Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightInterviewchevron_rightഗാന്ധിയുടെ നാട് എന്തേ...

ഗാന്ധിയുടെ നാട് എന്തേ യുക്രെയ്നുവേണ്ടി സംസാരിക്കുന്നില്ല?

text_fields
bookmark_border
ഗാന്ധിയുടെ നാട് എന്തേ യുക്രെയ്നുവേണ്ടി സംസാരിക്കുന്നില്ല?
cancel

യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്‍റെ അവശേഷിപ്പാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 'ക്ലൊണ്ടൈക്ക്'. യുദ്ധ ഭീകരതയും യുദ്ധഭൂമിയിലെ അരക്ഷിതാവസ്ഥയും മനുഷ്യാവകാശ ലംഘനങ്ങളും പച്ചയായി വരച്ചിടുന്ന ചിത്രം പ്രമേയത്തിന്‍റെ ആഴംകൊണ്ടും അഭിനയമികവുകൊണ്ടും പ്രേക്ഷകരെ ഉലച്ചുകളഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റെ തുടക്കകാലത്ത് അതിർത്തിപ്രദേശത്ത് താമസിക്കുന്ന ഗർഭിണിയുടെയും കുടുംബത്തിന്‍റെയും യഥാർഥ ജീവിതത്തെ ആധാരമാക്കി മറീന എർ ഗോർബച് ഒരുക്കിയ ചിത്രത്തിൽ നായികയായ ഒക്സാന ചെർക്കഷിനയുടെ പ്രകടനം ജൂറിയെയും അമ്പരപ്പിച്ചിരിക്കുകയാണ്. യുക്രെയ്നിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റത്തെക്കുറിച്ചും ചിത്രത്തിന്‍റെ വിശേഷങ്ങളെപ്പറ്റിയും താരം സംസാരിക്കുന്നു.

എങ്ങനെയാണ് റഷ്യൻ അധിനിവേശത്തിന്‍റെ യാഥാർഥ്യം പറയുന്ന ചിത്രത്തിലേക്ക് എത്തുന്നത്? കഥാപാത്രത്തിനായി എന്തൊക്കെ മുന്നൊരുക്കം നടത്തി?

എട്ടുവർഷമായി റഷ്യയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം അനുഭവിക്കുന്നവരാണ് ഞങ്ങൾ യുക്രെയ്നികൾ. ഞാനൊരിക്കലും അതിര്‍ത്തിയിലേക്ക് പോയിട്ടില്ല. ഏറ്റവും സുരക്ഷിതമായ ഇടത്തിലാണ് ജീവിച്ചിരുന്നത്. അപ്പോഴാണ് അതിര്‍ത്തിയിലെ റഷ്യയുടെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ലോകത്തെ അറിയിക്കേണ്ടതാണെന്ന് സംവിധായികയും സുഹൃത്തുമായ മരിന എര്‍ഗോര്‍ബച്ച് പറഞ്ഞത്.

അതിർത്തി പ്രദേശത്ത് താമസിക്കുന്ന ഗർഭിണിയുടെ ജീവിതം എന്നോട് പറയുമ്പോൾ 'ക്ലൊണ്ടൈക്ക്' സിനിമക്കപ്പുറം ലോകത്തോടുള്ള പ്രതിഷേധമായാണ് അനുഭവപ്പെട്ടത്. വിവാഹിതയല്ലാത്തതിനാൽ ഗര്‍ഭിണിയുടെ അവസ്ഥയെന്താണെന്ന് എനിക്കറിയില്ല. ഷൂട്ടിങ് ആരംഭിക്കുന്നതിന് മൂന്നുമാസം മുമ്പ് സിലിക്കണ്‍ സര്‍ജറി നടത്തി വയർ ഗര്‍ഭിണികളുടേത് പോലെയാക്കി. ഏകദേശം ഒരു കിലോ തൂക്കമുള്ള വയറുമായാണ് പിന്നീട് ഞാൻ ജീവിച്ചത്. ലൊക്കേഷനകത്തും പുറത്തും യഥാര്‍ഥ ഗര്‍ഭിണിയെപോലെയാണ് എല്ലാവരും പരിഗണിച്ചത്.

ചിത്രീകരണവേളയിൽ എന്തൊക്കെ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്?

