ഇത്തവണ ഞങ്ങൾ പിടിക്കും
text_fieldsകൂറുമാറ്റംകൊണ്ട് കോൺഗ്രസ് പൊറുതിമുട്ടിയ നാടാണ് ഗോവ. 40 അംഗ ഗോവ നിയമസഭയിലെ 28 ബി.ജെ.പി എം.എൽ.എമാരിൽ ഭൂരിപക്ഷവും കോൺഗ്രസിൽ നിന്ന് കൂറുമാറിയവർ. ആടിയുലയുമ്പോഴും പ്രതീക്ഷ കൈവിടാതെ രണ്ടാംനിര നേതാക്കളുമായി കോൺഗ്രസ് പൊരുതുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ നയം, ജനങ്ങളുടെ പ്രതികരണം, വിവാദ വിഷയങ്ങൾ, കൂറുമാറ്റം എന്നിവയെക്കുറിച്ച് ഗോവ കോൺഗ്രസ് അധ്യക്ഷൻ അമിത് പട്ക്കർ ‘മാധ്യമ’വുമായി പങ്കുവെക്കുന്നു
കൂറുമാറ്റം പാർട്ടിയെ ഏറെ ബാധിച്ച ഗോവയിൽ ഇത്തവണ കോൺഗ്രസിന്റെ സാധ്യതകൾ എങ്ങനെ?
കഴിഞ്ഞ 10 വർഷമായി സാധാരണക്കാരെ അവരുടെ സൂക്ഷ്മ വിഷയങ്ങളിൽ പോലും ബി.ജെ.പി സർക്കാർ വട്ടം കറക്കുകയാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പ്രയാസം നേരിടുന്ന ജനം ക്ഷുഭിതരാണ്. പാർട്ടിയുടെ ‘അഞ്ചു ന്യായ് ഗ്യാരന്റി’ യുമായി ഗോവയിലെ ഓരോ ജനങ്ങളെയും നേരിട്ട് സമീപിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. താഴേത്തട്ടിൽ നിന്നും കിട്ടുന്ന പ്രതികരണങ്ങൾ, സ്വീകാര്യത എന്നിവയുടെ അടിസ്ഥാനത്തിൽ എനിക്ക് ഉറപ്പിച്ചുപറയാനാവും ഇത്തവണ രണ്ട് സീറ്റും (സൗത്ത് ഗോവ, നോർത്ത് ഗോവ) കോൺഗ്രസ് നേടും.
ഗോവക്കാർക്ക് ഇരട്ട പൗരത്വം വേണം, ഇന്ത്യൻ ഭരണഘടന ഗോവൻ ജനതയെ അടിച്ചേൽപിച്ചു തുടങ്ങിയ സൗത്ത് ഗോവ പാർട്ടി സ്ഥാനാർഥി ക്യാപ്റ്റൻ വിരിയാതൊ ഫെർണാണ്ടസിന്റെ പരാമർശങ്ങൾ കോൺഗ്രസിന് തിരിച്ചടിയായോ? ഇത് ആയുധമാക്കി, കോൺഗ്രസ് രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയും ചെയ്തു.
കാര്യങ്ങൾ വളച്ചൊടിക്കുന്നതിലും തെറ്റിദ്ധരിപ്പിക്കുന്നതിലുമുള്ള ബി.ജെ.പിയുടെ മിടുക്ക് എല്ലാവർക്കും അറിയാം. ഇരട്ട പൗരത്വത്തെക്കുറിച്ച് ക്യാപ്റ്റൻ വിരിയാതൊ ഫെർണാണ്ടസ് പറഞ്ഞതിന് ഒപ്പമാണ് പാർട്ടി. അദ്ദേഹം തെറ്റൊന്നും പറഞ്ഞിട്ടില്ല. ഞങ്ങൾ മാത്രമല്ല ഈ വിഷയങ്ങളിൽ ബി.ജെ.പിയുടെ നിലപാടും സമാനമായിരുന്നു. അന്തരിച്ച മുൻ ബി.ജെ.പി മുഖ്യമന്ത്രി മനോഹര് പരീക്കറുടെ നിലപാടും ഇതുതന്നെയായിരുന്നു. ബി.ജെ.പിയുടെ നിലവിലെ ഗോവ അധ്യക്ഷനും രാജ്യസഭാംഗവുമായ സദാനന്ദ് താവ്ടെ രാജ്യസഭയിൽ ബില്ലും അവതരിപ്പിച്ചിട്ടുണ്ട്.
