കർഷകർ ഉടനടി രാഷ്ട്രീയശക്തിയാകണം
text_fieldsരാജ്യത്തിന്റെ കാർഷിക ചരിത്രത്തിൽ സുപ്രധാന അധ്യായം എഴുതിച്ചേർക്കപ്പെട്ട കാലമാണിത്. കർഷകർ നടത്തിയ ഐതിഹാസിക സമരത്തെത്തുടർന്ന് മൂന്നു വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. എന്നാൽ, താങ്ങുവില ഉറപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാൻ ഒരു നടപടിയും കൈക്കൊള്ളാഞ്ഞ സർക്കാർ കർഷകരെ വീണ്ടും സമരപാതയിലേക്ക് തള്ളിവിട്ടിരിക്കുന്നു. കർഷകരുടെ ലോങ് മാർച്ചിന്റെ പശ്ചാത്തലത്തിൽ ലോകപ്രശസ്ത കൃഷിശാസ്ത്രജ്ഞൻ ദേവീന്ദർ ശർമ ഇന്ത്യൻ കാർഷിക മേഖലയുടെ സമകാലിക പ്രശ്നങ്ങൾ പങ്കുവെക്കുന്നു
- കർഷകർ വീണ്ടുമൊരു ലോങ് മാർച്ചിന് ഇറങ്ങിപ്പുറപ്പെട്ടത് എന്തുകൊണ്ടാണ്?
കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കർഷകർ നാസിക്കിൽനിന്ന് മുംബൈയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. അഞ്ചു വർഷംമുമ്പ് 2018ൽ കർഷകർ നടത്തിയ ഐതിഹാസിക മാർച്ചിന്റെ ഓർമയുണർത്തുന്നതാണ് ഈ സമരം. കാർഷിക മേഖലയുടെ തകർച്ചയിലേക്ക് ശ്രദ്ധക്ഷണിക്കുകയാണ് അവരുടെ ലക്ഷ്യം.
മഹാരാഷ്ട്രയിൽ ഉള്ളിവില തകർന്നടിഞ്ഞിരിക്കുന്നു, ഛത്തിസ്ഗഢിലും മധ്യപ്രദേശിലും ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും തക്കാളി ആർക്കും വേണ്ടാതെ കിടക്കുന്നു. ബംഗാളിലും യു.പിയിലും ഹരിയാനയിലും പഞ്ചാബിലും ഉരുളക്കിഴങ്ങ് വില അമ്പേ താഴോട്ടുപോയിരിക്കുന്നു. പഞ്ചാബിലും മഹാരാഷ്ട്രയിലും കാബേജും കോളിഫ്ലവറും കർഷകർതന്നെ നശിപ്പിച്ചുകളയുന്നു. ഇത് ആദ്യമായല്ല ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കപ്പെടുന്നത്.
എല്ലാ വർഷവും പൊടുന്നനെ സംഭവിക്കുന്ന കാർഷിക വിലത്തകർച്ച നയവൈകല്യമാണ് വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന പച്ചക്കറിയുടെ മിച്ചവിളവ് നല്ല രീതിയിൽ കൈകാര്യംചെയ്യുന്നതിൽ മാറിമാറിവരുന്ന സർക്കാറുകൾ വർഷങ്ങളായി പരാജയപ്പെടുകയാണ്. വാചകക്കസർത്ത് നടത്തുന്നുവെന്നല്ലാതെ കാർഷികമേഖലയിൽ ശരിയാംവിധത്തിൽ മൂലധനനിക്ഷേപം നടത്തുന്നതിലും വില ഉറപ്പാക്കുന്നതിലും ഭരണകൂടം പരാജയപ്പെട്ടതാണ് ഈ വലിയ പ്രതിസന്ധിക്കു കാരണം.
കർഷകരുടെ ലോങ് മാർച്ച് മിനിമം താങ്ങുവില എന്ന ആവശ്യത്തെ വീണ്ടും ചർച്ചയാക്കിമാറ്റും. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് മാർച്ച് 20ന് ഡൽഹിയിൽ നടത്തിയ മാർച്ചിനിടയിൽ കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.
- താങ്ങുവില നിയമപ്രകാരമായ അവകാശമാക്കുന്നതിന്റെ പ്രാധാന്യമെന്താണ്? വിവാദ നിയമങ്ങൾ പിൻവലിച്ച ഘട്ടത്തിൽ സർക്കാർ ഇക്കാര്യം ഉറപ്പുനൽകിയിരുന്നതല്ലേ?