എട്ടു വർഷം മുമ്പാണ് ചിത്രത്തിന്‍റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങുന്നതെങ്കിലും കോവിഡിന്‍റെ ആരംഭകാലത്താണ് ചിത്രീകരണം ആരംഭിച്ചത്. പുറത്തുനിന്ന് ആരുമായും ബന്ധമുണ്ടാകാതിരിക്കാൻ സിനിമയുടെ സാങ്കേതിക പ്രവർത്തകരടക്കം ഒറ്റപ്പെട്ടൊരിടത്ത് ഹോട്ടലിൽ മുറിയെടുത്തു.

ചിത്രത്തിന്‍റെ അവസാന രംഗത്ത് റഷ്യൻ സൈനികര്‍ ഭര്‍ത്താവിനെയും സഹോദരനെയും വെടിവെച്ച് കൊല്ലുമ്പോള്‍ ഞാൻ പ്രസവിക്കുന്ന രംഗമായിരുന്നു വലിയ വെല്ലുവിളി (ചിരിക്കുന്നു). ആ രംഗം ഏഴു തവണയാണ് എടുത്തത്.

അഞ്ചാമത്തെ ടേക്ക് ആയപ്പോഴേക്കും ഞാൻ കരഞ്ഞുപോയി. ഇനി ഒരു ടേക്കിനുകൂടി ആകില്ലെന്ന് ഞാൻ മരിനയോട് പറഞ്ഞു. എന്നാല്‍, അവര്‍ സമ്മതിച്ചില്ല. പിന്നീട് ആ സീൻ തിയറ്ററിൽ കണ്ടപ്പോൾ സന്തോഷം അടക്കാനായില്ല. ആ സീനിൽ തിയറ്ററിലെ പുരുഷന്മാര്‍ പലരും കണ്ണുകള്‍ അടച്ചിരിക്കുന്നത് ഞാൻ കണ്ടിരുന്നു.

റഷ്യയുടെ ഈ യുദ്ധം മണ്ണിനുവേണ്ടി മാത്രമാണോ?

ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും മഹാഭാരത യുദ്ധമായാലും മണ്ണിന് വേണ്ടിയായിരുന്നില്ലേ. എന്നാല്‍, ആ മണ്ണില്‍ ജീവിക്കുന്ന മനുഷ്യരെപ്പറ്റി ആരെങ്കിലും ഓർക്കാറുണ്ടോ? സോവിയറ്റ് യൂനിയനെപ്പോലെ മറ്റൊരു റഷ്യൻ സാമ്രാജ്യം സൃഷ്ടിക്കുക എന്ന പുടിന്‍റെ വർഷങ്ങളുടെ ആഗ്രഹമാണ് സഫലമായിരിക്കുന്നത്. 2006ൽ യുക്രെയ്നിലേക്കുള്ള വാതക വിതരണം റഷ്യ വിച്ഛേദിച്ചത് ഇതിന്‍റെ ആദ്യപടിയായിരുന്നു.

2015ൽ ഒരു പ്രസംഗത്തിൽ പുടിൻ യുക്രെയ്നെ വിശേഷിപ്പിച്ചത് 'റഷ്യയുടെ രത്നകിരീടം' എന്നാണ്. അതായത്, മറ്റൊരു രാജ്യത്തെ തന്‍റെ രാജ്യത്തിന്‍റെ ഭാഗമാണെന്ന് വിശേഷിപ്പിക്കുകയാണ് പുടിൻ ചെയ്തത്. അതുപോലെതന്നെ 2021 ജൂലൈയിൽ എഴുതിയ ലേഖനത്തിൽ പുടിൻ റഷ്യയെയും യുക്രെയ്നെയും ഒരു ജനതയായി സംബോധന ചെയ്യുകയുമുണ്ടായി.

മാതാവായ റഷ്യയിൽനിന്ന് യുക്രെയ്ൻ വേറിട്ടുനിൽക്കാൻ പാടില്ലെന്നും ആ ലേഖനത്തിൽ പുടിൻ വ്യക്തമാക്കുന്നുണ്ട്. റഷ്യൻ വിപ്ലവത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന ലെനിന്‍റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂനിയൻ സ്റ്റാലിനിലൂടെ പടർന്നു പന്തലിച്ച് ലോകം ഭരിച്ച കഥകൾ പുടിനെ ഇന്നും മോഹിപ്പിക്കുന്നുണ്ടെന്നുതന്നെ കരുതണം

എന്താണ് യുക്രെയ്നിലെ സ്ഥിതി?