അവരും രാജ്യദ്രോഹികളല്ലേ? ബി.ജെ.പി അവരുടെ സാഹചര്യങ്ങൾക്കൊത്ത് വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. അവർ പറയുമ്പോൾ രാജ്യസ്നേഹം. കോൺഗ്രസ് പറയുമ്പോൾ രാജ്യദ്രോഹം. ഭരണഘടന രൂപപ്പെടുമ്പോൾ ഗോവ ഇന്ത്യയുടെ ഭാഗമായിരുന്നില്ല. 1961ലാണ് ഗോവക്ക് സ്വാതന്ത്ര്യം കിട്ടുന്നത്. അന്ന് ഭരണഘടന ഗോവക്ക് ബാധകമായിരുന്നില്ല. 2014ലും 2019ലും ബി.ജെ.പി നടത്തിയ വാഗ്ദാനങ്ങൾ നിറവേറ്റിയിട്ടില്ല. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അവരുടെ കൈയിൽ മറുപടിയില്ല. അതുകൊണ്ടാണ് ഇത്തരം വളച്ചൊടിക്കലുകൾ.
എന്തായിരുന്നു ബി.ജെ.പി മുമ്പ് നൽകിയ വാഗ്ദാനങ്ങൾ?
ഗോവയിൽ ഖനനം പുനഃസ്ഥാപിക്കുമെന്ന് 2014 നൽകിയ വാഗ്ദാനം ഇന്നും പാലിച്ചിട്ടില്ല. ഗോവയുടെ പരിസ്ഥിതിയെ ബാധിക്കുന്ന പദ്ധതികൾ പിൻവലിക്കണമെന്നതിലും പ്രതികരണമില്ല. തൊഴിലില്ലായ്മയിൽ രാജ്യത്ത് ഒന്നാം സ്ഥാനം ഗോവക്കാണ്. നരേന്ദ്ര മോദി ഇതേക്കുറിച്ചൊന്നും മിണ്ടുന്നില്ല. ഇതിനൊന്നും ഉത്തരമില്ല എന്നതാണ് യാഥാർഥ്യം. പഞ്ചിമിലെ സ്മാർട്ട് സിറ്റി ശതകോടികളുടെ അഴിമതി കേന്ദ്രമായി മാറി. നേട്ടങ്ങളായി ഒന്നും പറയാനില്ല എന്നതുകൊണ്ട് വർഗീയ വിഷയങ്ങൾ ഉയർത്തി ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്ന് ജനം തിരിച്ചറിഞ്ഞു.
കൂറുമാറ്റം തടയാൻ എന്ത് പദ്ധതിയാണ് ഗോവ കോൺഗ്രസിനുള്ളത്?
സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടിയാണ് തെരഞ്ഞെടുക്കപ്പെട്ടവർ കൂറുമാറുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കൂറുമാറ്റം തടയാനുള്ള കൂറുമാറ്റ നിയമം ഭേദഗതി ചെയ്തു കൂടുതൽ ശക്തമാക്കും. ഇത് പാർട്ടി പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ ഒന്നാണ്. അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുന്നത് ഇതായിരിക്കും.
അഞ്ചുതവണ ഗോവയുടെ മുഖ്യമന്ത്രിയായ കോൺഗ്രസിന്റെ തലമുതിർന്ന നേതാവ് പ്രതാപ്സിങ് റാണെ പിന്തുണച്ചതുകൊണ്ടാണ് നോർത്ത് ഗോവയിൽ ബി.ജെ.പിയുടെ ശ്രീപദ് നായിക് ജയിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മകനും ബി.ജെ.പി ഗോവ മന്ത്രിയുമായ വിശ്വജിത് റാണെ അവകാശപ്പെട്ടിരിക്കുന്നു?
വിശ്വജിത് റാണെ സ്വാർഥ താൽപര്യത്തിന് കുടുംബത്തെ ദുരുപയോഗം ചെയ്യുകയാണ്. പിതാവിന്റെ പേര് വിൽക്കുകയാണ് അയാൾ ചെയ്യുന്നത്. മഹാനായ നേതാവാണ് പ്രതാപ് സിങ് റാണെ. കോൺഗ്രസിന്റെ ആദ്യ ഗോവ മുഖ്യമന്ത്രി. അദ്ദേഹമാണ് ഗോവയിലെ വികസനങ്ങൾ കൊണ്ടുവന്നത്. വികസനം തന്റെ പിതാവ് കൊണ്ടുവന്നു എന്നാണ് വിശ്വജിത്തിന്റെ അവകാശവാദം. പ്രതാപ്സിങ് റാണെയെ മുഖ്യമന്ത്രിയാക്കിയത് കോൺഗ്രസാണ്. സർക്കാർ ഖജനാവിൽ നിന്നാണ് വികസന ഫണ്ട് എന്നത് ഓർമ വേണം. മഹാനായ നേതാവിനെ അപമാനിക്കുന്നതിന് തുല്യമാണ് മകൻ വിശ്വജിത്തിന്റെ പ്രസ്താവനകൾ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 9.5 ശതമാനം വോട്ടുപിടിച്ച റവല്യൂഷനറി ഗോവൻ പാർട്ടി ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നു. കോൺഗ്രസിന്റെ വോട്ട് ബാങ്കിനെ ബാധിക്കുമോ?
റവല്യൂഷനറി ഗോവൻ പാർട്ടി ബി.ജെ.പിയുടെ ബി ടീമാണ്. ജനങ്ങൾക്ക് അതറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.