അതെ, സർക്കാർ ആ വാഗ്ദാനം കാര്യമായെടുത്തിരുന്നെങ്കിൽ ഇതിനകം മിനിമം താങ്ങുവില യാഥാർഥ്യമായേനെ. വിവാദ നിയമങ്ങൾക്കെതിരെ കർഷകർ സമരമാരംഭിച്ച ഘട്ടം മുതൽ ഞാൻ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്. കൃഷിയെ രക്ഷിക്കുന്നതിന് ആവശ്യം നാലാമതൊരു നിയമമാണ് എന്ന്. മിനിമം താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്.
അതായത്, കാർഷിക ഉൽപന്നങ്ങൾ ആ മിനിമം വിലയിൽ താഴ്ത്തി സ്വകാര്യ കച്ചവടക്കാരോ സർക്കാർ ഏജൻസികളോ സർക്കാർ തന്നെയോ വാങ്ങിക്കരുത് എന്ന്. താങ്ങുവിലയുടെ പ്രാധാന്യത്തെക്കുറിച്ച് ആദ്യം എല്ലാവർക്കും ബോധ്യം വന്നിരുന്നില്ല. ക്രമേണ ഇക്കാര്യം തിരിച്ചറിഞ്ഞ കർഷക യൂനിയനുകൾ മിനിമം താങ്ങുവില ഒരു പ്രാഥമിക ആവശ്യമായി ഉന്നയിച്ച് മുന്നോട്ടുവരാൻ തുടങ്ങി.
മിനിമം താങ്ങുവില കർഷകരുടെ നിയമപരമായ അവകാശമാക്കണമെന്നാണ് ഇപ്പോൾ അവരുടെ ആവശ്യം. അതിനെ എതിർക്കുന്നതിനു പിന്നിൽ കുറഞ്ഞ നിരക്കിൽ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കണമെന്ന കോർപറേറ്റ് താൽപര്യമാണ്. അങ്ങനെ കുറഞ്ഞ നിരക്കിൽ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുമ്പോൾ അത് പ്രതികൂലമായി ബാധിക്കുന്നത് കർഷകരുടെ ജീവനും കാർഷികസുരക്ഷക്കുമാണ്.
- രാജ്യത്തെ കാർഷിക മേഖലയിലെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ കർഷക സമരത്തെ താങ്കൾ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്?
ഒരുപാട് സഹനങ്ങൾക്കും സംഭവങ്ങൾക്കുമൊടുവിൽ 2021 നവംബറിൽ കർഷകസമരം അവസാനിക്കുമ്പോൾ ലോക ചരിത്രത്തിലെ ഏറ്റവും നീണ്ട സമരങ്ങളിലൊന്നായി അത് മാറിയിരുന്നു. കടുത്ത മഞ്ഞിലും ചുട്ടുപൊള്ളുന്ന ചൂടിലുമായി ഡൽഹിയുടെ ഓരത്ത് അത്രയധികം കർഷകർ ഒരുമിച്ചുചേർന്ന് സമരംചെയ്യുന്ന മറ്റൊരു കാലം മുമ്പുണ്ടായിട്ടില്ല.
കടുത്ത നിലപാട് പുലർത്തിയ സർക്കാർ അതിൽനിന്ന് പിന്നാക്കംപോവുകയും നിയമങ്ങൾ പിൻവലിക്കുകയും ചെയ്തത് രാജ്യത്തെ കർഷകരുടെ സംഘടിത ശക്തിയെയാണ് ബോധ്യപ്പെടുത്തിത്തന്നത്. കർഷകർ തങ്ങളുടെ രാഷ്ട്രീയ ശക്തി തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് ആ സമരത്തിന്റെ സുപ്രധാന ഫലങ്ങളിലൊന്നായി ഞാൻ കാണുന്നത്.
ജനസംഖ്യയുടെ 50 ശതമാനവും കാർഷികവൃത്തിയെ ആശ്രയിച്ച് ജീവിക്കുന്ന രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ കർഷകർക്ക് തങ്ങളുടെ സ്വരം ഉയർത്താനുള്ള സമയവും ഇടവും വ്യക്തമായിരിക്കുന്നു. കർഷകർ ഒരു സംഘടിത രാഷ്ട്രീയശക്തിയാകാൻ കൂട്ടാക്കാതെ ഇനിയും മാറിനിൽക്കേണ്ടതില്ല. ഒരു സർക്കാറിനെ വിജയിപ്പിച്ചെടുക്കാനുള്ള ശക്തി കർഷകർക്കുണ്ട്.
