
- മുഈനലി തങ്ങൾ ലീഗ് നേതൃത്വത്തിനെതിരെ നടത്തിയ പരോക്ഷ പ്രസ്താവനയോടുള്ള പ്രതികരണം?
മുഈനലി തങ്ങൾ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഏതെങ്കിലും വ്യക്തികൾ പറയുന്നത് സംഘടനകളുടെ അഭിപ്രായമായി കാണേണ്ടതില്ല. ഉദാഹരണത്തിന് ഇടത് മുന്നണിയുടെ എല്ലാ യോഗങ്ങളിലും പോയി പ്രസംഗിക്കുന്ന നേതാവ് സമസ്തയിലുണ്ടല്ലോ. അദ്ദേഹം പറയുന്നതൊക്കെ സമസ്തയുടെ അഭിപ്രായമായി കാണാൻ പറ്റില്ലല്ലോ. അത്രയേ ഉള്ളൂ.
- രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് ഉറച്ച നിലപാട് സ്വീകരിച്ചതായി കരുതുന്നുണ്ടോ?
രാമക്ഷേത്രമുണ്ടാക്കുന്നതിലോ അവിടേക്ക് വിശ്വാസികൾ പോകുന്നതിലോ ഒന്നും മുസ്‍ലിം ലീഗിന് എതിർപ്പില്ല. എന്നാൽ, ബാബരി മസ്ജിദ് പൊളിച്ചിടത്ത് ക്ഷേത്രം നിർമിക്കുന്നതിലും അതിന്റെ പ്രാണപ്രതിഷ്ഠക്ക് പ്രധാനമന്ത്രി ഉദ്ഘാടകനായതുമാണ് എതിർപ്പിന് കാരണം. പരമോന്നത കോടതിവിധിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിർമിച്ചത്.
എന്നാൽ, സാമൂഹിക സാഹചര്യം മൂലമാണ് ഇത്തരമൊരു വിധി പ്രഖ്യാപിച്ചതെന്നാണ് ന്യായാധിപന്മാർതന്നെ ചൂണ്ടിക്കാണിച്ചത്. രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ സ്വീകരിച്ച നിലപാടുകൾ സംബന്ധിച്ച് ലീഗ് അഭിപ്രായം പറയേണ്ട കാര്യമില്ല. സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് എല്ലാ പാർട്ടികൾക്കുമുണ്ട്. രാമക്ഷേത്ര വിഷയത്തിൽ ലീഗിന്റെ നിലപാട് വളരെ മുമ്പുതന്നെ മാധ്യമങ്ങൾ വഴി വ്യക്തമാക്കിയതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.