യുക്രെയ്ൻ ഇന്നൊരു ശവപ്പറമ്പായി മാറിക്കഴിഞ്ഞു. ജനസംഖ്യയുടെ 40 ശതമാനം പേർക്കും സർക്കാർ പിന്തുണയില്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഒന്നരക്കോടിയാളുകൾ വീടുവിട്ടു. 62 ലക്ഷം പേർ രാജ്യം വിട്ടുപോയി. 77 ലക്ഷം പേർ അഭയാർഥികളായി അലഞ്ഞുതിരിയുകയാണ്.

ഞങ്ങളുടെ സ്കൂളുകളും കോളജുകളും കിൻഡർ ഗാർട്ടനുകളും അവർ തകർത്തു. ഇറാനിൽ നിർമിച്ച ഡ്രോണുകളുപയോഗിച്ച് ആശുപത്രികളും കുടിവെള്ളവിതരണ പദ്ധതികളും കിറുകൃത്യമായി തകർക്കുന്ന തിരക്കിലാണവർ. പ്രസവവാർഡുകളെപോലും റഷ്യൻ ഡ്രോണുകൾ വെറുതെ വിടുന്നില്ല. കൊടും ശൈത്യത്തിലേക്കെത്തിയ യുക്രെയ്ൻ 12 മണിക്കൂർ പവർകട്ടാണ് ഇന്ന് നേരിടുന്നത്. പക്ഷേ, ഞങ്ങൾ തളരില്ല. അവസാന ശ്വാസം വരെയും പോരാടും.

എന്തുകൊണ്ടാണ് ലോകത്തിലെ സ്ത്രീകൾ ക്കായി ഈ സിനിമ സമർപ്പിച്ചിരിക്കുന്നത്?

യുദ്ധത്തില്‍ എല്ലായ്പോഴും നഷ്ടം സംഭവിക്കുന്നത് സ്ത്രീകള്‍ക്കാണ്. 'ക്ലൊണ്ടൈക്കി'ലും അതുതന്നെയാണ് പറയുന്നത്. യുദ്ധം നശിപ്പിച്ച രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഒരു ലോകസംഘടനക്കും കഴിയാറില്ല. ഇറാനിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ. ഇറാനിയൻ സ്ത്രീകൾ പോരാടുന്നത് അവരുടെ സ്വാതന്ത്ര്യത്തിനും ജീവിതത്തിനും വേണ്ടിയല്ലേ.

യുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടൽ ലോകരാഷ്ട്രങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന വിമർശനമുണ്ടോ?

എക്കാലത്തെയും യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്‍റെ നേതാവായ ടോൾസ്റ്റോയിയുടെ നാടാണ് റഷ്യ. യുദ്ധത്തിന്‍റെ ഏറ്റവും വലിയ കെടുതി അനുഭവിച്ച ജപ്പാനും യുദ്ധം വേണ്ടെന്ന് പറയുന്നില്ല. ആഫ്രിക്കൻ രാജ്യങ്ങളും വായ പൊത്തിയിരിക്കുന്നു. യുദ്ധമെന്നല്ല ഒരുതരം ഹിംസയും പാടില്ലെന്ന പുതിയ സിദ്ധാന്തം മുന്നോട്ടുവെച്ച മഹാത്മ ഗാന്ധിയുടെ നാടാണ് ഇന്ത്യ. എന്നിട്ട് റഷ്യയുമായി നല്ല ചങ്ങാത്തമുള്ള ഇന്ത്യപോലും ഈ മനുഷ്യക്കുരുതിക്കെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ടോ.

നിങ്ങൾക്ക് നിങ്ങളുടേതായ താൽപര്യങ്ങളുണ്ടായിരിക്കാം. അമേരിക്കയും ബ്രിട്ടനും ചൂടുവസ്ത്രങ്ങളും ജനറേറ്ററുകളും ആവശ്യത്തിന് പടക്കോപ്പുകളും നൽകി യുദ്ധത്തിന്‍റെ തീ അണയാതെ സൂക്ഷിക്കുന്നുമുണ്ട്. യുദ്ധം അവരുടെ ഏറ്റവും വലിയ കച്ചവടമാർഗമാണ്. പരസ്യങ്ങളില്ലാതെ കച്ചവടം ചെയ്യാവുന്ന ഏക ചരക്ക് യുദ്ധോപകരണങ്ങളാണല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UkraineRussia Ukraine War
News Summary - Gandhi's country does not speak for Ukraine?
Next Story