അങ്ങനെ നിലവിൽവരുന്നൊരു സർക്കാറിനു മാത്രമേ തങ്ങൾക്കനുസൃതമായ നീതിയുക്തമായ ഒരു കാർഷിക നിയമം രൂപപ്പെടുത്തിയെടുക്കാനാവൂ എന്നിരിക്കെ എന്തുകൊണ്ട് അതിനായി മുന്നിട്ടിറങ്ങിക്കൂടാ?ഇനിയും അതിന് ഇറങ്ങിപ്പുറപ്പെടാത്തപക്ഷം കർഷകരുടെ സകല താൽപര്യങ്ങളും വ്യവസായശക്തികളുടെ ഇംഗിതപ്രകാരം ബലികഴിക്കേണ്ടിവരും.
- മിനിമം താങ്ങുവില നിയമമാക്കപ്പെടുന്നതിനു പുറമെ എന്തൊക്കെയാണ് കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ വേണ്ട ചുവടുകൾ?
മിനിമം താങ്ങുവില ഒന്നുകൊണ്ടു മാത്രം ഇന്ത്യയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവില്ല. എന്റെ കാഴ്ചപ്പാടിൽ മൂന്നു കാര്യങ്ങൾ പരമപ്രധാനമാണ്.
ഒന്ന്, ജീവിതസുരക്ഷ ഉറപ്പാക്കാനാകുംവിധത്തിൽ ഉറപ്പായ ഒരു വരുമാനം കർഷകർക്ക് ലഭ്യമാക്കുക. അരിക്കും ഗോതമ്പിനും മാത്രമല്ല, മിനിമം താങ്ങുവില പ്രഖ്യാപിക്കപ്പെട്ട 23 കാർഷിക വിളകൾക്കും ന്യായവില ഉറപ്പാക്കുക. രണ്ട്, സഹകരണ സംഘങ്ങളുടെ ശൃംഖല വിപുലമാക്കുക. ക്ഷീരമേഖലയിലെ അമുൽ വിജയഗാഥ മുൻനിർത്തി പച്ചക്കറി, പഴം, ധാന്യങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയെല്ലാം സഹകരണ മേഖലയിലൂടെ സംഭരണവും സംസ്കരണവും വിപണനവും നടത്തുക.
മൂന്ന്, പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുംവിധത്തിൽ കാർഷിക മേഖലയെ ക്രമീകരിക്കുക. ആഗോളതലത്തിൽ പുറത്തുവരുന്ന ഹരിതഗൃഹവാതകങ്ങളിൽ മൂന്നിലൊന്ന് ഭാഗത്തിനും കാർഷിക മേഖലയാണ് കാരണക്കാർ. അതായത്, കാലാവസ്ഥ വ്യതിയാനത്തിൽ കാർഷിക മേഖല വലിയ ഒരു പങ്കുവഹിക്കുന്നുണ്ട്.
ലോകമൊട്ടുക്കുതന്നെ സുസ്ഥിര കാർഷികമാർഗങ്ങളിലേക്കുള്ള മാറ്റം ദൃശ്യമാണ്. രാസവളങ്ങളിലാറാടിയ കാർഷിക മേഖലയെ പുനഃക്രമീകരിക്കാൻ ഇന്ത്യ ഇനിയും താമസിച്ചുകൂടാ.
- ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും കാർഷിക മേഖലയും കർഷകരും ദുരിതത്തിലല്ലേ, വിപണിയെ മാത്രമാണോ ഇതിന് കുറ്റപ്പെടുത്താനാവുക?
കർഷകരുടെ വരുമാനം ഉയർത്തിനൽകുന്നതിൽ ലോകമൊട്ടുക്കും വിപണികൾ പരാജയപ്പെട്ടിരിക്കുന്നു. വിപണി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന അമേരിക്കയിലും കാനഡയിലും യൂറോപ്യൻ യൂനിയനിലും ആസ്ട്രേലിയയിലും ജപ്പാനിലുമെല്ലാം കാർഷിക മേഖല കഷ്ടത്തിലാണ്.
