‘ആഗ്രഹങ്ങൾ സ്വയം നന്നാവാനും നല്ലതാണ്’; സചിൻ പൈലറ്റിന് പരോക്ഷ മറുപടിയുമായി ഗെഹ്ലോട്ട്
text_fieldsമാധ്യമത്തിന്റെ ചോദ്യങ്ങളോട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്
ഇപ്പോഴത്തെ മുഖ്യമന്ത്രിയാണോ അടുത്ത മുഖ്യമന്ത്രി?
കോൺഗ്രസിന്റെ ജനക്ഷേമ നയങ്ങളും വാഗ്ദാനങ്ങളും കഴിഞ്ഞ അഞ്ചു വർഷമായി നടപ്പാക്കിയ ആളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. അടുത്ത അഞ്ചു വർഷത്തേക്ക് ഏഴു പുതിയ ഗാരന്റികൂടി ജനങ്ങൾക്ക് വാഗ്ദാനംചെയ്ത മുഖ്യമന്ത്രിയുമാണ് അദ്ദേഹം.
രണ്ടാമൂഴം നൽകാൻ രാജസ്ഥാനിലെ വോട്ടർമാർക്കു മുന്നിൽ കോൺഗ്രസിനുള്ള അവകാശവാദങ്ങൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് ബി.ജെ.പി തോൽക്കുന്നത്?
കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ ജയിക്കും. ജനം വ്യക്തമായ ഭൂരിപക്ഷം നൽകും. ജനക്ഷേമ അജണ്ടയും ഏഴു ഗാരന്റികളുമാണ് കാരണം. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം വർധിപ്പിക്കുന്ന ഒരു പാർട്ടിയെയും രാജസ്ഥാനിലെ ജനങ്ങൾ വിശ്വസിക്കാൻ പോകുന്നില്ല.
കോൺഗ്രസിലെ അച്ചടക്കമുള്ള നേതാവായി സചിൻ പൈലറ്റിനെ കാണുന്നുണ്ടോ? എല്ലാം ഒ.കെ എന്ന മനോഭാവം ഈ സമയത്ത് നിങ്ങൾ രണ്ടുപേരും കാണിക്കുന്നുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ അവകാശവാദങ്ങളും അഭിലാഷവും ഭാവിയിൽ എങ്ങനെയാണ് ഉൾക്കൊള്ളാൻ ഉദ്ദേശിക്കുന്നത്?
സചിൻ പൈലറ്റ് കോൺഗ്രസിലെ മുതിർന്ന അംഗമാണ്. പ്രവർത്തക സമിതി അംഗമാണ്. രാജസ്ഥാനിലെ മുൻ കോൺഗ്രസ് പ്രസിഡന്റാണ്. കോൺഗ്രസ് വലിയൊരു പാർട്ടിയാണ്. എല്ലാവർക്കുമുണ്ട് ഇടം. ആഗ്രഹവും അഭിലാഷവും മോശം കാര്യമല്ല. ജീവിതത്തിൽ ആഗ്രഹങ്ങളാണ് ഓരോരുത്തർക്കും പ്രചോദനം. സ്വയം നന്നാകാൻ അത് എല്ലായ്പോഴും സഹായിക്കുകയും ചെയ്യും.
കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ടു വെച്ചിരിക്കുന്ന സൗജന്യങ്ങളും വാഗ്ദാനങ്ങളും ആകർഷകമാണ്. പക്ഷേ, അത് ഖജനാവിന് വലിയ ബാധ്യതയുമാവും. ഈ വിമർശനത്തെ എങ്ങനെയാണ് കാണുന്നത്?
വടക്കേഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തേക്കാൾ മെച്ചമാണ് രാജസ്ഥാന്റെ സാമ്പത്തിക സൂചികകളെന്ന് നിതി ആയോഗ് കണക്കുകൾതന്നെ പറയുന്നുണ്ട്. രാജസ്ഥാന്റെ സാമ്പത്തിക വളർച്ച 11.04 ശതമാനമാണെന്ന് പറഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും. ആന്ധ്രപ്രദേശ് കഴിഞ്ഞാൽ രാജസ്ഥാനാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ഉത്തമ താൽപര്യം മുൻനിർത്തി എങ്ങനെ പ്രവർത്തിക്കണമെന്ന് ഞങ്ങൾക്കറിയാം. ജനക്ഷേമം മുൻനിർത്തി തുടർന്നും പ്രവർത്തിക്കും.
ഇൻഡ്യ മുന്നണിയിലെ കക്ഷികളെ ഉൾക്കൊള്ളാനുള്ള മനോഭാവം കോൺഗ്രസ് കാണിക്കാത്തത് എന്തുകൊണ്ടാണ്? ചില കോൺഗ്രസ് സ്ഥാനാർഥികളുടെയെങ്കിലും ജയസാധ്യത ചെറുപാർട്ടികൾ നശിപ്പിച്ചെന്നു വരില്ലേ?
നോക്കൂ. രാജസ്ഥാൻ തെരഞ്ഞെടുപ്പ് ഒരു പ്രാദേശിക കാര്യമാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം അനിവാര്യമായ ഒരു ആവശ്യമല്ല. ദേശീയ രാഷ്ട്രീയ രംഗത്താണ് ഇൻഡ്യ സഖ്യം. പ്രാദേശികതലത്തിൽ പ്രാദേശിക താൽപര്യങ്ങളെ ഉൾക്കൊള്ളേണ്ട വിവിധ ഘടകങ്ങളും സാഹചര്യങ്ങളും ഉണ്ടാവും.
ഈ മുൻഗണനകൾക്കുള്ളിൽ നിന്നുകൊണ്ട് ഇൻഡ്യ സഖ്യത്തിലെ പങ്കാളികളെയും, അതിൽ ഭാഗമല്ലാത്തവരെപ്പോലും, ഉൾപ്പെടുത്താൻ എല്ലായ്പോഴും ഞങ്ങൾ തയാറാണ്. ഉദാഹരണത്തിന്, രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ ചില പ്രാദേശിക ഘടകങ്ങൾക്ക് സ്വാധീന ശക്തിയുണ്ട്. അതിനുമപ്പുറം, നിയമസഭ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നവർ ഞങ്ങളുടെ ശക്തി വർധിപ്പിക്കുന്നതിന് ഗുണപരമായ സംഭാവനകൾ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.