ഇവ്വിധമൊരു സാഹചര്യത്തിൽ ഇന്ത്യയിൽ മാത്രം കമ്പോളാധിഷ്ഠിത വ്യവസ്ഥ കർഷകരുടെ രക്ഷക്കെത്തും എന്ന് വിശ്വസിക്കാൻ ഒരു മാർഗവുമില്ല. വിപണിക്ക് കർഷകരെ സംരക്ഷിക്കുക എന്നൊരു താൽപര്യമേയില്ല. ലോകത്തെവിടെയും നാം എന്തൊരു വസ്തു വാങ്ങാൻ ചെല്ലുമ്പോഴും അതിന് ഒരു പ്രൈസ്ടാഗ് ഉണ്ടാവും, കാർഷിക ഉൽപന്നങ്ങൾക്കൊഴികെ. കൃഷിയെ കമ്പോളത്തിലെ കയറ്റിറക്കങ്ങൾക്കനുസൃതമായി നിർദയം ചൂഷണംചെയ്യാൻ വിട്ടുകൊടുക്കുന്നതു കൊണ്ടാണിത്.
അത് അവസാനിപ്പിച്ചേ തീരൂ, ഇക്കാര്യത്തിൽ ഇന്ത്യക്ക് വഴികാണിക്കാനാവും. ഇന്ത്യ കർഷകർക്ക് ഉറപ്പായ വരുമാനം നൽകുമെന്നു വന്നാൽ, ലോകമെമ്പാടുമുള്ള കർഷകരും ന്യായവില ആവശ്യപ്പെടാൻ മുന്നോട്ടുവരും.
- പകുതിയോളം മനുഷ്യർ കാർഷികരംഗത്തുള്ളപ്പോഴും പട്ടിണിക്കാര്യത്തിൽ ഏറെ പരിതാപാവസ്ഥയിലാണ് ഇന്ത്യ. അന്നമുൽപാദിപ്പിക്കുന്നവർപോലും പട്ടിണിയിലാണിവിടെ, അതിനെ മറികടക്കാനുള്ള മാർഗമെന്തുണ്ട്?
ഭക്ഷ്യസുരക്ഷയെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരം 67 ശതമാനം വരുന്ന ജനതക്ക് റേഷൻ ഉറപ്പാക്കുന്നത് അനാവശ്യമാണെന്നു വാദിക്കുന്ന മുഖ്യധാര സാമ്പത്തിക ശാസ്ത്രജ്ഞരെയാണ് നാം കാണുക.
120 രാജ്യങ്ങളുൾക്കൊള്ളുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ 107ാം സ്ഥാനത്താണ് ഇന്ത്യ എന്നുവരുകിൽ വിശപ്പ്, പോഷകാഹാര വിഷയങ്ങൾ അതിഗൗരവമായി ചർച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യേണ്ടതാണ് എന്ന് വ്യക്തം. പല പഠനങ്ങളും സൂചിപ്പിക്കുന്നത് 57 ശതമാനം കാർഷിക ജനതയും അത്താഴപ്പട്ടിണിക്കാരായാണ് ജീവിക്കുന്നത് എന്നാണ്.
- നമ്മുടെ ഇറക്കുമതി-കയറ്റുമതി നയങ്ങളിൽ താങ്കൾ സംതൃപ്തനാണോ?
ഇന്ത്യയിലേക്ക് ഏതൊരു ഭക്ഷ്യവസ്തു ഇറക്കുമതി ചെയ്യുമ്പോഴും ഇവിടത്തെ കർഷകർക്കു ലഭിക്കുന്ന മിനിമം താങ്ങുവിലയിൽ കുറഞ്ഞ നിരക്കിലാവരുത് എന്ന് നാം ഉറപ്പാക്കണം. ധാന്യങ്ങളോ മറ്റേതെങ്കിലും ഭക്ഷ്യവസ്തുക്കളോ കയറ്റുമതി ചെയ്യുമ്പോഴും മിനിമം താങ്ങുവിലയിൽ കുറഞ്ഞ നിരക്കിൽ നൽകരുത്.
നമുക്കാവശ്യമില്ലാത്ത ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്യണമെന്ന വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ തീട്ടൂരമൊന്നും നാം ചെവിക്കൊള്ളേണ്ടതില്ല. ജനിതകമാറ്റം വരുത്തിയ അരിയും ആപ്പിളും ഇന്ത്യയിൽ അനുവദിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. സമ്പന്ന വികസിത രാജ്യങ്ങളിൽനിന്നുള്ള ഇത്തരം ഉൽപന്നങ്ങൾക്ക് ഇടം നൽകില്ലെന്ന് ഇന്ത്യ ഉറപ്പാക്കണം. വിലകുറഞ്ഞ വസ്തുക്കൾ ഇറക്കുമതി ചെയ്യുക വഴി നാം രാജ്യത്തെ തൊഴിലില്ലായ്മയെയാണ് ഊട്ടിവളർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.